'ഇന്ത്യന്‍' പേരില്‍ മാത്രമുള്ള കമ്പനി! ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കിന് 23.52 ലക്ഷം കൊടുക്കണം
നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാന്‍ പോകുകയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുമ്പ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് ഇന്ത്യ തന്നെ മതിയെന്ന് വാദിച്ചവര്‍ ഒത്തിരിയാണ്. ഇന്ത്യ എന്ന പേരില്‍ അഭിമാനം കൊള്ളുന്ന നിരവധിയാളുകള്‍ ഉണ്ട്. കമ്പനികളും സ്ഥാപനങ്ങളും തുടങ്ങുമ്പോള്‍ ഇന്ത്യ വെച്ചുള്ള പേരുകള്‍ നല്‍കിയവര്‍ ഒത്തിരിയാണ്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ എന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പേരില്‍ മാത്രം ഇന്ത്യനുള്ള ഇത് ഒരു അമേരിക്കന്‍ കമ്പനിയാണ്. അമേരിക്കയിലെ തദ്ദേശീയരായിരുന്ന റെഡ് ഇന്ത്യന്‍സിനെ കുറിച്ച് നിങ്ങള്‍ പാഠപുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ടാകും.
അമേരിക്കയുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന 'ഇന്ത്യന്‍' എന്ന നാമം പേറുന്ന ഇത് അമേരിക്കയിലെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ കമ്പനി എന്നാണ് അറിയപ്പെടുന്നത്. ഹാര്‍ലി ഡേവിഡ്‌സണുമായാണ് ഈ കമ്പനി നേരിട്ട് ഏറ്റുമുട്ടുന്നത്. സമ്പന്നമായ പൈതൃകം പേറുന്ന വലിയ ബൈക്കുകളുടെ ഒരു നിര തന്നെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിനുണ്ട്. ഈ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ഇന്ത്യയിലെ 'ബിഗ്' ബൈക്ക് പ്രേമികളെയും ആകര്‍ഷിക്കുന്നു.

ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, കൊച്ചി, അഹമ്മദാബാദ്, ചണ്ഡീഗഢ് തുടങ്ങിയ ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളില്‍ കമ്പനി ക്രൂയിസറുകളും ബാഗറുകളും വില്‍ക്കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലുള്ള 2025 മോഡലുകളുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ്. അതില്‍ ചീഫ് ലൈനപ്പ്, സ്പ്രിംഗ്ഫീല്‍ഡ് ലൈനപ്പ്, ഇന്ത്യന്‍ ചലഞ്ചര്‍ ലൈനപ്പ്, ഇന്ത്യന്‍ ചീഫ്‌റ്റൈന്‍ ലൈനപ്പ്, പേര്‍സ്യൂട്ട് ലൈനപ്പ്, റോഡ്മാസ്റ്റര്‍ ലൈനപ്പ് തുടങ്ങിയ പ്രശസ്തമായ മോഡലുകള്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍2025 ശ്രേണിയുടെ വില പറയുന്നതിന് മുമ്പ് ജനപ്രിയമായ ഇന്ത്യന്‍ സ്‌കൗട്ട് മോട്ടോര്‍സൈക്കിളിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കണം. ഇത് വരുന്ന മാസങ്ങളില്‍ ഉണ്ടാകും. കൂടാതെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ അതിന്റെ സ്‌പോര്‍ട്ടി മോഡലായ FTR ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ചീഫ് ബോബര്‍ ഡാര്‍ക്ക് ഹോഴ്‌സ്: ചീഫ് ലൈനപ്പാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിളില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള മോഡല്‍. ഇതിന്റെ എക്‌സ്‌ഷോറൂം വില 23.52 ലക്ഷം രൂപയാണ്. ആറ് വേരിയന്റിലായി ഇത് വാങ്ങാം. എല്ലാത്തിനും 156 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 1,890cc എയര്‍-കൂള്‍ഡ് V-ട്വിന്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.
