'വിടലല്ല' സത്യം..! ഒറ്റമാസം 10000+ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റ് ഹീറോ വിഡ
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. 2022 ഒക്‌ടോബറില്‍ വിഡ എന്ന സബ് ബ്രാന്‍ഡിന് കീഴില്‍ ഹീറോ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മന്ദഗതിയില്‍ തുടങ്ങിയ ഹീറോ വിഡ ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുകയാണ്. 2025 ജൂലൈ മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. ആദ്യമായി ഹീറോ വിഡയുടെ പ്രതിമാസ വില്‍പ്പന 10,000 യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. അതിന്റെ വിശദാംശങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
ഓഗസ്റ്റ് മാസം പിറന്നതോടെ 2025 ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 2025 ഓഗ്‌സ്റ്റ് ഒന്നാം തീയതി പ്രകാരമുള്ള കണക്കുകള്‍ അനുസരിച്ച് ജൂലൈയില്‍ ഹീറോ 10,489 വിഡ സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പ്രവേശിച്ചതിന് ശേഷം ഇത് ആദ്യമായാണ് ഇത്രയധികം വില്‍പ്പന നടക്കുന്നത്. 2024 ജൂലൈ മാസം 5,067 യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍പ്പന.

ഈ വര്‍ഷം 107 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ വില്‍പ്പന 10,489 യൂണിറ്റുകളിലെത്തി. 2025 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 8,040 യൂണിറ്റ് എന്ന മുന്‍ റെക്കോര്‍ഡിനെയും ഇത് മറികടന്നു. മൊത്തം 1.02 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്ന വിപണിയുടെ 10 ശതമാനം വിഹിതം നേടാനും ഹീറോ മോട്ടോര്‍കോര്‍പ്പിന് സാധിച്ചു. 2025 കലണ്ടര്‍ വര്‍ഷം ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ഇവി ബിസിനസിന് വെച്ചടി വെച്ചടി കയറ്റമാണ്.
ഈ വര്‍ഷം ജനുവരിയില്‍ 1,626 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് നിന്ന് ജൂലൈയില്‍ 10,489 യൂണിറ്റുകളിലേക്ക് വില്‍പ്പന ഉയര്‍ന്നു. ഇത് ഏഴു മാസത്തിനിടെ 545 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. 2025 മാര്‍ച്ച് മുതല്‍ വിഡ വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ ഏഴു മാസത്തെ വില്‍പ്പന 43,885 യൂണിറ്റിലെത്തി. 2024 ജനുവരി മുതല്‍ ജൂലൈ വരെ 43,710 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റിരുന്നത്.

കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 4 ശതമാനത്തില്‍ നിന്ന് വിപണി വിഹിതം 6 ശതമാനമായി ഉയര്‍ത്താനും വിഡക്ക് സാധിച്ചു. നിലവിലെ വില്‍പ്പനയുടെ വേഗതയും കൂടാതെ ഈ വര്‍ഷം അവസാനിക്കാന്‍ ഇനിയും അഞ്ച് മാസങ്ങള്‍ ബാക്കി നില്‍ക്കുന്നുവെന്ന വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ ഈ കലണ്ടര്‍ വര്‍ഷം ഹീറോ 1 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിടാന്‍ സാധ്യതയുണ്ട്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വാങ്ങുന്ന ഉത്സവ സീസണ്‍ ഈ സമയത്താണ് വരുന്നതെന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കണം.
കഴിഞ്ഞ മാസം ഹീറോ വിഡയുടെ റീട്ടെയില്‍ വില്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയത് ജൂലൈ ഒന്നിന് പുറത്തിറങ്ങിയ പുതിയ വിഡ VX2 ആണ്. വിഡ VX2 ഗോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാങ്ങാന്‍ സാധിക്കുക. വിഡ VX2 ഗോ ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ 59490 രൂപയ്ക്കാണ് പുറത്തിറക്കിയത്. ബാസ് ഇല്ലാതെ ബാറ്ററി ഉടമസ്ഥാവകാശത്തോടെ വാങ്ങാന്‍ 99,440 രൂപ വിലയും നിശ്ചയിച്ചു.

