വേവോളം കാത്തില്ലേ, ഇനി ആറോളം കാക്കാം! ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്കിംഗ് തുടങ്ങി, കേരളം പുറത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. സ്‌കൂട്ടര്‍ വിഭാഗം അടക്കി ഭരിക്കുന്നതും അവരാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഹോണ്ട തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ ജനപ്രിയ മോഡലായ ആക്ടിവയുടെ ഇലക്ട്രിക് പതിപ്പായ ആക്ടിവ e: ആയിരുന്നു ഒന്നാമത്തേത്. ഒപ്പം ബോണസായി QC1 എന്ന മറ്റൊരു മോഡലും ബ്രാന്‍ഡ് ഇന്ത്യക്ക് സമ്മാനിച്ചു. ഇപ്പോള്‍ ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
മുകളില്‍ സൂചിപ്പിച്ച പോലെ തന്നെ സ്‌കൂട്ടര്‍ കിംഗ് ആക്ടിവയുടെ ഇലക്ട്രിക് അവതാരമാണ് ആക്ടിവ e:. ആക്ടിവ ഇലക്ട്രിക്കില്‍ ഹോണ്ട 1.5 കിലോവാട്ടിന്റെ (kWh) 2 റീമൂവബിള്‍ ബാറ്ററി പായ്ക്ക് ആണ് ഘടിപ്പിച്ചിട്ടുള്ളത്. ഇത് ഫുള്‍ ചാര്‍ജില്‍ 102 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇക്കോ, സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട്ട് എന്നിങ്ങനെ 3 തരം റൈഡിംഗ് മോഡുകള്‍ ഇതിലുണ്ട്.

ഈ ഹോണ്ട ആക്ടിവ e: ഇലക്ട്രിക് സ്‌കൂട്ടറിന് 7.0 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എച്ച്-സ്മാര്‍ട്ട് കീ എന്നിങ്ങനെ വിവിധ ഫീച്ചറുകള്‍ ലഭിക്കുന്നു. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഡ്യുവല്‍ സ്പ്രിംഗും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നു. റൈഡറുടെ സംരക്ഷണത്തിനായി ഡിസ്‌ക്/ഡ്രം ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യാനെത്തുന്നു. വെറും 7.3 സെക്കന്‍ഡില്‍ ഇവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ടോപ് സ്പീഡ്.
ഹോണ്ടയില്‍ നിന്ന് വരുന്ന ബജറ്റ് ഫ്രണ്ട്‌ലി ഇലകട്രിക് സ്‌കൂട്ടറാണ് QC1. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകളെ കുറിച്ച് പറയുമ്പോള്‍ ഇതിന് 1.5 കിലോവാട്ട് (kWh) ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 80 കിലോമീറ്ററാണ് ഹോണ്ട അവകാശപ്പെടുന്ന റേഞ്ച്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ പായുന്ന ഈ ഇവിക്ക് സ്റ്റാന്‍ഡേര്‍ഡ്, ഇക്കോ എന്നീ റൈഡിംഗ് മോഡുകളും ലഭിക്കുന്നു.

പുതിയ QC1 ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, പേള്‍ ഷാലോ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 5.0 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് സോക്കറ്റ്, 26 ലിറ്റര്‍ ശേഷിയുള്ള അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവയുണ്ട്.
കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ നരസപുരയിലുള്ള പ്ലാന്റിലാണ് ഹോണ്ട പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ആകര്‍ഷകമായ ഡിസൈനും ഫീച്ചറുകളും കാരണം രണ്ട് മോഡലുകളും മികച്ച വില്‍പ്പ വാരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പുതുവത്സര ദിനത്തില്‍ സര്‍പ്രൈസായി ഹോണ്ട ഇരു മോഡലുകളുടെയും ബുക്കിംഗ് വിന്‍ഡോ തുറന്നിരിക്കുകയാണ്. ആയിരം രൂപയാണ് ടോക്കണ്‍ തുക.

ഈ വാഹനങ്ങള്‍ക്കുള്ള ബുക്കിംഗ് വിന്‍ഡോ തുറന്നെങ്കിലും ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലുള്ളവര്‍ക്ക് മാത്രമേ ഇവ റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. ആക്ടിവ e: ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിന്റെ ബുക്കിംഗ് ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. അതുപോലെ QC1 മോഡലിന്റെ ബുക്കിംഗ് മുംബൈ, ഡല്‍ഹി, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
കേരളത്തിലെ ഒരു നഗരത്തില്‍ പോലും ഇവ ബുക്ക് ചെയ്യാന്‍ നിര്‍വാഹമില്ല. കൊച്ചി പോലുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ അടുത്ത ഘട്ടത്തില്‍ ഹോണ്ട പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ മാസം 17 മുതല്‍ ആരംഭിക്കാനിരിക്കുന്ന 'ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025' ഇവന്റില്‍ വെച്ച് ഹോണ്ട ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണി ഭരിക്കുന്ന ഓല ഇലക്ട്രിക് പോലുള്ള കമ്പനികളെ തോല്‍പ്പിക്കാന്‍ ഇവയ്ക്ക് മത്സരാധിഷ്ഠിത വില നിര്‍ണയം നടത്തേണ്ടതായുണ്ട്. ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില 1.10 ലക്ഷത്തില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും അത് അറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി. ഇരുമോഡലുകളുടെയും ഡെലിവറി ഫെബ്രുവരിയില്‍ തുടങ്ങുമെന്നാണ് സൂചന.


Click it and Unblock the Notifications








