നികുതി ഭാരം ചുമലിലേറ്റി ഹീറോ! ₹20,000 കൂടേണ്ടിയിരുന്ന ബൈക്ക് പഴയ വിലയില്‍ തന്നെ വാങ്ങാം
ഇന്ത്യയില്‍ 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ ജിഎസ്ടി നിരക്ക് അടുത്തിടെ 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ധിപ്പിക്കാന്‍ ഈ മാസം ആദ്യ വാരം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന് 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ജിഎസ്ടി പുനര്‍നിര്‍ണയിക്കപ്പെട്ടതോടെ 350 സിസിക്ക് മുകളിലുള്ള പല മോട്ടോര്‍സൈക്കിളുകള്‍ക്കും വില കൂടി. ഹാര്‍ലി-ഡേവിഡ്സണ്‍ X440 മോഡലിന്റെ വില ഏകദേശം 20,000 വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് X440മോഡലിന്റെ വില മാറ്റമില്ലാതെ തുടരുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ 2.40 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഈ ബൈക്ക് ഇന്ത്യയില്‍ വില്‍ക്കുന്നത്.
ആദ്യം എന്തുകൊണ്ടാണ് അമേരിക്കന്‍ കമ്പനി ഇത്രയും വലിയ തീരുമാനം എടുത്തതെന്ന് നമുക്ക് നോക്കാം. ഇന്ത്യയിലെ നമ്പര്‍ 1 ടൂവീലര്‍ ബ്രാന്‍ഡ് ആയ ഹീറോ മോട്ടോകോര്‍പ്പും ഹാര്‍ലി-ഡേവിഡ്സണും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഈ ബൈക്ക് നിര്‍മ്മിച്ചത്. കഴിഞ്ഞ രണ്ട് പാദങ്ങളില്‍ മികച്ച വില്‍പ്പനയാണ് ഈ മോഡല്‍ നേടിയത്. മോശം വില്‍പ്പന കാരണം ഹാര്‍ലി ഡേവിഡ്‌സര്‍ X440-ന്റെ ഹീറോ കസിന്‍ മോഡല്‍ ആയ ഹീറോ മാവെറിക് 440 നിര്‍ത്തലാക്കിയിരുന്നു.

ഹാര്‍ലി ഡേവിഡ്സണ്‍ X440 മോഡലിന്റെ വില ഉയര്‍ത്തുന്നത് ഉത്സവ സീസണിലെ വില്‍പ്പനയെ നേരിട്ട് ബാധിക്കുമെന്ന് കമ്പനി മനസിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ മേലുള്ള അധിക ഭാരം ഒഴിവാക്കാന്‍ നികുതി ഭാരം സ്വന്തം ചുമലിലേറ്റാന്‍ ഹീറോ തീരുമാനിച്ചു. ഈ വില ദീര്‍ഘകാലത്തേക്ക് മാത്രമാണോ അതോ കുറച്ച് മാസത്തേക്ക് മാത്രമാണോ എന്നതിനെക്കുറിച്ച് മോട്ടോകോര്‍പ്പ് ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. ഏതായാലും ഈ നിര്‍ണായക തീരുമാനം ഉത്സവകാല വിപണിയില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്.
ഹാര്‍ലി ഡേവിഡ്‌സണ്‍ 440 മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ ക്ലാസിക് ഹാര്‍ലി-ഡേവിഡ്സണ്‍ സ്‌റ്റൈലിംഗ്, പ്രീമിയം റോഡ് പ്രസന്‍സ് എന്നിവയാണ് ഇതിന്റെ ഹൈലൈറ്റുകള്‍. ഇതിന് ശക്തമായ 440 സിസി എയര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. 26 bhp പവറും 38 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.

സെഗ്മെന്റിലെ മറ്റ് ബൈക്കുകളേക്കാള്‍ താങ്ങാനാവുന്ന വിലയിലാണ് ഇത് വില്‍ക്കുന്നത്. നിങ്ങള്‍ ഒരു ഹാര്‍ലി-ഡേവിഡ്സണ്‍ X440 വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ ഇനി വാങ്ങാന്‍ ഒട്ടും വൈകിക്കരുത്. ജിഎസ്ടി കൂടിയ സാഹചര്യത്തിലും ഉത്സവകാല ഡിമാന്‍ഡ് മുന്‍നിര്‍ത്തിയാണ് കമ്പനി വില വര്‍ധിപ്പിക്കാത്തത്. വില അതേപടി തുടരുന്നതിനാല്‍ ബൈക്ക് വാങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കും.
ഉത്സവ സീസണില്‍ നിങ്ങള്‍ ഷോറൂം സന്ദര്‍ശിച്ചാല്‍ ചിലപ്പോള്‍ കൂടുതല്‍ സവിശേഷമായ ഡീലുകളും നിങ്ങളുടെ മുന്നില്‍ എത്തിയേക്കാം. എത്ര കാലം വില മാറ്റമില്ലാതെ തുടരുമെന്ന കാര്യം വ്യക്തമല്ല. ഈ സാഹചര്യത്തില്‍ ബൈക്ക് വാങ്ങുന്നത് നീട്ടിവെക്കുന്നത് ഒട്ടും പന്തിയല്ല. ഡെനിം, വിവിഡ്, എസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹാര്‍ലി-ഡേവിഡ്സണ്‍ X440 ലഭ്യമാകുന്നത്.

നിലവില്‍ 2.40 ലക്ഷം മുതല്‍ 2.80 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്‌സ്-ഷോറൂം വില പോകുന്നത്. ഈ വിഭാഗത്തില്‍ വിലയില്‍ മാറ്റം വരുത്താത്ത ആദ്യത്തെ ബ്രാന്‍ഡല്ല ഹാര്‍ലി-ഡേവിഡ്സണ്‍. കെടിഎം 390 മോഡലുകളും ട്രയംഫ് 400 ശ്രേണിയും ഉള്‍പ്പെടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രയംഫ്, കെടിഎം മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിക്കുന്നില്ലെന്ന് ബജാജ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. .
ഇതിനു വിപരീതമായി റോയല്‍ എന്‍ഫീല്‍ഡ് 350 സിസിക്ക് മുകളിലുള്ള എല്ലാ ബൈക്കുകളുടെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഹാര്‍ലി ഡേവിഡ്സണ്‍ X440 മോഡലിന്റെ വില എതിരാളികളുടേതുമായി അടുപ്പിക്കുന്നു. സ്‌ക്രാം 440 മോഡലിനെ ഉദാഹരണമായി എടുത്താല്‍ ബൈക്കിന് 15,641 രൂപയുടെ വില വര്‍ധനവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ എക്‌സ്-ഷോറൂം വില ഇപ്പോള്‍ 2.23 ലക്ഷം മുതല്‍ 2.30 ലക്ഷം രൂപ വരെയാണ്. ഏതായാലും ഹാര്‍ലിയുടെ ഈ ഉല്‍പ്പന്നം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ വേഗം ഷോറൂമിലേക്ക് വിട്ടോളൂ.


Click it and Unblock the Notifications








