ഇതിഹാസം തിരിച്ചെത്തി! 1980-കളില്‍ വാങ്ങാന്‍ കൊതിക്കാത്തവരില്ല, 1.11 ലക്ഷത്തിന് ഇപ്പോള്‍ വാങ്ങാം
കാര്‍ ആയാലും ടൂവീലര്‍ ആയാലും ഐതിഹാസിക നെയിംപ്ലേറ്റുകള്‍ തിരികെ കൊണ്ടുവരുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ടാറ്റ സഫാരിക്ക് പിന്നാലെ ഉടന്‍ തന്നെ സിയറ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. ഇരുചക്ര വാഹനങ്ങളിലേക്ക് വന്നാല്‍ ബജാജ് ഇലക്ട്രിക് കുപ്പായമണിയിച്ച് ചേതക്കിനെ പുനരുജ്ജീവിപ്പിച്ചു. ഇനി കൈനറ്റിക് DX എന്ന ഐതിഹാസിക സ്‌കൂട്ടറിന്റെ ഊഴമാണ്. ഇപ്പോള്‍ കൈനറ്റിക്ക് എഞ്ചിനിയറിംഗ് ലിമിറ്റഡ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ കൈനറ്റിക് വാറ്റ്‌സ് ആന്‍ഡ് വോള്‍ട്ടസ് ലിമിറ്റഡിന് കീഴില്‍ തിങ്കളാഴ്ച (28 ജൂലൈ 2025) പുതിയ കൈനറ്റിഡ് DX ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ്.
കമ്പനി ഇത് DX, DX പ്ലസ് (DX+) എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് അവതരിപ്പിച്ചത്. ഇന്ത്യന്‍ നിരത്തില്‍ ബജാജ് ചേതക്ക് അടക്കമുള്ള കരുത്തരായ എതിരാളികളോടാണ് ഈ സ്‌കൂട്ടര്‍ ഏറ്റുമുട്ടേണ്ടത്. ഇന്ത്യക്കാരുടെ ഗൃഹാതുരത്വവുമായി ഇഴചേര്‍ന്ന് കിടക്കുന്ന കൈനറ്റിക് DX എന്ന പേര് ഈ ഉദ്യമത്തിന് അവര്‍ക്ക് കരുേത്താകും. ഈ സാഹചര്യത്തില്‍ പഴയ കൈനറ്റിക് DX സ്‌കൂട്ടറിനെ ഒന്ന് ഓര്‍ത്തെടുക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

ഒരുകാലത്ത് ബജാജ് ഓട്ടോയെപ്പോലും വെല്ലുവിളിച്ച് സ്‌കൂട്ടര്‍ വിപണിയില്‍ തരംഗമായ ഒരു ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായിരുന്നു കൈനറ്റിക്. ജാപ്പാനസ് ബ്രാന്‍ഡ് ആയ ഹോണ്ടയുമായുള്ള സഹകരണത്തിലൂടെ കൈനറ്റിക് വലിയ സ്വീകാര്യത നേടി. ഹോണ്ടയുമായി ചേര്‍ന്ന് നിരവധി സ്‌കൂട്ടറുകള്‍ അവര്‍ പുറത്തിറക്കി. 1980-90 കാലഘട്ടത്തില്‍ കൈനറ്റിക് DX, EX, ZX എന്നിങ്ങനെ വിവിധ മോഡലുകള്‍ പുറത്തിറക്കിയിരുന്നു.
ഇതില്‍ കൈനറ്റിക് DX ആയിരുന്നു കൂടുതല്‍ പ്രചാരം നേടിയത്. ബജാജ് ചേതക്കിനെപ്പോലെ കൈനറ്റിക് DX സ്‌കൂട്ടറും 1980-90 കാലഘട്ടത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിറഞ്ഞ് നിന്നു. ഇലക്ട്രിക് സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, സ്ലീക്ക് ഡിസൈന്‍ എന്നിവയായിരുന്നു കൈനറ്റിക് DX എന്ന മോഡലിനെ ആകര്‍ഷകമാക്കിയത്. ഇന്ത്യയിലെ മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ പ്രതീക്ഷകമായി ഇത് നിലകൊണ്ടു. ഹോണ്ടയുമായി തെറ്റിപ്പിരിഞ്ഞ ശേഷവും കൈനറ്റിക് 4 സ്‌ട്രോക്ക് പതിപ്പില്‍ DX സ്‌കൂട്ടര്‍ വില്‍പ്പനക്കെത്തിച്ചു.
