രാജ്യത്തെ നമ്പര്‍ 1 പെട്രോള്‍ സ്‌കൂട്ടര്‍ ഇവിയായപ്പോള്‍ തോല്‍വിയായി! ഓഗസ്റ്റ് മുതല്‍ നിർമിക്കുന്നില്ലെന്ന്,
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണി വലിയ മാറ്റങ്ങള്‍ക്കാണ് സമീപകാലത്ത് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകളെ പിന്തള്ളി ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ എന്നീ പരമ്പരാഗത ബ്രാന്‍ഡുകള്‍ സെഗ്‌മെന്റ് കൈയ്യടക്കി. ഇവരെ കൂടാതെ മറ്റ് പല വമ്പന്‍മാരും ഇവി വിപണിയിലേക്ക് കായെടുത്ത് വെക്കുകയോ അല്ലെങ്കില്‍ എന്‍ട്രിക്കായി കാത്തിരിക്കുകയോ ആണ്. ചില കമ്പനികള്‍ മികച്ച വില്‍പ്പനയുമായി മുന്നേറുമ്പോള്‍ ചില പ്രമുഖര്‍ക്ക് തിരിച്ചടിക നേരിടേണ്ടി വന്നു. അത്തരത്തിലൊരു തിരിച്ചടിയാണ് ഹോണ്ടയ്ക്കും ഉണ്ടായത്. അതിനെ തുടര്‍ന്ന് വലിയ ചലനങ്ങള്‍ മാര്‍ക്കറ്റില്‍ സംഭവിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഹീറോ മോട്ടോകോര്‍പ്പുമായി കട്ടക്ക് മത്സരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ചില മാസങ്ങളില്‍ ഹീറോയെ ഓവര്‍ടേക്ക് ചെയ്ത് ഹോണ്ട നമ്പര്‍ 1 ആകുകയും ചെയ്തു. ഹോണ്ടയുടെ വില്‍പ്പനയില്‍ വലിയൊരു പങ്കും സംഭാവന ചെയ്യുന്നത് ആക്ടിവ സ്‌കൂട്ടറാണ്. ആക്ടിവ നെയിംപ്ലേറ്റിനുള്ള സ്വീകാര്യത ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയ തങ്ങളുടെ കന്നി സ്‌കൂട്ടറിന് ഹോണ്ട ആക്ടിവ e: എന്ന് നാമകരണം ചെയ്തത്.

ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലായിരുന്നു ഇലക്ട്രിക് ആക്ടിവയുടെ ലോഞ്ച്. പെട്രോള്‍ സ്‌കൂട്ടര്‍ വിഭാഗം അടക്കി ഭരിക്കുന്ന ആക്ടിവക്ക് പക്ഷേ ഇവി അവതാരത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്നാണ് നിലവിലെ സാഹചര്യത്തില്‍ പറയാന്‍ സാധിക്കുക. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (SIAM) കണക്കുകള്‍ പ്രകാരം 2025 ഓഗസ്റ്റ് മുതല്‍ ഹോണ്ട അവരുടെ ഇലക്ട്രിക് സ്‌കൂട്ടറുകളായ ആക്ടിവ e:, QC1 എന്നിവയുടെ ഉത്പാദനം നിര്‍ത്തിവെച്ചു.
ഓട്ടോകാര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ പ്രവേശിച്ച് കേവലം 6 മാസത്തിനുള്ളിലാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഈ നിര്‍ണായകമായ തീരുമാനം കൈകൊണ്ടത്. 2025 ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഹോണ്ട ആകെ 11,168 യൂണിറ്റ് ആക്ടിവ e:, QC1 സ്‌കൂട്ടറുകളാണ് ഉത്പാദിപ്പിച്ചത്. എന്നാല്‍ 5,201 യൂണിറ്റുകള്‍ മാത്രമാണ് ഡീലര്‍മാര്‍ക്ക് വിതരണം ചെയ്തത്.ഉത്പാദിപ്പിച്ചതിന്റെ 46.6% മാത്രമാണ് ഇത്.
വിറ്റഴിയാത്ത സ്‌റ്റോക്കുകള്‍ കെട്ടിക്കിടക്കുന്നത് കാരണമായിരിക്കാം ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മാണം നിര്‍ത്തിയത്. ഇതുസംബന്ധിച്ച് ഹോണ്ട ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓട്ടോ എക്‌സ്‌പോയില്‍ ആക്ടിവ ഇലക്ട്രിക്കിനൊപ്പം സര്‍പ്രൈസ് ആയാണ് QC1 ഇലക്ട്രിക് സ്‌കൂട്ടര്‍ ഹോണ്ട അവതരിപ്പിച്ചത്. വില്‍പ്പനയുടെ കാര്യത്തിലും ഇതേ അത്ഭുതം നമുക്ക് കാണാന്‍ സാധിക്കും. ഉത്പാദനം ആരംഭിച്ചതുമുതല്‍ QC1 മോഡലാണ് ആക്ടിവ e:-യെക്കാള്‍ കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. 4,252 യൂണിറ്റ് QC1 വിറ്റഴിച്ചപ്പോള്‍ ആക്ടിവ e:-യുടെ വില്‍പ്പന 698 യൂണിറ്റ് മാത്രമായിരുന്നു.
മൊത്തം വില്‍പ്പനയുടെ 86% QC1 ആണെന്നതാണ് രസകരം. ഇലക്ട്രിക് ആക്ടിവയേക്കാള്‍ QC1 വിറ്റുപോകാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്തേത് കുറഞ്ഞ വിലയാണ്. നിലവില്‍ 90,022 രൂപ മുതലാണ് ഹോണ്ട QC1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്. അതേസമയം രണ്ട് വേരിയന്റുകളില്‍ ലഭ്യമാകുന്ന ആക്ടിവ e: മോഡലിന്റെ പ്രാരംഭ വില 1,03,282 രൂപയാണ്. ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകള്‍ ആണ് ഇത്.