മറുവശത്ത് VX2 പ്ലസ് ബാസിനൊപ്പം 64,990 രൂപയും അല്ലാതെ 109,990 രൂപയുമാണ് വിലയിട്ടത്. VX2 ഗോ, പ്ലസ് എന്നിവയ്ക്ക് യഥാക്രമം 40,000 രൂപയും 45,000 രൂപയും വ്യത്യാസമുണ്ട്. എന്നാല്‍ VX2 പുറത്തിറങ്ങി എട്ട് ദിവസത്തിന് ശേഷം കൃത്യമായി പറഞ്ഞാല്‍ ജൂലൈ ഒമ്പതിന് എതിരാളികളെ വരെ ഞെട്ടിച്ച് ഹീറോ ഈ സ്‌കൂട്ടറുകളുടെ വില വീണ്ടും കുറച്ചു.
കമ്പനി വെബ്സൈറ്റ് പ്രകാരം ബാസ് ഓപ്ഷനുള്ള VX2 ഗോയുടെ വില ഇപ്പോള്‍ 44,990 രൂപയും VX2 പ്ലസിന്റെ വില 57,990 രൂപയുമാണ്. തന്ത്രപ്രധാനമായ ഈ നീക്കം ഈ മോഡലിനെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇ-സ്‌കൂട്ടറുകളില്‍ ഒന്നാക്കി മാറ്റി. ഈ ആമുഖ വില പരിമിതകാലത്തേക്ക് മാത്രമേ ലഭ്യമാകൂവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബാറ്ററി ശേഷിയാണ് പ്ലസില്‍ നിന്ന് VX2 ഗോയെ വ്യത്യസ്തമാക്കുന്നത്.
ഗോയ്ക്ക് ഫുള്‍ചാര്‍ജില്‍ 92 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 2.2kWh സിംഗിള്‍ ബാറ്ററി ലഭിക്കുന്നു. അതേസമയം പ്ലസിന് 3.4kWh ശേഷിയുള്ള രണ്ട് ബാറ്ററികളുണ്ട്. ഇത് വിഡ V2 പ്രോയ്ക്ക് സമാനമായി 142 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. നീക്കം ചെയ്യാവുന്ന ബാറ്ററികള്‍ ഇ-സ്‌കൂട്ടറിനുള്ളില്‍ നേരിട്ട് ചാര്‍ജ് ചെയ്യാം അല്ലെങ്കില്‍ നീക്കം ചെയ്ത് ഇന്‍ഡോര്‍ ആയും ചാര്‍ജ് ചെയ്യാം. ഇന്ത്യയിലുടനീളമുള്ള 4,000-ത്തിലധികം ഏഥര്‍ ഗ്രിഡ് ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്വര്‍ക്കിലും VX2 ഉപയോഗിക്കാന്‍ കഴിയും.
വിഡ V2 ഇലക്ട്രിക് സ്‌കൂട്ടറിലെ അതേ ഇലക്ട്രിക് മോട്ടോര്‍ ആണ് ബജറ്റ് മോഡലിനും കരുത്തേകുന്നത്. 6kW പീക്ക് പവറും 25 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. VX2 പ്ലസ് 3.1 സെക്കന്‍ഡിനുള്ളില്‍ 0-40kph വേഗത കൈവരിക്കുമ്പോള്‍ ഗോ വേരിയന്റിന് ഇതേ വേഗത തൊടാന്‍ 4.2 സെക്കന്‍ഡ് സമയം വേണം. പ്ലസിന് മണിക്കൂറില്‍ 80 കിലോമീറ്ററും ഗോയ്ക്ക് മണിക്കൂറില്‍ 70 കിലോമീറ്ററുമാണ് പരമാവധി വേഗത.


Click it and Unblock the Notifications








