വെറും 44990 രൂപയ്ക്ക് 92 Km റേഞ്ചുള്ള ഹീറോ ഇ-സ്‌കൂട്ടര്‍! വിറ്റുതീരുന്നതിന് മുമ്പേ ഷോറൂമിലേക്ക് വിട്ടോ
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്‍നിര കമ്പനികള്‍ മാത്രമല്ല സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകള്‍ വരെ അവരുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുകയാണ്. ഇപ്പോള്‍ പ്രീമിയം ഇലക്ട്രിക് ടൂവീലറുകളേക്കാള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ബജറ്റ് സ്‌കൂട്ടറുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇത് തിരിച്ചറിഞ്ഞ് കൊണ്ട് ജൂണ്‍ ആദ്യവാരം ഹീറോ വിഡ ഒരു പുത്തന്‍ മോഡല്‍ വിപണിയില്‍ ഇറക്കിയിരുന്നു. ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ 59490 രൂപ പ്രാരംഭ വിലയിലായിരുന്നു വിഡ VX2 (Hero Vida VX2) പുറത്തിറങ്ങിയത്.
ഇപ്പോള്‍ ഹീറോ വിഡ VX2 സ്‌കൂട്ടറുകളുടെ വില വീണ്ടും കുറച്ചിട്ടുണ്ട്. പരിമിതകാല ആമുഖ വിലയിലാണ് വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. വിഡ VX2 ഗോK വിഡ VX2 പ്ലസ് എന്നീ രണ്ട് വേരിയന്റുകള്‍ക്കും ഓഫര്‍ ബാധകമാണ്. പുത്തന്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ രണ്ട് വകഭേദങ്ങളും കുറഞ്ഞ വിലയ്ക്ക് എങ്ങനെ വാങ്ങാം എന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ലോഞ്ച് സമയത്ത് വിഡ VX2 ഗോ വേരിയന്റിന് 99490 രൂപയായിരുന്നു വില. ബാസ് സ്‌കീമിന് കീഴില്‍ വാങ്ങുമ്പോള്‍ വില 59490 രൂപയായി കുറയും. VX2 പ്ലസ് വേരിയന്റ് ആണെങ്കില്‍ ബാറ്ററിയടക്കം വാങ്ങാന്‍ 1.10 ലക്ഷം രൂപയും ബാറ്ററി സബ്‌സ്‌ക്രിപ്ഷന് കീഴില്‍ 64990 രൂപയുമായിരുന്നു വിലയിട്ടിരുന്നത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
ഇപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വിഡ VX2 പ്ലസ് സ്‌കൂട്ടറിന്റെ വില 7000 മുതല്‍ 10000 രൂപ വരെ കുറച്ചിട്ടുണ്ട്. VX2 ഗോ വേരിയന്റിന് 14500 രൂപ വരെ വിലക്കുറവ് ലഭിക്കുന്നു. ആമുഖ വിലയുടെ ഭാഗമായി VX2 പ്ലസ് സ്‌കൂട്ടര്‍ ഇപ്പോള്‍ 99,990 രൂപയ്ക്ക് വാങ്ങാം. അതേ സമയം, ബാസ് സ്‌കീം ഉപയോഗിച്ച് 57,990 രൂപയ്ക്ക് ഇത് സ്വന്തമാക്കാം.
വിഡ VX2 ഗോയുടെ പുതിയ വില 84,990 രൂപയാണ്. ബാറ്ററി വാടകയ്ക്ക് എടുക്കുകയാണെങ്കില്‍ 44,990 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നു. ആമുഖ ഓഫര്‍ ആയതിനാല്‍ പരിമിതകാലത്തേക്ക് മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും യഥാര്‍ത്ഥ വിലകള്‍ എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം കമ്പനി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. VX2 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഗോ, പ്ലസ് എന്നീ വേരിയന്റുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം ബാറ്ററി ശേഷിയാണ്.
2.2kWh ശേഷിയുള്ള ഒറ്റ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുമായാണ് ഗോ വരുന്നത്, അതേസമയം പ്ലസില്‍ 3.4kWh ശേഷിയുള്ള രണ്ട് നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകളുണ്ട്. തല്‍ഫലമായി VX2 ഗോക്ക് റൈഡിംഗ് റേഞ്ച് കുറയും. ഫുള്‍ ചാര്‍ജില്‍ 92 കിലോമീറ്ററാണ് ഗോ വേരിയന്റിന്റെ ഐഡിസി റേഞ്ച്. അതേസമയം VX2 പ്ലസ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 142 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഹീറോ വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ ആറ് കിലോവാട്ട് പവര്‍ നല്‍കുന്നു. അതുപയോഗിച്ച് സ്‌കൂട്ടറിന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാന്‍ കഴിയും. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വിഡ VX2 3.1 സെക്കന്‍ഡിനുള്ളില്‍ 0-40 kmph വേഗത കൈവരിക്കും.
പുതിയ ഹീറോ വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറില്‍ കമ്പനി നിരവധി ആകര്‍ഷകമായ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 4.3 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ഇക്കോ, റൈഡ്, സ്‌പോര്‍ട്‌സ് മോഡുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, 27.2 ലിറ്റര്‍ ശേഷിയുള്ള സീറ്റ് അണ്ടര്‍ സീറ്റ് സ്റ്റോറേജ്, 6.1 ലിറ്റര്‍ ഫ്രങ്ക് സ്റ്റോറേജ്, 12 ഇഞ്ച് ടയറുകള്‍, ഫോണ്‍ ചാര്‍ജിംഗ്, എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ട്.

വിഡ സ്‌കൂട്ടര്‍ വിപണിയിലെ ഓല, ഏഥര്‍, ബജാജ്, ടിവിഎസ് എന്നിവയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി നേരിട്ട് ഏറ്റുമുട്ടുന്നു. ഇത്രയും കുറഞ്ഞ വിലകളിലൂടെ അടുത്ത കാലത്തായി അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഹീറോ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്രയും കുറഞ്ഞ വിലയില്‍ ബ്രാന്‍ഡഡ് ആയ ഇലക്ട്രിക് സ്‌കൂട്ടര്‍ കിട്ടാനില്ലെന്നത് സാധ്യതകള്‍ കൂട്ടുന്നു. മാത്രമല്ല രാജ്യത്ത് ഇപ്പോള്‍ ബാസ് സ്‌കീമിന് മികച്ച സ്വീകാര്യത ലഭിക്കുന്നതും ഹീറോയ്ക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നു.


Click it and Unblock the Notifications








