'ഓല'ത്തുമ്പത്തിരുന്നൂഞ്ഞാലാടി ടിവിഎസും ബജാജും! 2025-ലെ ഒന്നാമന്‍ ആരാണെന്ന് അറിയേണ്ടേ?
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പുതു യുഗത്തിന് തുടക്കം കുറിച്ച വര്‍ഷമാണ് 2025. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രിക്ട്രിക് ടൂവീലര്‍ വിപണി അടക്കിഭരിച്ചിരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളെ താഴെ ഇറക്കിക്കൊണ്ട് പരമ്പരാഗത ടൂവീലര്‍ ബ്രാന്‍ഡുകള്‍ നേതൃസ്ഥാനം കൈയ്യടക്കിയ കാഴ്ചയാണ് നമ്മള്‍ 2025ല്‍ കണ്ടത്. ഉപഭോക്താക്കള്‍ വിശ്വാസ്യതയ്ക്കും വില്‍പനനാന്തര സേവനങ്ങള്‍ക്കും പ്രാധാന്യം കല്‍പ്പിച്ച് തുടങ്ങിയതോടെയാണ് സെഗ്‌മെന്റിന്റെ തലപ്പത്ത് നാടകീയമായ മാറ്റങ്ങള്‍ അരങ്ങേറിയത്. 2025 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ കുറിച്ചുള്ള കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അത് നമുക്ക് വിശദമായി നോക്കാം.
ഗാഡിവാഡി പ്രസിദ്ധീകരിച്ച 2025-ലെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി. ഹോസൂര്‍ ആസ്ഥാനമായുള്ള ടിവിഎസ് 2025-ല്‍ മാറി ഏകദേശം 2.95 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. വിപണിയുടെ 24.2 ശതമാനം കൈക്കലാക്കി ഒന്നാം സ്ഥാനത്ത് എത്തിയ ടിവിഎസിന് തങ്ങളുടെ ജനപ്രിയ ഫാമിലി സ്‌കൂട്ടറായ ഐക്യൂബ് (iQube) സീരീസിന്റെ ജനപ്രീതിയാണ് തുണയായത്.

ഒപ്പം ഈ വര്‍ഷം പുറത്തിറക്കിയ ബജറ്റ് മോഡലായ ഓര്‍ബിറ്ററും വില്‍പ്പനയില്‍ ബൂസ്റ്റ് നല്‍കി. നിലവില്‍ ഓര്‍ബിറ്റര്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഓര്‍ബിറ്റര്‍ രാജ്യവ്യാപകമായി ലഭ്യമാകുന്നതോടെ ടിവിഎസിന്റെ വിപണി വിഹിതം ഇനിയും ഉയരാനാണ് സാധ്യത. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇലക്ട്രിക് ടൂവീലറുകള്‍ വിറ്റഴിച്ച രണ്ടാമത്തെ കമ്പനി ബജാജ് ഓട്ടോയാണ്.
ടിവിഎസിന് തൊട്ടുപിന്നില്‍ 21.9 ശതമാനം വിപണി വിഹിതവുമായി ബജാജ് കരുത്ത് തെളിയിച്ചു. തങ്ങളുടെ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുത്തന്‍ വേരിയന്റുകള്‍ താങ്ങാനാകുന്ന വിലയില്‍ വില്‍പ്പനക്കെത്തിച്ചതോടെ ബജാജ് ഷോറൂമില്‍ തിരക്ക് കൂടി. വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖലകളും സര്‍വീസ് സെന്ററുകളുമാണ് ടിവിഎസിനെയും ബജാജിനെയും പോലുള്ള പരമ്പരാഗത ബ്രാന്‍ഡുകളിലേക്ക് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചത്.

ഇവി സ്‌കൂട്ടര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് 2024 കലണ്ടര്‍ വര്‍ഷം സ്വന്തം പേരില്‍ കുറിച്ച ഓല ഇലക്ട്രിക്കിന് പക്ഷേ 2025 വന്‍ തിരിച്ചടിയായിരുന്നു കാത്തിരുന്നത്. 2024-ല്‍ വിപണിയുടെ മൂന്നിലൊന്നും കൈവശം വെച്ച് മൃഗീയാധിപത്യം പുലര്‍ത്തിയിരുന്ന ഓലയുടെ പതനം അതിഭീകരമായിരുന്നു. 2025 അവസാനിക്കുമ്പോള്‍ വിപണി വിഹിതം പകുതിയിലധികം നഷ്ടപ്പെട്ട് വെറും 16.1 ശതമാനത്തിലേക്ക് അവര്‍ കൂപ്പുകുത്തി. ഈ വര്‍ഷം ഏകദേശം 1.97 ലക്ഷം യൂണിറ്റുകളാണ് ഓലക്ക് വിറ്റഴിക്കാനായത്.
വില്‍പ്പനാനന്തര സേവനങ്ങളിലെ പ്രശ്‌നങ്ങളാണ് ഓലക്ക് തിരിച്ചടിയായത്. സര്‍വീസ് സെന്ററുകളിലെ തിരക്കും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുക്കുന്നതായും ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇതിന് പുറമേ ഡെലിവറി വൈകുകയും ചെയ്തതോടെ ഉപഭോക്താക്കള്‍ വിശ്വാസം നഷ്ടപ്പെട്ട് ബ്രാന്‍ഡില്‍ നിന്ന് അകലാന്‍ തുടങ്ങിയതാണ് വില്‍പ്പന ഇടിവിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഒന്ന് ചീയുമ്പോള്‍ മറ്റൊന്നിന് വളമാകുമെന്ന് പറയുന്നത് പോലെ ഓലയുടെ വീഴ്ച ഗുണം ചെയ്തത് എതിരാളികള്‍ക്കാണ്.

