ഹാർലി ഡേവിഡ്‌സൺ CVO സ്ട്രീറ്റ് ഗ്ലൈഡ് ഇന്ത്യയിലെത്തി! ഇവനാണോ ലക്ഷ്വറി ബൈക്കുകളുടെ തലവൻ
ലോകമെമ്പാടുമുള്ള ബൈക്ക് പ്രേമികളുടെ സ്വപ്നബ്രാൻഡായി നിലകൊള്ളുന്ന ഒന്നാണ് ഹാർലി ഡേവിഡ്‌സൺ. ഇപ്പോൾ ഈ അമേരിക്കൻ ബ്രാൻഡ് ഇന്ത്യയിൽ വീണ്ടും വലിയ ശ്രദ്ധ നേടുകയാണ്. തങ്ങളുടെ ഏറ്റവും പ്രീമിയം ബൈക്കുകളിൽ ഒന്നായ CVO സ്ട്രീറ്റ് ഗ്ലൈഡ് പുറത്തിറക്കികൊണ്ടാണ് കമ്പനി തിളങ്ങി നിൽക്കുന്നത്. 63.03 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ഈ കിടിലൻ ബൈക്ക് ഇറക്കിയിരിക്കുന്നത്. ഇന്ത്യയിൽ വിൽക്കുന്ന ഹാർലി മോഡലുകളിൽ CVO റോഡ് ഗ്ലൈഡിന് ശേഷം രണ്ടാമത്തെ ഏറ്റവും വിലയേറിയ ബൈക്ക് കൂടിയാണിത്. ആഡംബര സവിശേഷതകളാൽ സമ്പന്നമായ ഇവൻ ഇന്നത്തെ യുവതലമുറയുടെ ഹ്യദയം പിടിച്ചുപറ്റാൻ ഒരിങ്ങിയിക്കുകയാണ്.
ബ്രാൻഡിൻ്റെ CVO (Custom Vehicle Operations) ശ്രേണിയിൽ ഉൾപ്പെടുന്ന ഈ ബൈക്ക് ഫാക്ടറിയിൽ തന്നെ പ്രത്യേകം ഡിസൈൻ ചെയ്ത പെയിന്റ്, മികച്ച മെറ്റീരിയലുകൾ, പുതിയ സാങ്കേതിക സംവിധാനങ്ങൾ എന്നിവയോടെയാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രവുമല്ല ഇത് സ്റ്റാൻഡേർഡ് സ്ട്രീറ്റ് ഗ്ലൈഡിൻ്റെ കൂടുതൽ പ്രീമിയവും ശക്തമാവുമായ വേർഷനാണ്. കൂടാതെ ഹാർലിയുടെ പ്രശസ്തമായ ബാറ്റ്‌വിംഗ് ഫെയറിംഗും ബാഗർ സ്റ്റൈലും ബൈക്കിൽ ഉൾപ്പെടുന്നുണ്ട്.

അതിനൊപ്പം ശക്തമായ എഞ്ചിൻ, മെച്ചപ്പെടുത്തിയ സസ്‌പെൻഷൻ, മികച്ച ബ്രേക്കുകൾ, ഉയർന്ന ഗുണമേന്മയുള്ള പെയിന്റ്, മികച്ച സ്പീക്കറുകൾ, വലിയ ടച്ച്‌സ്‌ക്രീൻ തുടങ്ങിയ നിരവധി ഹൈ-എൻഡ് ഫീച്ചറുകളും ഇതിൽ ലഭിക്കും. ദൈർഘ്യമേറിയ യാത്രകളിൽ കൂടുതൽ കംഫർട്ടും സ്റ്റബിലിറ്റിയും നൽകുന്നതിനായി ഒരുക്കിയിട്ടുള്ളതിനാൽ യാത്രാ പ്രേമികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ബൈക്കായി മാറും. മോഡലിന് ശക്തി നൽകുന്നത് പുതിയ മിൽവാക്കി-എയ്റ്റ് (Milwaukee-Eight) 121 V-ട്വിൻ എഞ്ചിനാണ്.
1,982 സിസി ശേഷിയുള്ള ഈ വലിയ എഞ്ചിൻ സാധാരണ സ്ട്രീറ്റ് ഗ്ലൈഡിൽ ലഭിക്കുന്ന 117ci എഞ്ചിനേക്കാൾ ശക്തവും മെച്ചപ്പെട്ടതുമാണ്. മാത്രവുമല്ല ഈ എഞ്ചിൻ 4,500 ആർപിഎമ്മിൽ 115 bhp പവറും 3,000 ആർപിഎമ്മിൽ 189 Nm ടോർക്കും നൽകും. അതായത് കുറഞ്ഞ ആർപിഎമ്മിൽ പോലും കൂടുതൽ ശക്തി ലഭിക്കുന്നുണ്ട്. ഇത് സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് ഉപയോഗിച്ച് 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