ഇതല്ലാതെ QC1 ഇവിയുടെ കൂടെ പോര്‍ട്ടബിള്‍ ചാര്‍ജര്‍ സൗകര്യവും ഹോണ്ട നല്‍കുന്നു. എന്നാല്‍ ആക്ടിവ ഇ ഹോണ്ടയുടെ ബാറ്ററി സ്വാപ്പിംഗ് ശൃംഖലയെയാണ് പൂര്‍ണമായി ആശ്രയിച്ചിരുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ലഭ്യതയും ഒരു വിഷയമാണ്. ആക്ടിവ ഇ നിലവില്‍ ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ മാത്രമാണ് ലഭ്യമായിരുന്നത്.
ഈ നഗരങ്ങളില്‍ ഹോണ്ട സ്വന്തമായി ബാറ്ററി സ്വാപ്പിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ QC1 ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ഡല്‍ഹി, ചണ്ഡീഗഡ് ഉള്‍പ്പെടെ ആറ് നഗരങ്ങളില്‍ കിട്ടുമായിരുന്നു. ഹോം-ചാര്‍ജിംഗ് സൗകര്യങ്ങളുടെ കുറവും ബാറ്ററി സ്റ്റേഷന്‍ ശൃംഖലയുടെ പരിമിതികളും വില്‍പ്പന കുറയാനും അതുവഴി ഉത്പാദനം നിര്‍ത്താനും ഒരു കാരണമായിരിക്കാം.

ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ എതിരാളികളുമായി പെര്‍ഫോമന്‍സ്, റേഞ്ച് എന്നിവയുടെ കാര്യത്തിലും ഇരുമോഡലുകള്‍ക്കും മുട്ടിനില്‍ക്കാന്‍ സാധിച്ചില്ല. ഇവികള്‍ വാങ്ങുന്നവര്‍ വിലയുടെ കൂടെ തന്നെ റേഞ്ചും പരിഗണിക്കുന്നതിനാല്‍ ഇതും വില്‍പ്പനയെ ബാധിച്ചിട്ടുണ്ടാകാന്‍ ഇടയുണ്ട്. QC1 ഇവിക്ക് 80 കിലോമീറ്ററും ആക്ടിവ മോഡലിന് 102 കിലോമീറ്ററുമാണ് ഐഡിസി റേഞ്ച്. മറുവശത്ത് ചേതക് ഇവിക്ക് 153 കിലോമീറ്റര്‍ വരെയും ഐക്യൂബിന് 212 കിലോമീറ്ററുമാണ് ക്ലെയിംഡ് റേഞ്ച്.
പുതിയ ഇവി തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണോ ഹോണ്ട തങ്ങളുടെ ഇലക്ട്രിക് ടൂവീലറുകളുടെ ഉത്പാദനം നിര്‍ത്തിയത് എന്ന കാര്യം ഇനിയും വ്യക്തമല്ല. അടിസ്ഥാന സൗകര്യം, സാന്നിധ്യം, മോഡല്‍ നിര എന്നിവ വിപുലീകരിച്ച് ഹോണ്ട ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. രാജ്യത്ത് ഇലക്ട്രിക് ടൂവീലറുകള്‍ക്ക് പ്രചാരമേറി വരുന്ന സാഹചര്യത്തില്‍ ഹോണ്ട എന്തായാലും തന്ത്രപരമായ സ്ട്രാറ്റജിയായിരിക്കും നടപ്പാക്കുക.


Click it and Unblock the Notifications