ഇന്ത്യന്‍ ചലഞ്ചര്‍: ഇതിന് ചലഞ്ചര്‍ ലിമിറ്റഡ്, ചലഞ്ചര്‍ ഡാര്‍ക്ക് ഹോഴ്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ട്. ബെസ്പോക്ക് പെയിന്റും പാര്‍ട്‌സും ലഭിക്കുന്ന ചലഞ്ചര്‍ എലൈറ്റും വാങ്ങാന്‍ കിട്ടും. ,786cc ലിക്വിഡ്-കൂള്‍ഡ് V-ട്വിന്‍ 178 Nm എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇന്ത്യന്‍ ചലഞ്ചര്‍ ശ്രേണിക്ക് 36.12 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.
ഇന്ത്യന്‍ ചീഫ്‌റ്റൈന്‍ പവര്‍പ്ലസ്: ഇത് നാല് വേരിയന്റുകളിലാണ് വരുന്നത്. ചീഫ്‌റ്റൈന്‍ ലിമിറ്റഡിനും ചീഫ്‌റ്റൈന്‍ ഡാര്‍ക്ക് ഹോഴ്സിനും കരുത്ത് പകരുന്നത് 171 Nm ടോര്‍ക്ക് നല്‍കുന്ന എയര്‍-കൂള്‍ഡ് 1,890cc V-ട്വിന്‍ എഞ്ചിനാണ്. 181.4 Nm ടോര്‍ക്ക് വികസിപ്പിക്കാന്‍ ശേഷിയുള്ള ലിക്വിഡ്-കൂള്‍ഡ് 1,834cc V-ട്വിന്‍ എഞ്ചിനുള്ള ചീഫ്‌റ്റൈന്‍ പവര്‍പ്ലസ് ലിമിറ്റഡും ചീഫ്‌റ്റൈന്‍ പവര്‍പ്ലസ് ഡാര്‍ക്ക് ഹോഴ്സുമാണ് മറ്റ് രണ്ട് വേരിയന്റുകള്‍. ചീഫ്‌റ്റൈന്‍ ലൈനപ്പിന്റെ വില 37.11 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.
ഇന്ത്യന്‍ സ്പ്രിംഗ്ഫീല്‍ഡ് ഡാര്‍ക്ക് ഹോഴ്‌സ്: സ്പ്രിംഗ്ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ്, സ്പ്രിംഗ്ഫീല്‍ഡ് ഡാര്‍ക്ക് ഹോഴ്‌സ് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. 171 Nm ടോര്‍ക്ക് വികസിപ്പിക്കുന്ന 1,890cc എയര്‍-കൂള്‍ഡ് V-ട്വിന്‍ 171 Nm എഞ്ചിനാണ് ഇതിന്റെ ഹൃദയം. ചീഫ്‌റ്റൈന് മുകളില്‍ വരുന്ന സ്പ്രിംഗ്ഫീല്‍ഡിന് 41.96 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

ഇന്ത്യന്‍ പേര്‍സ്യൂട്ട് ഡാര്‍ക്ക് ഹോഴ്‌സ്: ഇതിന് 43.19 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ചലഞ്ചറിന് സമാനമായി പേര്‍സ്യൂട്ട് ലിമിറ്റഡും പേര്‍സ്യൂട്ട് ഡാര്‍ക്ക് ഹോഴ്സും 112 പായ്ക്ക് കൗണ്ടര്‍പാര്‍ട്ടുകളുമുണ്ട്. കമ്പനിയുടെ പ്രധാന മോഡലായ റോഡ്മാസ്റ്ററിന് 48.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഇത് നാല് വേരിയന്റുകളില്‍ ലഭ്യമാണ്.
റോഡ്മാസ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡ്, റോഡ്മാസ്റ്റര്‍ ലിമിറ്റഡ്, റോഡ്മാസ്റ്റര്‍ ഡാര്‍ക്ക് ഹോഴ്‌സ്, റോഡ്മാസ്റ്റര്‍ എലൈറ്റ് എന്നിവയാണവ. എല്ലാ വേരിയന്റുകള്‍ക്കും 171 Nm ടോര്‍ക്കുള്ള 1,890cc എയര്‍-കൂള്‍ഡ് V-ട്വിന്‍ 171 Nm എഞ്ചിനാണ് വരുന്നത്. വൈവിധ്യമാര്‍ന്ന മോഡലുകളിലൂടെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








