നൊസ്റ്റാള്‍ജിയ വിറ്റ് ക്യാശാക്കാന്‍ കൈനറ്റിക്! ഇതിഹാസത്തെ ഓര്‍മിപ്പിക്കുന്ന പുത്തന്‍ ഇ-സ്‌കൂട്ടര്‍ ഈ മാസം
ഇന്ത്യയുടെ ഇരുചക്ര വാഹന ചരിത്രം എഴുതുമ്പോള്‍ വിസ്മരിക്കാനാകാത്ത നാമമാണ് കൈനറ്റിക്ക്. പലരുടെയും നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ഈ ഒരു ബ്രാന്‍ഡും അവര്‍ പുറത്തിറക്കിയ സ്‌കൂട്ടറുകളും. കാലത്തിന് അനുസരിച്ച് കോലം മാറി ഇലക്ട്രിക് അവതാരത്തില്‍ കമ്പനി കൈനറ്റിക് ഗ്രീന്‍ എന്ന പേരില്‍ പുനര്‍ജനിച്ചിരുന്നു. കൈനറ്റിക് ഗ്രീനിലൂടെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ഈ മാസം അവസാനത്തോടെ കൃത്യമായി പറഞ്ഞാല്‍ 2025 ജൂലൈ 28-ന് കമ്പനി ഒരു പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. ലോഞ്ചിന് മുന്നോടിയായി ഈ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഐക്കണിക് കൈനറ്റിക് ഹോണ്ട DX എന്ന മോഡലിനെ അനുസ്മരിപ്പിക്കുന്ന ചില ഫീച്ചറുകള്‍ വരാന്‍ പോകുന്ന സ്‌കൂട്ടറില്‍ ഉണ്ടാകുമെന്ന് ടീസര്‍ സൂചന നല്‍കുന്നു. ടീസറില്‍ അധികം വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പഴയ കൈനറ്റിക് സ്‌കൂട്ടറുകളിലെ സ്വിച്ച് ഗിയറുകള്‍ ഇതിലും ഉണ്ടാകുമെന്നാണ് സൂചന. ടീസര്‍ ചിത്രം സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ബാര്‍ സ്വിച്ച് ഗിയറിന്റെ ക്ലോസ്-അപ്പായുള്ള ഷോട്ട് വെളിപ്പെടുത്തുന്നു.
ലേഔട്ട് പുതുമയുള്ളതാണെങ്കിലും, തിളങ്ങുന്ന ചുവന്ന 'റെഡി' (READY) ബട്ടണ്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. 'ആര്‍ യൂ' (ARE YOU) എന്ന് എഴുതിയിരിക്കുന്ന മറ്റൊരു ബട്ടണും വലതുവശത്തുള്ള സ്വിച്ച്ഗിയറില്‍ സ്ഥാപിച്ചിട്ടുണ്ട്. പല ഇന്ത്യക്കാരും ഇന്നും സ്്‌നേഹപൂര്‍വ്വം ഓര്‍ക്കുന്ന ക്ലാസിക് മോഡലായ കൈനറ്റിക് DX-ല്‍ നിന്നുള്ള സ്റ്റാര്‍ട്ട് സ്വിച്ചിനുള്ള ഒരു മികച്ച ആദരമാണ് ഇത്. നൊസ്റ്റാള്‍ജിയക്കുള്ള മാര്‍ക്കറ്റ് കമ്പനി ഇതിലൂടെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ സ്‌കൂട്ടറിന്റെ പ്രോട്ടോടൈപ്പ് മുംബൈയില്‍ വെച്ച് പരീക്ഷണയോട്ടത്തിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. ഇത് പഴയ കൈനറ്റിക് ഹോണ്ടയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് അതിന്റെ രൂപകല്‍പ്പനയില്‍ നിന്ന് വ്യക്തമായിരുന്നു. മുന്‍വശത്തെ ഏപ്രണും പിന്‍ഭാഗവും വലിയ സീറ്റുമെല്ലാം പഴയ DX സ്‌കൂട്ടറിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ഹെഡ്ലൈറ്റിന്റെ രൂപം, കൈനറ്റിക് ലോഗോയുടെ ആകൃതിയിലുള്ള ഡിആര്‍എല്‍, മുന്‍വശത്തെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍ എന്നിവ പരീക്ഷണയോട്ടം നടത്തിയ സ്‌കൂട്ടറില്‍ കാണപ്പെട്ടിരുന്നു. ഈ ഡിസൈനുകളെല്ലാം 1990-കളിലെ പഴയ കൈനറ്റിക് DX സ്‌കൂട്ടറിനെ ഓര്‍മ്മിപ്പിക്കുന്നവയാണ്. ഈ സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമല്ല. എന്നിരുന്നാലും വരാന്‍ പോകുന്ന ഇവി സ്‌കൂട്ടറിന് ഹബ് മൗണ്ടഡ് മോട്ടോര്‍ നല്‍കാനാണ് സാധ്യത.
കൂടാതെ 12 ഇഞ്ച് വീല്‍, ടെലിസ്‌കോപ്പിക് ഫോര്‍ക്ക്, ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയും ഇതില്‍ പ്രതീക്ഷിക്കാം. കൈനറ്റിക് ഇതിനെ എന്‍ട്രി ലെവല്‍ പ്രീമിയം സ്‌കൂട്ടറായാണ് വിപണിയില്‍ എത്തിക്കാന്‍ സാധ്യത. ഏകദേശം ഒരു ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഈ മാസം 28-ന് കമ്പനി വില പ്രഖ്യാപിക്കുമെന്നതിനാല്‍ കാത്തിരിപ്പ് കുറവാണ്.
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ ടിവിഎസ്, ബജാജ് എന്നീ പരമ്പരാാഗത കമ്പനികള്‍ക്കൊപ്പം ഓല, ഏഥര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് കമ്പനികളുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവര്‍ക്കിടയിലേക്ക് ഇന്ത്യക്കാരുടെ ഭൂതകാലത്തെ ഭാവിയുമായി വിളക്കിച്ചേര്‍ത്തുള്ള ഒരു പരീക്ഷണത്തിനാണ് കൈനറ്റിക് മുതിരുന്നത്. റെട്രോ സ്‌റ്റെലിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മികച്ച ഡിമാന്‍ഡ് ഉണ്ട്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ വിലയാണ് പ്രധാനം. അതില്‍ കൈനറ്റിക്കിന് ഞെട്ടിക്കാന്‍ കഴിഞ്ഞാല്‍ അതിവേഗം മുന്നേറാം. ഒപ്പം തന്നെ തങ്ങളുടെ വില്‍പ്പന ശൃംഖലയും വിപുലീകരിക്കാന്‍ ശ്രദ്ധിക്കണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications









