ആക്ടിവ e: VS ഇ-ആക്‌സസ്; ഏത് വാങ്ങണമെന്ന് ഇത് വായിച്ചിട്ട് തീരുമാനിക്കാം
ഇന്ത്യയില്‍ അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന വാഹന വിഭാഗമാണ് ഇലക്ട്രിക് ടൂവീലറുകളുടേത്. ഓല ഇലക്ട്രിക്ക് മാസങ്ങളായി കുത്തകയാക്കി വെച്ചിരുന്ന സെഗ്മെന്റ് ലീഡര്‍ സ്ഥാനം കഴിഞ്ഞ മാസം ബജാജ് ചേതക് തട്ടിയെടുത്തിരുന്നു. ടിവിഎസ് മോട്ടോറിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു 2024 ഡിസംബറില്‍ ഓലയുടെ സ്ഥാനം. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ആശങ്ക സമ്മാനിച്ച് രണ്ട് മുന്‍നിര ടൂവീലര്‍ ബ്രാന്‍ഡുകള്‍ കൂടി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇവി വിഭാഗത്തില്‍ എന്‍ട്രി നടത്തിയിരിക്കുകയാണ്. പെട്രോള്‍ സ്‌കൂട്ടര്‍ വിഭാഗത്തിലെ രാജാക്കന്‍മാരായ ഹോണ്ടയും സുസുക്കിയുമാണ് അത്.
ആക്ടിവ e: എന്ന മോഡലുമായി ഹോണ്ടയും ഇ-ആക്സസുമായി സുസുക്കിയുമാണ് എത്തിയിരിക്കുന്നത്. ജനപ്രിയ ഐസിഇ സ്‌കൂട്ടറുകളായ ആക്ടിവയുടെയും ആക്സസിന്റെയും ഇലക്ട്രിക് പതിപ്പുകളാണ് ഇവ. ആക്ടിവയുടെയും ആക്സസിന്റെ ഇലക്ട്രിക് പതിപ്പുകളായതിനാല്‍ വിശ്വസിച്ച് വാങ്ങാമെന്ന് കരുതിയിരിക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്ക് വേണ്ടി ഈ രണ്ട് പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും തമ്മില്‍ താരതമ്യം ചെയ്യുകയാണ് ചുവടെ.

നിറങ്ങള്‍: മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമുകളിലാണ് സുസുക്കി ഇ-ആക്സസ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 2 + മെറ്റാലിക് മാറ്റ് ബോര്‍ഡോ റെഡ്, പേള്‍ ഗ്രേസ് വൈറ്റ് + മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ, പേള്‍ ജേഡ് ഗ്രീന്‍ + മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ എന്നിവയാണവ.
മറുവശത്ത് ഹോണ്ട ആക്ടിവ e; ഇലക്ട്രിക് സ്‌കൂട്ടർ അഞ്ച് മോണോ ടോണ്‍ കളര്‍ വേരിയന്റുകളില്‍ വാങ്ങാം. പേള്‍ സെറിനിറ്റി ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, പേള്‍ ഷാലോ ബ്ലൂ എന്നിവയാണ് ആക്ടിവ ഇലക്ട്രിക്കിന്റെ കളർ ഓപ്ഷനുകൾ.
ബാറ്ററി പായ്ക്കും റേഞ്ചും: ആക്ടിവ e: മോഡലില്‍ ഹോണ്ട റീമൂവബിള്‍ ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. 1.5 kWh ശേഷിയുള്ള രണ്ട് ബാറ്ററികളാണ് ആക്ടിവ ഇലക്ട്രിക്കില്‍ വരുന്നത്. ഫുള്‍ ചാര്‍ജില്‍ 102 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച് അവകാശപ്പെടുന്നത്. അതേസമയം ഇ-ആക്സസില്‍ സുസുക്കി ഫിക്സഡ് ബാറ്ററി സജ്ജീകരണം വാഗ്ദാനം ചെയ്യുന്നു. 3.07 kWh ശേഷിയുള്ള LFP ബാറ്ററിയില്‍ നിന്നാണ് ഇ-ആക്സസ് പവര്‍ എടുക്കുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇ- ആക്സസ് 95 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് സുസുക്കി അവകാശപ്പെടുന്നു. റേഞ്ച് താരതമ്യം ചെയ്യുമ്പോള്‍ ആക്സസിനേക്കാള്‍ ചെറിയ മേല്‍ക്കൈ ആക്ടിവക്കാണ്. എന്നാല്‍ ആക്ടിവ ഇലക്ട്രിക്ക് ഹോം ചാര്‍ജിംഗ് ഫംഗ്ഷനെ പിന്തുണക്കുന്നില്ല. അതായത് ഹോണ്ടയുടെ ഇ സ്വാപ്പ് സ്റ്റേഷനില്‍ നിന്ന് മാത്രമേ ഇവി ബാറ്ററി സ്വാപ്പ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. മറുവശത്ത് ആക്സസ് വീട്ടില്‍ നിന്ന് ചാര്‍ജ് ചെയ്യാമെന്ന് മാത്രമല്ല ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുമുണ്ട്.
ഇലക്ട്രിക് മോട്ടോര്‍: ആക്ടിവ e:സ്‌കൂട്ടര്‍ മോഡലിന് 6 kW പവറും 22 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. ഇതില്‍ ഇക്കോ, സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട്ട് എന്നീ റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
അതേസമയം, സുസുക്കി ഇ-ആക്സസ് സ്‌കൂട്ടറിന് 4.1 kW പവറും 15 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. സുസുക്കി ഇ-ആക്സസിന്റെ പരമാവധി വേഗത മണിക്കൂറില്‍ 71 കിലോമീറ്ററാണ്. ഇതും മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഫീച്ചറുകള്‍: ഹോണ്ട ആക്ടിവ e: സ്‌കൂട്ടറില്‍ വൈവിധ്യമാര്‍ന്ന ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. എല്‍ഇഡി ലൈറ്റ്, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിവേഴ്‌സ് മോഡ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, സ്മാര്‍ട്ട് കീ സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതുപോലെ തന്നെ സുസുക്കി ഇ-ആക്സസ് മോഡലിലും നിരവധി പ്രീമിയം സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി സ്‌ക്രീന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ് അലെര്‍ട്ടുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയ സവിശേഷതകള്‍ സുസുക്കി ഇ-ആക്സസിൽ നല്‍കിയിട്ടുണ്ട്. കൂടാതെ, സ്മാര്‍ട്ട് കീ, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകളും ആക്സസ് ഇലക്ട്രിക്കില്‍ ജാപ്പനീസ് കമ്പനി ഒരുക്കിയിട്ടുണ്ട്.
വില: ഹോണ്ട ആക്ടിവ ഇലക്ട്രിക്കിന്റെ വില തുടങ്ങുന്നത് 1.17 ലക്ഷം രൂപ മുതലാണ്. റോഡ്സിങ്ക് ഡ്യുവോ വേരിയന്റിന്റെ വില 1.52 ലക്ഷം രൂപയാണ്. എക്സ്-ഷോറൂം വില മാത്രമാണിത്. അതേസമയം ഇ-ആക്സസിന്റെ വില സുസുക്കി പ്രഖ്യാപിച്ചിട്ടില്ല. ഇതിനെ വെല്ലുവിളിക്കുന്ന ഒരു വില തന്നെ കമ്പനി ഇ-ആക്സസിന് നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 1.10 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.


Click it and Unblock the Notifications








