'വിടലല്ല', ഹീറോ വിഡക്ക് 30000 രൂപയുടെ ഓഫര്‍! വിഷുവിന് 'പോക്കറ്റ്-ഫ്രണ്ട്‌ലി' ഇവി വീട്ടിലെത്തിക്കാം
ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്‍ഡ് ആണ്. ടിവിഎസ്, ബജാജ് എന്നീ പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ സെഗ്‌മെന്റില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തുമ്പോള്‍ ഹീറോ മോട്ടോകോര്‍പ്പിന് വലിയ ചലനം സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഹീറോ വിഡ എന്ന സബ് ബ്രാന്‍ഡിന് കീഴിലാണ് ഇവികള്‍ പുറത്തിറക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഹീറോ വിഡ തങ്ങളുടെ V2 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ 30,000 വരെ വിലവരുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാസം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആകര്‍ഷകമായ ഓഫറുള്ള വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് കമ്പനി അറിയിച്ചത്.
എന്നാല്‍ ഈ ഓഫറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നിബന്ധനകള്‍ക്ക് വിധേയം എന്ന് സൂചിപ്പിച്ചതിനാല്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അവരുടെ അടുത്തുള്ള ഹീറോ വിഡ ഡീലര്‍ഷിപ്പുമകയി ബന്ധപ്പെടുക. ഹീറോ വിഡയുടെ V2 സീരീസ് V2 ലൈറ്റ്, V2 പ്ലസ്, V2 പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ലുക്കിന്റെ കാര്യത്തില്‍ വിഡ V2 സീരീസ് അതിന്റെ മുന്‍ഗാമിയോട് വളരെ സാമ്യമുള്ളതാണ്.

മാറ്റ് നെക്‌സസ് ബ്ലൂ-ഗ്രേ, ഗ്ലോസി സ്‌പോര്‍ട്‌സ് റെഡ് തുടങ്ങിയ പുതിയ നിറങ്ങള്‍ ചേര്‍ത്ത് ഇത് സമകാലികവുമായ രൂപം നിലനിര്‍ത്തുന്നു. താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന വിഡ V2 ലൈറ്റ് ഫുള്‍ ചാര്‍ജില്‍ 94 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള 2.2 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള സ്‌കൂട്ടറുകളുടേതിന് സമാനമായി 7 ഇഞ്ച് TFT ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ പോലുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.
V2 ലൈറ്റ് മണിക്കൂറില്‍ 69 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതോടൊപ്പം സിറ്റി റൈഡുകള്‍ക്കായി റൈഡ്, ഇക്കോ മോഡുകളുമായാണ് വരുന്നത്. V2 പ്ലസ്, V2 പ്രോ മോഡലുകള്‍ യഥാക്രമം 3.44 kWh, 3.94 kWh ബാറ്ററി പായ്ക്കുകളുമായി വരുന്നതിനാല്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. V2 പ്ലസ് വേരിയന്റ് 143 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്.
അതേസമയം V2 പ്രോ വേരിയന്റ് ഒറ്റ ചാര്‍ജില്‍ റേഞ്ച് 165 കിലോമീറ്ററായി ഉയര്‍ത്തുന്നു. രണ്ട് മോഡലുകളിലും നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഏകദേശം ആറ് മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യമാണ്.
സ്വിംഗാര്‍മില്‍ ഘടിപ്പിച്ചിരിക്കുന്ന PMS മോട്ടോറാണ് V2 മോഡലുകള്‍ക്ക് കരുത്ത് പകരുന്നത്. ഇത് 6 kW (8 bhp) പവറും 26 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. വ്യത്യസ്ത റൈഡിംഗ് മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായി V2 പ്ലസ്, പ്രോ എന്നിവയില്‍ ഇക്കോ, റൈഡ്, സ്പോര്‍ട്, കസ്റ്റം എന്നീ നാല് റൈഡിംഗ് മോഡുകളും ഉണ്ട്. പ്ലസ് മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയും പ്രോ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയും വേഗതയില്‍ ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 5 വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയുണ്ട്. കൂടാതെ ബാറ്ററി പായ്ക്കുകള്‍ക്ക് 3 വര്‍ഷമോ 30,000 കിലോമീറ്ററോ പരിരക്ഷ ലഭിക്കും. റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ നൂതന സവിശേഷതകള്‍ ഇവയില്‍ സജ്ജീകരിച്ചിരിക്കുന്നു.
രാജ്യവ്യാപകമായി 250-ലധികം നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 3,100 ലധികം ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിശാലമായ ശൃംഖലയിലൂടെ വിഡ അതിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത്. ഏഥര്‍ റിസ്ത, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നീ മുന്‍നിര സ്‌കൂട്ടറുകളുമായി എതിരിടുന്ന ഈ സ്‌കൂട്ടറിന് ആംപിയര്‍ നെക്‌സസ് അടുത്തിടെ അവതരിപ്പിച്ച ഹോണ്ട ആക്ടിവ ഇ: എന്നിവയും വെല്ലുവിളി ഉയര്‍ത്തുന്നു.
ആക്ടിവ ഇലക്ട്രിക്കും വിഡ V2 മോഡലിന് സമാനമായി റീമൂവബിള്‍ ബാറ്ററി പായ്ക്കുമായാണ് വരുന്നത്. ഹീറോ വിഡയുടെ ഈ ഓഫര്‍ ഈ വിഷുക്കാലത്ത് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ്. വിപുലമായ സവിശേഷതകളും സമഗ്രമായ ചാര്‍ജിംഗ് നെറ്റ്വര്‍ക്കും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന മോഡലുകള്‍ക്കൊപ്പം മത്സരാധിഷ്ഠിത വിലയില്‍ ലഭിക്കുന്ന വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ന് ഉപഭോക്താക്കള്‍ക്ക് പരിഗണിക്കാവുന്ന മികച്ച ചോയ്‌സുകളില്‍ ഒന്നാണ്.


Click it and Unblock the Notifications








