2025-ൽ ഇന്ത്യ ഭരിച്ച ബൈക്കുകൾ; ഓരോ സെഗ്മെന്റിലെയും നമ്പർ വൺ ഇവരെല്ലാമാണ്
2025 വർഷം അവസാനിക്കുന്നതോടെ ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണി ഒരു പുതിയ ഉയരം കൈവരിച്ചിരിക്കുകയാണ്. വിലക്കൊപ്പം നല്ല മൈലേജും, പെർഫോമൻസും, ഫീച്ചറുകളും എല്ലാം ശരിയായ ബാലൻസിൽ നൽകുന്ന ബൈക്കുകൾക്ക് അല്ലെങ്കിലും ഇവിടെ അവശ്യക്കാർ ഏറെയുണ്ട്. ദിവസേന യാത്ര ചെയ്യുന്ന സാധാരണ ആളുകളെ ലക്ഷ്യമിട്ട കമ്മ്യൂട്ടർ ബൈക്കുകളിൽ നിന്ന് ആവേശകരമായ റൈഡിംഗ് അനുഭവം തേടുന്നവർക്ക് വേണ്ടിയുള്ള മിഡ്-കപ്പാസിറ്റി സ്പോർട്സ് ബൈക്കുകൾ, അതുപോലെ തന്നെ പ്രീമിയം ഹൈ-പെർഫോമൻസ് സെഗ്മെന്റുകൾ വരെ ഇന്ന് കത്തികയറി നിൽക്കുകയാണ്. പ്രത്യേകിച്ച് ഈ ഒരു വർഷം ഇന്ത്യൻ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ അംഗീകരിച്ചും തിരഞ്ഞെടുത്തതുമായ ബൈക്കുകൾ നിരവധിയാണ്.
ഈ വർഷത്തെ ഏറ്റവും മികച്ച കമ്മ്യൂട്ടർ ബൈക്ക് എന്ന ബഹുമതി നേടിയിരിക്കുന്നത് ഹീറോ സ്‌പ്ലെൻഡർ XTEC 2.0 ആണ്. കൂടാതെ ഏറ്റവും നീണ്ടുനിൽക്കുന്ന പ്രൊഡക്ഷൻ മോഡലുകളിൽ ഒന്നു കൂടിയാണിത്. ശക്തിയേറിയ 97.2 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഇവന് കരുത്തേകുന്നത്. ഒപ്പം 4-സ്പീഡ് ഗിയർബോക്‌സ് ഉപയോഗിച്ച് സ്മൂത്ത് പ്രകടനം ഉറപ്പാക്കുകയും ചെയ്യുന്നു. എല്ലാതരം യാത്രകളിലും വളരെ എളുപ്പം നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കമ്മ്യൂട്ടറിലും സ്പോർട്സ് ബൈക്ക് സെഗ്മെൻ്റിലും ഒരുപോലെ തിളങ്ങിനിൽക്കുന്നത് ടിവിഎസ് റൈഡർ 125 ആണ്. വിലയും അതിനൊത്ത പെർഫോമൻസും ഫീച്ചറുകളും തമ്മിലുള്ള മികച്ച ബാലൻസ് കൊണ്ടാണ് ഈ മോഡൽ 2025ലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പായി മാറിയത്. മെക്കാനിക്കൽ ഘടകങ്ങളിലേക്ക് വരുമ്പോൾ 124.8 സിസി സിംഗിൾ-സിലിണ്ടർ, 3-വാൽവ് എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനൊപ്പം ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ, റൈഡിംഗ് മോഡുകൾ, കൂടാതെ വോയ്സ്-അസിസ്റ്റ് ഫംഗ്ഷൻ എന്നിവയും ബൈക്കിനെ സാങ്കേതികമായി വളരെ മുന്നിലെത്തിക്കുന്നു.
എൻട്രി-ലെവൽ സ്പോർട്സ് ബൈക്ക് സെഗ്മെൻ്റിൽ മുന്നിൽ നിൽക്കുന്നത് യമഹ R15 V4 ആണ്. 1.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ മോഡൽ പുറത്തിറങ്ങിയതു മുതൽ തന്നെ 150 സിസി സെഗ്മെന്റിൽ സ്പോർട്സ് ബൈക്ക് എന്ന ആശയത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സവിശേഷതകളുടെ കാര്യത്തിൽ R15 V4 ഈ സെഗ്മെന്റിലെ ഏറ്റവും സാങ്കേതികമായി മുന്നേറ്റം കൈവരിച്ച ബൈക്കുകളിൽ ഒന്നാണ്.

ഈ വർഷത്തെ ഏറ്റവും മികച്ച മിഡ്-നേക്കഡ് സ്പോർട്സ് ബൈക്കായി തിളങ്ങി നിൽക്കുകയാണ് കെടിഎം ഡ്യൂക്ക് 390. ഈ ബൈക്കിന്റെ ഹൃദയം 398.63 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ആണ്. ഇത് 46 bhp പവറും 39 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നതിനാൽ അതിവേഗ ആക്സിലറേഷനും ഹൈവേയിൽ ശക്തമായ ടോപ്പ്-എൻഡ് പ്രകടനവും ഉറപ്പാക്കുന്നു.
മിഡ്-കപ്പാസിറ്റി സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ 2025ലും ബെഞ്ച്മാർക്കായി തുടരുന്ന മോഡലാണ് കെടിഎം RC 390. 3.22 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ ബൈക്കിൻ്റെ കരുത്ത് 373 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ആണ്. കൂടാതെ നിരവധി പ്രധാന സാങ്കേതിക സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രവുമല്ല സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, പ്രീമിയം WP സസ്പെൻഷൻ, ക്വിക്‌ഷിഫ്റ്റർ പ്ലസ്, സ്ലിപ്പർ ക്ലച്ച് എന്നിവയൊക്കെയാണ് ഈ ബൈക്കിന്റെ റൈഡിംഗ് കൃത്യതയും സുരക്ഷയും മെച്ചപ്പെടുത്തുന്നത്.

ഇന്ത്യയിലെ റോഡ്സ്റ്റർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഏറ്റവും മികച്ച തിരഞ്ഞെടുപ്പായി മാറിയത് ട്രയംഫ് സ്പീഡ് 400 ആണ്. 2.33 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഫീച്ചറുകളുടെ കാര്യത്തിൽ സ്ലിപ്പർ-അസിസ്റ്റ് ക്ലച്ച് ഗിയർ മാറ്റങ്ങൾ സ്മൂത്താക്കുകയും കഠിനമായ ബ്രേക്കിംഗിനിടെ റിയർ വീൽ ലോക്ക് ഒഴിവാക്കുകയും ചെയ്യുന്നു. മൾട്ടി-ഫംഗ്ഷൻ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ ആവശ്യമായ എല്ലാ റൈഡിംഗ് വിവരങ്ങളും വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ ക്രൂയിസർ മോട്ടോർസൈക്കിൾ സെഗ്മെൻ്റിൽ മുന്നേറിയ മോഡലാണ് റോയൽ എൻഫീൽഡ് മീറ്റിയർ 350. കംഫർട്ട്, ഹൈവേ പ്രകടനം, വിശ്വാസ്യത എന്നിവയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന റൈഡർമാരെ ലക്ഷ്യമിട്ടാണ് ഈ ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബൈക്കിൽ പ്രവർത്തിക്കുന്നത് 349 സിസി സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് ജെ-സീരീസ് എഞ്ചിൻ ആണ്. ഇത് 20.2 bhp പവറും 27 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