സര്‍വീസിന്റെ കാര്യത്തില്‍ മികവ് പുലര്‍ത്തുന്ന കമ്പനികളുടെ വാഹനങ്ങള്‍ തേടി ഉപഭോക്താക്കള്‍ പോകാന്‍ തുടങ്ങിയെന്ന് വില്‍പ്പന റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. സര്‍വീസ് പരാതികള്‍ പരിഹരിക്കാനായി ഓല ഹൈപ്പര്‍ സര്‍വീസ് അടക്കം നിരവധി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയെങ്കിലും നഷ്ടപ്പെട്ടുപോയ വിശ്വാസ്യത ഉപഭോക്താക്കള്‍ക്ക് തിരിച്ചുകിട്ടിയില്ലെന്നാണ് തോന്നുന്നത്. ഓല തളര്‍ന്നെങ്കിലും ഒപ്പം പിച്ചവെച്ച ഏഥര്‍ എനര്‍ജിക്ക് 2025 നേട്ടങ്ങളുടെ വര്‍ഷമാണ്.
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി 2025-ല്‍ 11.3 ശതമാനമായിരുന്ന വിപണി വിഹിതം 16.2 ശതമാനമായി ഉയര്‍ത്തി. സ്‌പോര്‍ട്ടി ലുക്കിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെ പേരെടുത്ത ഏഥര്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഒരു ഫാമിലി സ്‌കൂട്ടര്‍ പുറത്തിറക്കിയതോടെ മൊത്തം കഥ മാറി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ റിസ്ത ഈ മാസമാണ് 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. നിലവില്‍ ഏഥറിന്റെ വില്‍പ്പനയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നത് റിസ്തയാണ്.

ഏഥറിന് പിന്നില്‍ സ്ഥാനം പിടിച്ച ഹീറോ വിഡയും (Vida) വിപണി സാന്നിധ്യം ശക്തമാക്കി. വര്‍ഷാവസാനമായപ്പോഴേക്കും 8.8 ശതമാനം വിപണി വിഹിതം സ്വന്തമാക്കി ഹീറോ വിഡ തങ്ങളുടെ വിപണി വിഹിതം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. കുറഞ്ഞ വിലയില്‍ പുറത്തിറക്കിയ വിഡ VX2 മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് വിഡക്ക് കരുത്തേകിയത്. ഹീറോയുടെ ബ്രാന്‍ഡ് വാല്യുവിനും സര്‍വീസ് ശൃംഖലയ്ക്കുമൊപ്പം പ്രാരംഭ വില കുത്തനെ കുറയ്ക്കുന്ന ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമും (BaaS) ഈ മോഡലിനെ ജനപ്രിയമാക്കി.
ഈ വര്‍ഷം അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതി ചൈന നിര്‍ത്തിവെച്ചത് രാജ്യത്തെ ചില ഇവി നിര്‍മാതാക്കളെയും ബാധിച്ചുവെങ്കിലും അധിക നാള്‍ നീണ്ടുനിന്നില്ല. വാഹനങ്ങള്‍ കൊട്ടക്കണക്കിന് വിറ്റഴിക്കുകയും സര്‍വീസിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെല്ലാം താക്കീത് നല്‍കിയ വര്‍ഷമാണ് കടന്ന് പോകുന്നത്. ഉപഭോക്താക്കള്‍ക്ക് വിശ്വാസവും സുരക്ഷിതത്വ ബോധവും മനസ്സമാധാനവും നല്‍കുന്ന കമ്പനികള്‍ക്ക് മാത്രമേ വിപണിയില്‍ ദീര്‍ഘകാലം പിടിച്ച് നില്‍ക്കാന്‍ കഴിയൂ എന്ന പാഠമാണ് ഈ വര്‍ഷം ഇവി നിര്‍മാതാക്കള്‍ ഉള്‍ക്കൊള്ളാനുള്ളത്.


Click it and Unblock the Notifications








