ആദ്യകാഴ്ചയില്‍ ഇഷ്ടപ്പെടും, കൊട്ടക്കണക്കിന് ഫീച്ചറുകളും! ഹോണ്ടയുടെ പുത്തന്‍ 125സിസി ബൈക്ക് എത്തി
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. തങ്ങളുടെ ജൈത്രയാത്രയുല്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട ഈ വേള രണ്ട് പുത്തന്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയാണ് ജാപ്പനീസ് ബ്രാന്‍ഡ് ആഘോഷിച്ചത്. ഷൈന്‍ 100 DX എന്ന മോഡലിനൊപ്പം ഹോണ്ട സിബി 125 ഹോര്‍നെറ്റ് എന്ന പുതിയ ബൈക്ക് പുറത്തിറക്കി സ്‌പോര്‍ട്ടി 125 സിസി വിഭാഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍. വര്‍ഷങ്ങളായി 125 സിസി കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ ഹോണ്ട തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി പോരുന്ന കമ്പനി ഇനി സ്‌പോര്‍ട്ടിയര്‍ സെഗ്‌മെന്റിലും മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്.
സ്‌പോര്‍ട്ടി 125 സിസി വിഭാഗത്തില്‍ ടിവിഎസ് റെയ്ഡര്‍ 125 എന്ന മോഡലിലൂടെ തരംഗം സൃഷ്ടിച്ചിരുന്നു. കൂടാതെ ടിവിഎസിന് ശക്തമായ എതിരാളിയായി ഹീറോ എക്‌സ്ട്രീം 125 R എന്ന മോഡലും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഹോണ്ട പുതിയ CB125 ഹോര്‍നെറ്റ് (Honda CB 125 Hornet) അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഹോണ്ട CB125 ഹോര്‍നെറ്റിനെ കുറിച്ച് ഈ ലേഖനത്തിലൂടെ നമുക്ക് അടുത്തറിയാം.

ഇന്ത്യന്‍ റൈഡര്‍മാര്‍ക്കായി ടെക്‌നിക്കലി സമ്പന്നമായ മൊബിലിറ്റി സൊല്യൂഷനുകള്‍ നല്‍കുന്നതിനുള്ള ഹോണ്ടയുടെ പ്രതിബദ്ധതയാണ് ഈ ലോഞ്ചുകളിലൂടെ പ്രതിഫലിപ്പിക്കുന്നത്. ഹോണ്ട സിബി 125 ഹോര്‍നെറ്റില്‍ അഗ്രസീവ് സ്‌റ്റൈലിംഗ് ആണ് സ്വീകരിച്ചിരിക്കുന്നത്. ഉപയോഗപ്രദമായ സവിശേഷതകള്‍, ദൈനംദിന സിറ്റി റൈഡുകള്‍ക്ക് പറ്റിയ തരത്തിലുള്ള പെര്‍ഫോമന്‍സ് എന്നിവ ഇത് കാഴ്ചവെക്കും.
മുന്‍വശത്ത്, ട്വിന്‍-എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ഹൈ മൗണ്ടഡ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉപയോഗിച്ച് ബൈക്കിന് ഒരു ബോള്‍ഡ് ലുക്ക് നല്‍കിയിട്ടുണ്ട്. സൈഡ് പ്രൊഫൈലില്‍ മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, ഷാര്‍പ്പ് ടാങ്ക് ഷ്രൗഡുകള്‍, ഒരു സ്ലീക്ക് മഫ്‌ലര്‍ എന്നിവ ഉള്‍പ്പെടുന്നു. സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറായ ഗോള്‍ഡന്‍ യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, 5-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോ-ഷോക്ക് എന്നിവ ബൈക്കിന് മികച്ച ഹാന്‍ഡ്ലിംഗ് നല്‍കുന്നു.

എളുപ്പത്തിലുള്ള ആക്സസിനും അതുല്യമായ ഒരു ടച്ചിനുമായി ഇഗ്‌നിഷന്‍ കീ ടാങ്കില്‍ സ്ഥാപിച്ചിരിക്കുന്നു. യാത്രകള്‍ സുഖകരമാക്കാനായി സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും മോഡേണ്‍ യുക്കിനായി മള്‍ട്ട് സ്‌പോക്ക് അലോയ് വീലുകളും പുത്തന്‍ മോഡലില്‍ ഹോണ്ട സമ്മാനിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഹോണ്ട റോഡ്സിങ്ക് ആപ്പ് പിന്തുണയുമുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഇതിലുള്ളത്.
റൈഡര്‍മാര്‍ക്ക് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍, ഹാന്‍ഡില്‍ബാര്‍ സ്വിച്ചുകള്‍ വഴി മ്യുസിക് കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങള്‍ ആസ്വദിക്കാം. യാത്രയ്ക്കിടെ ചാര്‍ജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ഉണ്ട്. സുരക്ഷാ സവിശേഷതകളില്‍ എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച്, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, പെറ്റല്‍ ഫ്രണ്ട് ഡിസ്‌ക് എന്നിവ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു.

124 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ബൈക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. ബ്രേക്കിംഗിനായി 240mm ഫ്രണ്ട് ഡിസ്‌കും 130 mm റിയര്‍ ഡ്രമ്മും ഉണ്ട്. പിന്തുണയ്ക്കായി സിംഗിള്‍-ചാനല്‍ ABS ഓഫറിലുണ്ട്. വീതിയേറിയ ട്യൂബ്ലെസ് ടയറുകള്‍ സിറ്റി റോഡുകളില്‍ മികച്ച ഗ്രിപ്പും സ്ഥിരതയും ഉറപ്പാക്കുന്നു.
7500 ആര്‍പിഎമ്മില്‍ 10.99 bhp പവറും 6000 ആര്‍പിഎമ്മില്‍ 11.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 123.94 സിസി ഫ്യുവല്‍-ഇന്‍ജെക്റ്റഡ് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 5-സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. വെറും 5.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. ഇത് അതിന്റെ ക്ലാസിലെ ഏറ്റവും വേഗതയേറിയ ബൈക്കായി CB125 ഹോര്‍നെറ്റിനെ മാറ്റുന്നു.
പുതിയ ഹോണ്ട സിബി 125 ഹോര്‍നെറ്റ് നാല് നിറങ്ങളില്‍ ലഭ്യമാകും. പേള്‍ സൈറന്‍ ബ്ലൂ, ലെമണ്‍ ഐസ് യെല്ലോ, പേള്‍ സൈറന്‍ ബ്ലൂ, സ്‌പോര്‍ട്‌സ് റെഡ് എന്നിവയുള്‍പ്പെടെ നാല് ഡ്യുവല്‍-ടോണ്‍ കളര്‍ കോമ്പിനേഷനുകളിലാണ് CB125 ഹോര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നത്. പുത്തന്‍ ബൈക്കിന്റെ ബുക്കിംഗ് ഓഗസ്റ്റ് 1 മുതല്‍ ആരംഭിക്കും. ലോഞ്ചിനോട് അനുബന്ധിച്ച് വില വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








