പേഴ്‌സ് റെഡിയാക്കിക്കോ; വില കുറഞ്ഞ ഹീറോ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം, ടീസര്‍ പുറത്ത്
ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ ഹീറോ മോട്ടോകോര്‍പ്പ് വിഡ സബ് ബ്രാന്‍ഡിന് കീഴില്‍ താങ്ങാവുന്ന വിലയിലുള്ള ഒന്നിലേറെ മോഡലുകള്‍ കൊണ്ടുവരാന്‍ പോകുകയാണ്. അതില്‍ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറിന് വിഡ VX2 എന്ന് പേര് ലഭിക്കുമെന്നാണ് സൂചന. ബ്രാന്‍ഡിന്റെ മോഡല്‍ നിരയില്‍ V2 ഇവിക്ക് തൊട്ടുതാഴെ ആയിട്ടായിരിക്കും VX2 സ്ഥാനം പിടിക്കുക. ഇതിന്റെ ചിത്രങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വരാന്‍ പോകുന്ന സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം തങ്ങളുടെ സോഷ്യല്‍ മീഡിയ ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ഹീറോ ഇപ്പോള്‍.
ജൂലൈ ഒന്നിനാണ് ഹീറോ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ പോകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡീലര്‍ഷിപ്പില്‍ വെച്ചാണ് വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടര്‍ മറയില്ലാതെ കണ്ടെത്തിയത്. ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വിഡ Z ഇലക്ട്രിക് സ്‌കൂട്ടറുമായി സാമ്യതയുള്ള ഡിസൈനാണ് ഈ താങ്ങാവുന്ന വിലയുള്ള ഇവിക്ക് ലഭിക്കുന്നത്. മഞ്ഞ നിറത്തിലായിരുന്നു ഇതിന്റെ ഫിനിഷ്.

പരീക്ഷണയോട്ടം നടത്തിയിരുന്ന ഇലക്ട്രിക് സ്‌കൂട്ടറും മഞ്ഞ നിറത്തിലായിരുന്നു കാണപ്പെട്ടിരുന്നത്. വിഡ V2 ശ്രേണിയില്‍ കണപ്പെടുന്ന അതേ ഹെഡ്‌ലാമ്പ്, ടെയില്‍-ലാമ്പ് യൂണിറ്റുകള്‍ കടംകൊണ്ടതായി തോന്നുന്നു. എന്നിരുന്നാലും, ടിഎഫ്ടി ഡിസ്പ്ലേ ചെറുതാക്കിയിട്ടുണ്ട്. ഇവിയുടെ കൂടുതല്‍ വില കുറഞ്ഞ വേരിയന്റ് ഉണ്ടെന്ന് സൂചന നല്‍കിക്കൊണ്ട് ഒരു ഫിസിക്കല്‍ കീ സ്ലോട്ട് നല്‍കിയിട്ടുണ്ട്. സ്വിച്ച് ഗിയര്‍ വിഡ V2, ഡെസ്റ്റിനി 125 എന്നിവയില്‍ നിന്ന് കടമെടുത്തതായി തോന്നുന്നു.
ഡീലര്‍ഷിപ്പില്‍ കാണപ്പെട്ട സ്‌കൂട്ടറില്‍ 'പ്ലസ്' സഫിക്‌സ് കാണുന്നതിനാല്‍ ഇത് ഉറപ്പിക്കാമെന്ന് തോന്നുന്നു. ഇത് ഒന്നിലധികം വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. V2 ലൈറ്റ്, V2 പ്ലസ്, V2 പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് V2 റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് V2 വാഗ്ദാനം ചെയ്യുന്നത്.

ബാറ്ററി പായ്ക്കുകള്‍ 2.2 kWh, 3.4kWh, 3.94kWh എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കാം. എന്നാല്‍ ഈ മൂന്നും VX2 മോഡലില്‍ ലഭ്യമാകുമോ എന്ന് കണ്ടറിയണം. പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അലോയ് വീലുകള്‍ V2 മോഡലിന് സമാനമാണെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ വിഡ V2 ലൈനപ്പിന് 74,000 മുതല്‍ 1.15 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.
അടുത്തിടെയുള്ള വില പരിഷ്‌കരണം എന്‍ട്രി ലെവല്‍ മോഡലിനെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കി മാറ്റിയിട്ടുണ്ട്. പ്രധാന എതിരാളികളുമായുള്ള മത്സരം ശക്തമാക്കുന്നതിനൊപ്പം വില്‍പ്പന കൂട്ടാനും ഇതുവഴി സാധിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 48,673 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. 2024 സാമ്പത്തിക വര്‍ഷത്തില്‍ അത് 17,720 യൂണിറ്റുകള്‍ മാത്രമായിരുന്നു. വാര്‍ഷിക വളര്‍ച്ച 175%. വിഡ ശ്രേണിക്കുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിനെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഉല്‍പാദനച്ചെലവ് കുറയ്ക്കുന്നതിനായി ACPD എന്ന പുതിയ ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം ഹീറോ മോട്ടോകോര്‍പ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന മോഡലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും രഹസ്യമാണെങ്കിലും പരമ്പരാഗത ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്‍ (ICE) മോഡലുകളുമായി യോജിപ്പിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടുതല്‍ മത്സരാധിഷ്ഠിത വിലയ്ക്ക് നിര്‍മ്മിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
നിലവില്‍ ഹീറോ പ്രതിമാസം ഏകദേശം 7,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ACPD പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതോടെ ഇത് പ്രതിമാസം 15,000 യൂണിറ്റായി ഉയര്‍ത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പുത്തന്‍ പ്ലാറ്റ്‌ഫോമും ഇലക്ട്രിക് സ്‌കൂട്ടറുകളും വരുന്നതിനൊപ്പം തങ്ങളുടെ വില്‍പ്പന ശൃംഖലയും ഹീറോ വിഡ വിപുലീകരിക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് ഹീറോ വിഡക്ക് 203 ഔട്ട്ലെറ്റുകള്‍ ആണുള്ളത്.
അതില്‍ 116 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 180 സമ്പൂര്‍ണ ഡീലര്‍ഷിപ്പുകളും ഉള്‍പ്പെടുന്നു. പല സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകളും വില്‍പ്പനാനന്തര സേവനങ്ങളുടെ കാര്യത്തില്‍ വിമര്‍ശനം നേരിടുന്നതിനാല്‍ കൂടുതല്‍ അര്‍ബന്‍, റൂറല്‍ ഏരിയകളില്‍ സര്‍വീസ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഹീറോ ശ്രമിക്കുന്നുണ്ട്. തങ്ങളുടെ ബ്രാന്‍ഡ് വാല്യുവിനൊപ്പം വില്‍പ്പനാനന്തര സേവന മികവും ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ സഹായിക്കും. വരും ദിവസങ്ങളില്‍ കമ്പനി പുത്തന്‍ സ്‌കൂട്ടറിന്റെ കൂടുതല്‍ ടീസറുകളും വിശദാംശങ്ങളും പുറത്തുവിടുന്നതായിരിക്കും.


Click it and Unblock the Notifications








