ഓലയെ ജീവിക്കാന്‍ അനുവദിക്കൂല അല്ലേ! ജനപ്രിയ ബൈക്കിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാന്‍ ഹോണ്ട
ഇരുചക്ര വാഹന വിപണിലെ മുന്‍നിരക്കാരാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്ന് ചില മാസങ്ങളില്‍ ഹോണ്ട ഒന്നാം സ്ഥാനവും കരസ്ഥമാക്കാറുണ്ട്. ഈ വര്‍ഷം 2025 ഓട്ടോ എക്‌സ്‌പോയിലൂടെ ആക്ടിവ e:, QC1 എന്നീ രണ്ട് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഹോണ്ട ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പ്രവേശിച്ചിരുന്നു. ഇപ്പോള്‍ ഇവി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കാനായി പുതിയൊരു ഇലക്ട്രിക് ബൈക്ക് കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. സ്‌കൂട്ടര്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹോണ്ട ഇലക്ട്രിക് ബൈക്ക് രംഗത്തേക്ക് കടക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇവി പ്രേമികള്‍ ഉറ്റുനോക്കുന്നത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഇലക്ട്രിക് ബൈക്ക് വിപണി അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് ഓല ഇലക്ട്രിക് റോഡ്സ്റ്റര്‍ എന്ന മോഡലിലൂടെ സെഗ്‌മെന്റില്‍ പ്രവേശിച്ചതോടെ രംഗം കൊഴുത്തിട്ടുണ്ട്. ഒബെന്‍ റോര്‍ Z, റിവോള്‍ട്ട് RV, പ്യുവര്‍ ഇവി എക്കോ ഡ്രിഫ്റ്റ് തുടങ്ങിയ മോഡലുകള്‍ ഇതിനോടകം വിപണിയില്‍ ലഭ്യമാണ്.

ഈ പടക്കളത്തിലേക്കാണ് ഹോണ്ടയുടെ വരവ്. ഹോണ്ടയുടെ പുത്തന്‍ മോഡല്‍ കൂടി വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനായി ഒരു ചോയ്‌സ് കൂടി ലഭിക്കുകയാണ്. പുതിയ ഇലക്ട്രിക് ബൈക്കിന്റെ പേറ്റന്റ് ചിത്രങ്ങള്‍ ഒരു വെബ്‌സൈറ്റ് പുറത്തുവിട്ടതോടെയാണ് ഹോണ്ടയുടെ പദ്ധതി പുറംലോകം അറിഞ്ഞത്. ബഡ്ജറ്റ് വിലയിലായിരിക്കും ഹോണ്ട പുതിയ ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കുകയെന്നാണ് പേറ്റന്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
പുത്തന്‍ ബൈക്ക് ജനപ്രിയ കമ്മ്യൂട്ടര്‍ ബൈക്ക് ആയ ഷൈനിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എന്നാല്‍ ബാറ്ററിയും മോട്ടോറുമടക്കമുള്ള ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി മെയിന്‍ ഫ്രെയിമില്‍ ചില മാറ്റങ്ങള്‍ വരുത്തും. ഈ ബൈക്കില്‍ ആക്ടിവ ഇലക്ട്രിക്കിലേതിന് സമാനമായ സ്വാപ്പബിള്‍ ബാറ്ററി പായ്ക്ക് ആയിരിക്കും നല്‍കുക. ഈ ബാറ്ററി തന്നെ പുതിയ ഇലക്ട്രിക് ബൈക്കിലും ഉപയോഗിക്കാനാണ് സാധ്യത. നീക്കം ചെയ്യാനാകുന്ന ഓരോ ബാറ്ററിയും 1.5 കിലോവാട്ട് ശേഷിയുള്ളതായിരിക്കും.

രണ്ട് ബാറ്ററികള്‍ ചേരുമ്പോള്‍ 3 കിലോവാട്ട് പവര്‍ ലഭിക്കും. ഫിക്‌സഡ് സൈസിലുള്ള ബാറ്ററി പായ്ക്ക് ആയിരിക്കും ഹോണ്ട ഇവികള്‍ക്ക് വരുന്നതെന്നാണ് സൂചന. ഇപ്പോള്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ബാറ്ററി സ്വാപ്പിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ് ഹോണ്ട. നിലവില്‍ ബംഗളൂരുവില്‍ മാത്രമാണ് ഹോണ്ടയുടെ സ്വാപ്പബിള്‍ ബാറ്ററി സംവിധാനം ലഭ്യമായിട്ടുള്ളത്. അധികം വൈകാതെ ന്യൂഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഈ സൗകര്യം ലഭ്യമാക്കും.
ഈ ബൈക്കിന് വലിയ സിംഗിള്‍ പീസ് സീറ്റ്, 17 അല്ലെങ്കില്‍ 18 ഇഞ്ച് അലോയ് വീല്‍, ടെലിസ്‌കോപ്പിക് ഫോര്‍ക്ക്, ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, ട്യൂബ് ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടാകും. ഇതൊരു ഇലക്ട്രിക് ബൈക്ക് ആയതുകൊണ്ട് തന്നെ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പ്രതീക്ഷിക്കാം. ബജറ്റ് മോഡല്‍ ആവാന്‍ സാധ്യതയുള്ളതിനാല്‍ ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
ഹോണ്ടയുടെ ഷൈന്‍ 100, 125 മോഡലുകള്‍ക്ക് സമാനമായി കുറഞ്ഞ വിലയില്‍ ഈ ബൈക്ക് പുറത്തിറക്കാനാണ് സാധ്യത. ഇന്ത്യന്‍ കമ്മ്യൂട്ടര്‍ ബൈക്ക് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ഹോണ്ട ഷൈന്‍. ജനപ്രിയന്‍ ഇലക്ട്രിക് കുപ്പായമണിഞ്ഞ് വരുമ്പോള്‍ ഇന്ത്യക്കാര്‍ എങ്ങിനെ സ്വീകരിക്കുമെന്ന് അറിയാനാണ് ഇനിയുള്ള ആകാംക്ഷ. കുറഞ്ഞ വിപണിയില്‍ ഇത് ലഭ്യമാക്കിയാല്‍ ഹോണ്ടയ്ക്ക് മാത്രമല്ല മൊത്തം ഇവി സെഗ്‌മെന്റിനും അത് വലിയ നേട്ടമാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications









