ഇന്ത്യക്കാര്‍ക്ക് ഇന്നും പ്രിയം ഈ 'പഴയ പുലി' തന്നെ! 30 ദിവസത്തില്‍ സ്‌പ്ലെന്‍ഡര്‍ വാങ്ങിയത് 3.30 ലക്ഷം പേര്‍
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ അപ്രമാദിത്വം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. 2025 നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബൈക്ക് എന്ന പദവി ഹീറോ സ്‌പ്ലെന്‍ഡര്‍ (Hero Splendor) നിലനിര്‍ത്തി. മുന്‍ മാസങ്ങളെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് ഈ ഐക്കണിക് മോഡല്‍ നവംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2025 നവംബറില്‍ ഹീറോ ആഭ്യന്തര വിപണിയില്‍ 555220 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. രാജ്യത്തെ സാധാരണക്കാരുടെ കണ്ണിലുണ്ണിയായ സ്‌പ്ലെന്‍ഡര്‍ സീരീസ് ലക്ഷക്കണക്കിന് യൂണിറ്റുകള്‍ വിറ്റഴിച്ച് ഇതില്‍ കാര്യമായ സംഭവാന ചെയ്തു.
ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും ഒരുപോലെ സ്വീകാര്യതയുള്ളതാണ് ഹോണ്ട ഷൈന്‍, ബജാജ് പള്‍സര്‍ തുടങ്ങിയ കരുത്തരായ എതിരാളികളെ പിന്നിലാക്കാന്‍ സ്‌പ്ലെന്‍ഡറിനെ സഹായിക്കുന്നത്. റഷ്‌ലെയ്ന്‍ പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 നവംബറില്‍ ഹീറോ 333660 സ്‌പ്ലെന്‍ഡറുകള്‍ വിറ്റഴിച്ചു. 2024 നവംബറിലെ 278552 യൂണിറ്റിനെ അപേക്ഷിച്ച് ഈ വര്‍ഷം 55108 യൂണിറ്റ് അധികം വില്‍ക്കാന്‍ സാധിച്ചു. വാര്‍ഷിക വളര്‍ച്ച 19.78 ശതമാനമാണ്.

2025 നവംബര്‍ മാസത്തില്‍ ഹീറോയുടെ വില്‍പ്പനയുടെ 60.10 ശതമാനവും സ്‌പ്ലെന്‍ഡറിന്റെ സംഭാവനയായിരുന്നു. അതേസമയം 2025 ഒക്‌ടോബറുമായി തട്ടിച്ച് നോക്കുമ്പോള്‍ നവംബറില്‍ വില്‍പ്പന നേരിയ തോതില്‍ (1.90) ഇടിഞ്ഞതാണ്. ഒക്‌ടോബറില്‍ 340131 യൂണിറ്റായിരുന്നു സ്‌പ്ലെന്‍ഡറിന്റെ വില്‍പ്പന. ദീപാവലിയടക്കമുള്ള ഉത്സവങ്ങള്‍ അരങ്ങേറിയ മാസമായതിനാല്‍ ഇത് സ്വാഭാവികമാണ്.
സാങ്കേതികമായി നോക്കിയാല്‍, 97.2 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ് മോഡലിന് കരുത്ത് പകരുന്നത്. 7.91 bhp പവറും 8.05 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 4 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹീറോയുടെ പേറ്റന്റുള്ള i3S (ഐഡല്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം) സാങ്കേതികവിദ്യയാണ് സ്‌പ്ലെന്‍ഡറിന്റെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നത്.

ട്രാഫിക്കിലും മറ്റും വാഹനം നിര്‍ത്തിയിടുമ്പോള്‍ എഞ്ചിന്‍ തനിയെ ഓഫാകുകയും ക്ലച്ച് അമര്‍ത്തുമ്പോള്‍ സ്റ്റാര്‍ട്ടാകുകയും ചെയ്യുന്ന ഈ സംവിധാനം ഇന്ധനം ലാഭിക്കാന്‍ സഹായിക്കുന്നു. ബൈക്കിന് ലിറ്ററിന് 65 മുതല്‍ 70 കിലോമീറ്റര്‍ വരെ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലും ഹീറോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. സ്‌പ്ലെന്‍ഡര്‍ പ്ലസില്‍ ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം (IBS) ലഭ്യമാണ്. പിന്നിലെ ബ്രേക്ക് അമര്‍ത്തുമ്പോള്‍ ഫ്രണ്ട് ബ്രേക്കും ഭാഗികമായി പ്രവര്‍ത്തിക്കുന്ന സംവിധാനം സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു.
കൂടാതെ, ട്യൂബ്ലെസ് ടയറുകളും അലോയ് വീലുകളും വാഹനത്തിന്റെ സ്റ്റബിലിറ്റിയും ലുക്കും വര്‍ദ്ധിപ്പിക്കുന്നുണ്ട്.ആധുനിക ബൈക്കില്‍ വേണ്ട സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്‌പ്ലെന്‍ഡര്‍ പ്ലസ് XTEC വേരിയന്റും ഹീറോ പുറത്തിറക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ ഈ മോഡലിന്റെ സവിശേഷതയാണ്. എല്‍ഇഡി പൊസിഷന്‍ ലാമ്പും പുതിയ ഗ്രാഫിക്‌സും ബൈക്കിന്റെ ലുക്ക് പുതുമയുള്ളതാക്കുന്നു.

മറ്റ് സൈക്കിള്‍ പാര്‍ട്ടുകള്‍ നോക്കുമ്പോള്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും പിന്നില്‍ 5-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 165 mm ഗ്രൗണ്ട് ക്ലിയറന്‍സ് ബൈക്കിനെ ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാക്കുന്നു. 112 കിലോഗ്രാം മാത്രം ഭാരമുള്ളതിനാല്‍ ഹാന്‍ഡ്‌ലിംഗും പാര്‍ക്കിംഗും വളരെ എളുപ്പമാണ്.
വിലക്കുറവ്, വിശ്വാസ്യത, വിപുലമായ സര്‍വീസ് ശൃംഖല എന്നിവയാണ് ഹീറോ സ്‌പ്ലെന്‍ഡറിനെ ഇന്നും ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട വാഹനമായി നിലനിര്‍ത്തുന്നത്. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും നവംബറില്‍ നേടാനായ ഈ വമ്പന്‍ വില്‍പ്പന ഹീറോക്ക് വരും മാസങ്ങളിലും വലിയ ആത്മവിശ്വാസം നല്‍കും. നിലവില്‍ 73,942 രൂപ മുതല്‍ 76,437 രൂപ വരെയാണ് സ്‌പ്ലെന്‍ഡറിന്റെ വില പോകുന്നത്. ഹീറോ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകളാണ് ഇത്.


Click it and Unblock the Notifications








