ഹോണ്ട ഒറ്റക്ക് കച്ചോടം തുടങ്ങിയിട്ട് 25 വര്‍ഷം! ഇന്ത്യക്കാര്‍ക്ക് സമ്മാനം 3 ആനിവേഴ്‌സറി എഡിഷനുകള്‍
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) തങ്ങളുടെ 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ജനപ്രിയ ടൂ-വീലറുകളുടെ സ്പെഷ്യല്‍ എഡിഷനുകള്‍ പുറത്തിറക്കി. ഹോണ്ട ആക്ടിവ 110 (Honda Activa 110), ഹോണ്ട ആക്ടിവ 125 (Honda Activa 125), ഹോണ്ട SP125 (Honda SP125) എന്നിവയുടെ ആനിവേഴ്സറി എഡിഷനുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഈ മൂന്ന് മോഡലുകളുടെയും ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു. ഈ മാസം അവസാനത്തോടെ ഡെലിവറി ആരംഭിക്കും. പുത്തന്‍ സ്പെഷ്യല്‍ എഡിഷന്‍ മോഡലുകളെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
1998-ല്‍ ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് ഹോണ്ട ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ പ്രവേശിച്ച ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സ്വതന്ത്ര യാത്ര 2001-ല്‍ ഹോണ്ട ആക്ടിവയുടെ ലോഞ്ചോടെയാണ് ആരംഭിച്ചത്. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ ആക്ടിവയ്ക്ക് വലിയ സ്വാധീനമാണുള്ളത്. 2001-ല്‍ പുറത്തിറങ്ങിയ ഹോണ്ട ആക്ടിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഈ രംഗത്ത് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നു.

അതുപോലെ, വിശ്വാസ്യതയും ആകര്‍ഷകമായ രൂപകല്‍പ്പനയുമുള്ള ഒരു മോഡലായി 125 സിസി ബൈക്ക് വിഭാഗത്തില്‍ SP125 പേരെടുത്തിട്ടുണ്ട്. '25 വര്‍ഷമായി ആക്ടിവ എന്നാല്‍ ഒരു സ്‌കൂട്ടറിനേക്കാള്‍ ഉപരിയാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വസ്ത കൂട്ടാളിയും വിശ്വാസ്യതയുടെ പ്രതീകവുമാണിത്. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ 70 ദശലക്ഷം ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിച്ചുവെന്ന നേട്ടത്തിനൊപ്പമ്ാണ് ഈ നാഴികക്കല്ല്' ലോഞ്ചിനിടെ സംസാരിച്ച എച്ച്എംഎസ്ഐയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.
25-ാം ആനിവേഴ്‌സറി മോഡലുകള്‍ക്ക് വ്യത്യസ്തമായ ഒരു സ്റ്റൈലിംഗ് ട്രീറ്റ്മെന്റ് നല്‍കിയിട്ടുണ്ട്. പുതിയ സ്പെഷ്യല്‍ എഡിഷന്‍ മോഡലുകളില്‍ എക്സ്‌ക്ലൂസീവ് 25-ഇയര്‍ ആനിവേഴ്സറി ഗ്രാഫിക്സുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ടിവയുടെ മുന്‍വശത്തും SP125 ബൈക്കിന്റ ഫ്യുവല്‍ ടാങ്കിലും 25-ഇയര്‍ ബാഡ്ജ് കാണാം. ബ്ലാക്ക് ക്രോം ഫ്രണ്ട് ഫിനിഷും പൈറൈറ്റ് ബ്രൗണ്‍ മെറ്റാലിക് അലോയ് വീലുകളും ഇവയ്ക്ക് പ്രത്യേക ഭംഗി നല്‍കുന്നു.
പേള്‍ സൈറണ്‍ ബ്ലൂ, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് തുടങ്ങിയ നിറങ്ങളില്‍ ഈ മോഡലുകള്‍ ലഭ്യമാണ്.ഹോണ്ട ആക്ടിവ 110 കാഫെ ബ്രൗണ്‍ അല്ലെങ്കില്‍ ബ്ലാക്ക് സീറ്റ് ഓപ്ഷനുകളില്‍ ലഭിക്കുമ്പോള്‍, ആക്ടിവ 125-ന് ബ്ലാക്ക് സീറ്റ് മാത്രമാണുള്ളത്. SP125 മോട്ടോര്‍സൈക്കിളില്‍ കൂടുതല്‍ സ്റ്റൈലിഷ് ആയ കളര്‍ ആക്സന്റുകളും ഡീലക്സ് രൂപവും നല്‍കിയിട്ടുണ്ട്.
എല്‍ഇഡി ഹെഡ്‌ലാമ്പ്, 4.2-ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ട്, OBD2B കംപ്ലയിന്റ് എഞ്ചിന്‍, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് സിസ്റ്റം എന്നീ ഫീച്ചറുകള്‍ ഈ മോഡലുകളില്‍ ഉള്‍പ്പെടുന്നു. ഹോണ്ടയുടെ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (CBS), ട്യൂബ്ലെസ് ടയറുകള്‍ എന്നിവയും ഇതിന്റെ സവിശേഷതകളാണ്.
എഞ്ചിന്‍ സ്പെസിഫിക്കേഷനുകള്‍ പരിശോധിക്കുമ്പോള്‍ ഹോണ്ട ആക്ടിവ 110 സ്‌കൂട്ടറില്‍ 109.51 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ആക്ടിവ 125 മോഡലില്‍ 123.92 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനും ഹോണ്ട SP125 മോട്ടോര്‍സൈക്കിളില്‍ 123.94 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനും കരുത്ത് പകരുന്നു.
ആക്ടിവ 110, ആക്ടിവ 125, SP 125 എന്നീ മോഡലുകളുടെ ആനിവേഴ്സറി എഡിഷനുകള്‍ക്ക് യഥാക്രമം 92565 രൂപയും, 97270 രൂപയും, SP125 1.02 ലക്ഷം രൂപയുമാണ് വില. എക്സ്-ഷോറൂം വിലകളാണ് ഇത്. ഉപഭോക്താക്കള്‍ക്ക് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ഓഫ്‌ലൈനായോ ഈ ടൂവീലറുകള്‍ റിസര്‍വ് ചെയ്യാം.


Click it and Unblock the Notifications








