ഹോണ്ട CB125 ഹോനെറ്റ് Vs ടിവിഎസ് റെയ്ഡര്‍ 125; കൂട്ടത്തിലെ കൊമ്പന്‍ ആരെന്ന് താരതമ്യം ചെയ്യാം
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ CB125 ഹോര്‍നെറ്റ് എന്ന സ്റ്റൈലന്‍ ബൈക്കുമായി 125 സിസി സെഗ്മെന്റില്‍ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. കുറഞ്ഞ വിലയും സ്പോര്‍ട്ടി ലുക്കുമുള്ള സാധാരണക്കാരന്റെ ബൈക്ക് എന്ന ലേബലില്‍ എത്തുന്ന ഈ മോഡല്‍ സെഗ്മെന്റില്‍ ഇതിനോടകം ആധിപത്യം സ്ഥാപിച്ചിട്ടുള്ള ടിവിഎസ് റൈഡര്‍ 125 പോലുള്ള മോഡലുകളുമായി ഇത് ഏറ്റുമുട്ടാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ രണ്ട് ബൈക്കുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നവര്‍ക്കായി ഇവയെ ഒന്ന് താരതമ്യം ചെയ്ത് നോക്കാം. വില, ഡിസൈന്‍, സ്പെസിഫിക്കേഷന്‍സ്, ഹാര്‍ഡ്വെയര്‍, ഫീച്ചറുകള്‍ എന്നിവയടക്കം മാറ്റുരയ്ക്കാം.
ഡിസൈന്‍: ഹോണ്ട CB 125 ഹോര്‍നെറ്റിന് മികച്ച മസ്‌കുലര്‍ ഡിസൈന്‍ ലഭിക്കുന്നു. ഈ ബൈക്കിന്റെ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡ്യുവല്‍ ഡിആര്‍എല്‍, ഹൈ മൗണ്ടഡ് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ മുന്‍വശത്ത് എടുത്തുകാണിക്കുന്നു. ഗോള്‍ഡന്‍ കളറിലുള്ള അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഇതിന് ലഭിക്കുന്നു. സെഗ്മെന്റില്‍ ആദ്യമായി ഈ സവിശേഷത ലഭിക്കുന്വനത് ഹോണ്ട ബൈക്കിനാണ്.

സ്പോര്‍ട്ടിയര്‍ ലുക്ക് ഊട്ടിയുറപ്പിക്കുന്നതാണ് ടാങ്ക് എക്സ്റ്റന്‍ഷനുകളും പിന്‍ഭാഗത്തെ രൂപവും. ടിവിഎസ് റൈഡര്‍ 125 ആകര്‍ഷകമായ രൂപകല്‍പ്പനയും ആംഗുലാര്‍ ബോഡി വര്‍ക്കും അവതരിപ്പിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പും ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും യുവതലമുറയെ ആകര്‍ഷിക്കുന്നു. ഒതുക്കവും വലിപ്പക്കുറവും കാരണം സിറ്റി റൈഡുകള്‍ക്ക് വളരെ അനുയോജ്യമായ ടൂവീലറായി ടിവിഎസ് റൈഡര്‍ 125 കണക്കാക്കപ്പെടുന്നു.
എഞ്ചിന്‍: 123.94 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട CB125 ഹോര്‍നെറ്റിന് തുടിപ്പേകുന്നത്. ഇത് 11 bhp പവറും 11.2 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 5-സ്പീഡ് ഗിയര്‍ബോക്സും സ്ലിപ്പര്‍ ക്ലച്ചും ഇതിലുണ്ട്. ഇത് സിറ്റി റൈഡിംഗില്‍ സുഗമമായ അനുഭവം സമ്മാനിക്കും.

മറുവശത്ത് ടിവിഎസ് റൈഡറിന് 124.8 സിസി എഞ്ചിനാണ് ഉള്ളത്. ഇത് 11.4 bhp പവറും 11.7 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. കാര്യമായ വ്യത്യാസമില്ലെങ്കിലും, ടിവിഎസ് റെയ്ഡറിന്റെ ത്രോട്ടില്‍ റെസ്പോൺസ് മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഹാർഡ്‌വെയർ: ഹോണ്ട CB125 ഹോര്‍നെറ്റിന്റെ മുന്‍വശത്ത് ഗോള്‍ഡന്‍ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ 5-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും ഉണ്ട്. 240 mm ഫ്രണ്ട് ഡിസ്‌കും 130 mm റിയര്‍ ഡ്രമ്മുമാണ് ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ടിവിഎസ് റെയ്ഡറിനേക്കാള്‍ വലിയ റിയര്‍ ടയറുകള്‍ (110/80) ഇതിനുണ്ട്. ഇത് കൂടുതല്‍ സ്ഥിരത ഉറപ്പാക്കുന്നു.
ടിവിഎസ് റെയ്ഡറിലേക്ക് വരുമ്പോള്‍ ഇതില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. ഹോര്‍നെറ്റിന് സമാനമായ ഫ്രണ്ട് ഡിസ്‌കും റിയര്‍ ഡ്രം ബ്രേക്കുകളും ഇതിലുണ്ട്. യുഎസ്ഡി ഫോര്‍ക്കുകള്‍ ഇല്ലെങ്കിലും കുറഞ്ഞ സീറ്റ് ഉയരവും (780 mm)
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും (180 mm) റെയ്ഡറിനെ സിറ്റി ഉപയോഗത്തിന് പറ്റിയ ഓപ്ഷനുകളില്‍ ഒറ്റാക്കി മാറ്റുന്നു. ടിവിഎസ് റെയ്ഡറിന് 10 ലിറ്റര്‍ ടാങ്കുള്ളപ്പോള്‍ CB125 ഹോര്‍നെറ്റിന് 12 ലിറ്റര്‍ ഇന്ധന ടാങ്ക് ലഭിക്കുന്നു.
സവിശേഷതകള്‍: ഹോണ്ടയുടെ റോഡ്‌സിങ്ക്-എനേബിള്‍ഡ് സിബി125 ഹോര്‍നെറ്റില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ അസിസ്റ്റ്, കോള്‍ അലേര്‍ട്ടുകള്‍, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് എന്നിവയുള്ള 4.2 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ ഉണ്ട്. സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയ അധിക സവിശേഷതകളും ഇതിലുണ്ട്. ടിവിഎസ് റൈഡറില്‍ വോയിസ് അസിസ്റ്റ്, കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, യുഎസ്ബി ചാര്‍ജിംഗ്, ഹോണ്ട മോഡലില്‍ ഇല്ലാത്ത അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവയുണ്ട്.
വില: 'ബേബി' ഹോര്‍നെറ്റിന്റെ ആമുഖ വില 1.12 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ വിലയില്‍ താമസിയാതെ വര്‍ധനവ് ഉണ്ടായേക്കാം. ഹോണ്ടയുടെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ചെലവേറിയ 125 സിസി മോട്ടോര്‍സൈക്കിളാണിത്. റെയ്ഡര്‍ 125 നിലവില്‍ ഡ്രം, സിംഗിള്‍ സീറ്റ്, സ്പ്ലിറ്റ് സീറ്റ്, iGO, SSE, SX എന്നീ വേരിയന്റുകളിലായി വാങ്ങാം. ഡ്രം വേരിയന്റിന്റെ 87,375 രൂപയിൽ തുടങ്ങി SX വേരിയന്റിന് 1,02,665 രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.


Click it and Unblock the Notifications








