വില 59490 രൂപ, ബാറ്ററി വാടക വെറും 96 പൈസ! ഹീറോ വിഡ VX2 ഇ-സ്‌കൂട്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം...
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ് വിഡ എന്ന സബ് ബ്രാന്‍ഡിന് കീഴില്‍ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നുണ്ട്. ഇന്നലെ (01 ജൂലൈ 2025) കമ്പനി തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറായ വിഡ VX2 വിപണിയില്‍ എത്തിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡിമാന്‍ഡും വില്‍പ്പനയും കുതിച്ചുയരുന്ന ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയുടെ നല്ലൊരു പങ്ക് പിടിച്ചെടുക്കാനാണ് ബജറ്റ് ഇവിയിലൂടെ ഹീറോ മോട്ടോ കോര്‍പ്പ് ലക്ഷ്യമിടുന്നത്. വിഡയുടെ ഇവി ലൈനപ്പില്‍ V2 മോഡലിന് തൊട്ടുതാഴെ ആയിട്ടാണ് VX2 സ്ഥാനംപിടിച്ചിരിക്കുന്നത്.
ഇലക്ട്രിക് കാര്‍ വിപണിയില്‍ എംജി മോട്ടോര്‍ ഇന്ത്യ ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) സ്‌കീം കൊണ്ട് വിപ്ലവം സൃഷ്ടിച്ച കാര്യം നമുക്കറിയാം. വിന്‍ഡ്സര്‍ ഇവിയിലൂടെ ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ പരിപാടി കൊണ്ടുവന്ന എംജി പാസഞ്ചര്‍ കാര്‍ വിപണിയില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. സമാനമായ രീതിയില്‍ വിഡ VX1 ഇലക്ട്രിക് സ്‌കൂട്ടറും ബാസ് ഓപ്ഷനില്‍ ഹീറോ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാസ് അടക്കം ഹീറോയുടെ പുത്തന്‍ സ്‌കൂട്ടറിന്റെ പ്രധാന പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാം.

വിഡ VX2 ബാസ് സ്‌കീം: VX2 ഗോ, VX2 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടര്‍ ഓഫര്‍ ചെയ്യുന്നത്. ബാറ്ററിയടക്കം ഈ സ്‌കൂട്ടറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില 99490 രൂപയാണ്. ടോപ്സ്പെക് VX2 പ്ലസിന് 1.10 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണ് ഇത്. ബാസ് സ്‌കീം തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് VX2 ഗോ 59,490 രൂപയ്ക്ക് ലഭിക്കും.
അതോടൊപ്പം തന്നെ VX2 പ്ലസ് വേരിയന്റിന്റെ വില 64990 ആയി കുറയുന്നു. ഇതും എക്സ്ഷോറൂം വിലകളാണെന്ന് ശ്രദ്ധിക്കുക. വില കുറയുമെങ്കിലും ബാസ് സ്‌കീം തിരഞ്ഞെടുക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ കിലോമീറ്ററിന് 0.96 രൂപ നിരക്കില്‍ ചാര്‍ജ് നല്‍കണം. ഈ ഒരു പദ്ധതി പ്രകാരം സ്‌കൂട്ടറിന്റെ പ്രാരംഭ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു.

ഡിസൈന്‍: വിഡ VX2 ഒരു കോംപാക്ട് ഡിസൈനിലാണ് വരുന്നത്. ഇത് സ്പോര്‍ട്ടിയോ ആകര്‍ഷകമോ അല്ലെങ്കിലും ഉപയോഗിക്കാന്‍ എളുപ്പമാണ്. വിഡ V1-ല്‍ ഉള്ളതുപോലെ ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പ് സെറ്റപ്പും, അതില്‍ സംയോജിപ്പിച്ച എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും (DRL) ഉണ്ട്. ഹാന്‍ഡില്‍ ബാറുകളില്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി ടെയില്‍ ലൈറ്റുമുണ്ട്.
വേഗത, ശേഷിക്കുന്ന ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ കാണിക്കുന്ന ഒരു ടിഎഫ്ടി ഡിസ്‌പ്ലേയും ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നു. നെക്സസ് ബ്ലൂ, മെറ്റാലിക് ഗ്രേ, മാറ്റ് വൈറ്റ്, ഓട്ടം ഓറഞ്ച്, മാറ്റ് ലൈം, പേള്‍ ബ്ലാക്ക്, പേള്‍ റെഡ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത നിറങ്ങളില്‍ ഹീറോ വിഡ VX2 ലഭ്യമാണ്.

ഉപയോഗക്ഷമത: താങ്ങാനാവുന്നതും പ്രായോഗികവുമായ ഒരു സിറ്റി കമ്മ്യൂട്ടര്‍ ഇലക്ട്രിക് സ്‌കൂട്ടറായാണ് വിഡ VX2 പണിതിരിക്കുന്നത്. ഇതിന് 33.2 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് ലഭിക്കുന്നു. സീറ്റിനടിയിലുള്ള സ്റ്റോറേജ് സ്പെയ്സില്‍ ബാഗുകള്‍, കുപ്പികള്‍ തുടങ്ങിയവ സൂക്ഷിക്കാം. അതുപോലെ മുന്‍വശത്തുള്ള അറയില്‍ താക്കോലുകള്‍, കേബിളുകള്‍, ചാര്‍ജറുകള്‍ എന്നിവ സൂക്ഷിക്കാവുന്നതാണ്. റൈഡര്‍ക്കും പില്യണ്‍ സീറ്റ് യാത്രക്കാര്‍ക്കും സുഖകരമായി ഇരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സീറ്റാണ് ഇതില്‍ ഹീറോ നല്‍കിയിരിക്കുന്നത്.
സ്പെസിഫിക്കേഷനുകള്‍. വിഡ VX2 ഗോ വേരിയന്റ് 2.2 kWh ശേഷിയുള്ള നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുമായി ലഭ്യമാണ്. ഇത് ഒരൊറ്റ ചാര്‍ജില്‍ 92 കിലോമീറ്റര്‍ വരെ ഐഡിസി (ഇന്ത്യന്‍ ഡ്രൈവ് സര്‍ക്കിള്‍) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിന് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. അതേസമയം വിഡ VX2 പ്ലസില്‍ 3.4 kWh ശേഷിയുള്ള രണ്ട് റീമൂവബിള്‍ ബാറ്ററി പായ്ക്കുകളാണ് ഉള്ളത്.

ഇത് ഒരു ഫുള്‍ ചാര്‍ജില്‍ 142 കിലോമീറ്റര്‍ വരെ ഐഡിസി റേഞ്ച് നല്‍കുന്നു.ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി പായ്ക്ക് 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്ന് വിഡ അവകാശപ്പെടുന്നു. അതേസമയം സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ആറ് മണിക്കൂര്‍ എടുക്കും. ഇതിന് 3.1 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനും കഴിയും.
ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ സാധ്യതയുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ് വിഡ VX2. ഹീറോ മോട്ടോ കോര്‍പ്പിന്റെ ഈ പുതിയ മോഡല്‍ കൂടുതല്‍ ആളുകളിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. പ്രാരംഭ ചെലവ് വളരെ കുറവായതിനാല്‍ പെട്രോള്‍ സ്‌കൂട്ടറുകളില്‍ നിന്ന് മാറി കൂടുതല്‍ പേര്‍ ഇവിയെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ദൈനംദിന യാത്രകള്‍ക്ക് പറ്റിയ റേഞ്ചും പ്രായോഗികമായ നിരവധി സവിശേഷതകളും ഇതിനുണ്ട്.


Click it and Unblock the Notifications