സ്ട്രീറ്റ് ഗ്ലൈഡിന്റെ അടിസ്ഥാന ഫ്രെയിം ഇതിലും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ബ്രേക്കുകൾ, സസ്‌പെൻഷൻ മുതലായവ കൂടുതൽ പ്രീമിയം ആയി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. മുൻവശത്ത് ബ്രെംബോയുടെ 4-പിസ്റ്റൺ റേഡിയലി മൗണ്ടഡ് ബ്രേക്ക് കാലിപറുകൾ നൽകിയിരിക്കുന്നു. ഇത് ബൈക്ക് വേഗത്തിൽ ഓടിക്കുമ്പോഴും സുരക്ഷിതമായി നിർത്താൻ സഹായിക്കും. കൂടാതെ പിന്നിലെ സസ്‌പെൻഷനിൽ റിമോട്ട് ഉപയോഗിച്ച് പ്രീലോഡ് ക്രമീകരിക്കാനുള്ള സൗകര്യവും ലഭിക്കുന്നുണ്ട്. അതിനാൽ യാത്രക്കാരൻ കൂടെയുണ്ടായാലും ലഗേജ് കൂടിയാലും റൈഡറിന് അനുസരിച്ച് സസ്‌പെൻഷൻ ക്രമീകരിക്കാൻ എളുപ്പമാണ്.
പൂർണ്ണമായി ഇന്ധനം നിറച്ചാൽ CVO സ്ട്രീറ്റ് ഗ്ലൈഡിന്റെ ഭാരം 380 കിലോഗ്രാമാണ്. അതിനാൽ ഇത് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ഭാരമുള്ള മോട്ടോർസൈക്കിളുകളിൽ ഒന്നാണ്. 22.7 ലിറ്റർ ശേഷിയുള്ള വലിയ ഇന്ധന ടാങ്ക് ദീർഘ ദൂരം യാത്ര ചെയ്യാൻ ഉചിതമാക്കുന്നു. ഭാരം വളരെ കൂടുതലാണെങ്കിലും ഇന്ത്യൻ ഉപഭോക്താക്കൾക്ക് എളുപ്പം ഉപയോഗിക്കാൻ വേണ്ടി ഹാർലി 680 mm എന്ന കുറഞ്ഞ സീറ്റ് ഉയരവും 140 mm ഗ്രൗണ്ട് ക്ലിയറൻസും നൽകിയിട്ടുണ്ട്.

CVO മോഡൽ എന്ന നിലയിൽ ഈ ബൈക്കിന്റെ പ്രധാന ഹൈലൈറ്റ് അതിന്റെ ലുക്കും ഫിനിഷുമാണ്. പെയിന്റ് വർക്ക് ആഴമുള്ളതും പാളികളുള്ളതുമായ പ്രീമിയം ഫിനിഷിലാണ് നൽകിയിരിക്കുന്നത്. അതിനാൽ ദൂരത്തുനിന്നുതന്നെ ശ്രദ്ധിക്കപ്പെടാൻ ഈ താരത്തിന് സാധിക്കും. മാത്രവുമല്ല ഇന്ത്യയിൽ മൂന്ന് കളർ ഓപ്ഷനുകളിലും രണ്ട് തരത്തിലുള്ള ഫിനിഷുകളിലും ആണ് ബൈക്ക് ലഭ്യമാകുന്നത്. ക്രോം ഫിനിഷ് അല്ലെങ്കിൽ ബ്ലാക്ക്ഡ്-ഔട്ട് ഫിനിഷ് ഇവയിൽ ഏതെങ്കിലും ഒന്ന് വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാം.
ക്രോം വേർഷൻ ഒരു പ്രത്യേക നിറത്തോടുകൂടി മാത്രമാണ് ലഭ്യമാകുന്നത്. ഇത് പരമ്പരാഗത ഹാർലി ലുക്ക് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായിരിക്കും. അതേസമയം ബ്ലാക്ക്ഡ്-ഔട്ട് ഫിനിഷ് രണ്ട് വ്യത്യസ്ത പെയിന്റ് സ്കീമുകളിൽ ലഭിക്കുന്നതാണ്. ഇത് കൂടുതൽ മോഡേൺ, സ്റ്റൈലിഷ്, ഡാർക്ക്-തീം ലുക്ക് ഇഷ്ടപ്പെടുന്ന റൈഡർമാർക്ക് മികച്ച ഓപ്ഷനായിരിക്കും. അതുപോലെതന്നെ ടൂറിംഗ് ബൈക്കായതിനാൽ ഈ മോഡലിൽ നൽകിയിരിക്കുന്ന ഉപകരണങ്ങളും സൗകര്യങ്ങളും ദീർഘദൂര യാത്രകളെ വളരെ സുഖകരമാക്കാൻ സഹായിക്കുന്നതാണ്.


Click it and Unblock the Notifications