21-ാം നൂറ്റാണ്ടില്‍ വിദേശ കമ്പനികളുടെ കടന്നുവരവ് ശക്തമായതോടെ കൈനറ്റിക് ക്രമേണ ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. 2008-ല്‍ മഹീന്ദ്രയുമായി സഹകരിച്ച് കൈനറ്റിക് തങ്ങളുടെ ബിസിനസ് രീതികളില്‍ മാറ്റം കൊണ്ടുവന്നു. കൈനറ്റിക് എഞ്ചിനിയറിംഗിന്റെ 80% ഓഹരികള്‍ മഹീന്ദ്ര ഏറ്റെടുത്തു. കൈനറ്റിക് വാള്‍ട്ട്‌സ് ആന്‍ഡ് വോള്‍ട്ട്‌സ് ഇവി ഘടകങ്ങളായ മോട്ടോര്‍, കണ്‍ട്രോളര്‍, ബാറ്ററി എന്നിവ നിര്‍മിക്കുന്ന ഒരു സ്ഥാപനമായാണ് തുടങ്ങിയത്. അവര്‍ ആണ് ഇപ്പോള്‍ കൈനറ്റിക് DX ഇവി പുറത്തിറക്കിയിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് 2011-ല്‍ കൈനറ്റിക് ഗ്രൂപ്പ് 'കൈനറ്റിക് ഗ്രീന്‍' എന്നൊരു പുതിയ സംരംഭം ആരംഭിച്ചിരുന്നു. കൈനറ്റിക് ഗ്രീന്‍ തുടര്‍ന്നും ഇലക്ട്രിക് ടൂവീലറുകളും ത്രീവീലറുകളും വിപണിയില്‍ എത്തിക്കും. രണ്ട് വ്യത്യസ്ത കമ്പനികളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവ രണ്ടും കൈനറ്റിക് ഗ്രൂപ്പിന്റെ കീഴിലാണ് വരുന്നത്.

കൈനറ്റിക് വാള്‍ട്ട്‌സ് ആന്‍ഡ് വോള്‍ട്ട്‌സ് വിപണിയിലിറക്കിയ കൈനറ്റിക് DX ഇവി സ്‌കൂട്ടറിന് പഴയകാല മോഡലുമായി ഡിസൈനിലടക്കം സമാനതകളുണ്ട്. കൈനറ്റിക് ബ്രാന്‍ഡിംഗോടുകൂടിയ സ്റ്റബ്ബി വൈസര്‍ പണ്ടത്തെ കൈനറ്റിക് ഹോണ്ട DX സ്‌കൂട്ടറിനെ ഓര്‍മപ്പെടുത്തുന്നു. ചേതക്കിനെ പോലെ തന്നെ റെട്രേ ലുക്ക് നിലനിര്‍ത്തിക്കൊണ്ട് തന്നെ ഫീച്ചറുകളുടെ കാര്യത്തില്‍ മോഡേണ്‍ ആയിട്ടാണ് പുത്തന്‍ ഇവിയുടെ വരവ്.
കൂയിസ് കണ്‍ട്രോള്‍, 8.8 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ബില്‍റ്റ്-ഇന്‍ സ്പീക്കര്‍, കീലെസ് സിസ്റ്റം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍െ ഇതില്‍ നല്‍കിയിരിക്കുന്നു. കൂടുതല്‍ സൗകര്യത്തിനായി സ്‌കൂട്ടറിന്റെ ബോഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചാര്‍ജര്‍ ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. പുതിയ കൈനറ്റിക് DX-ന് 1,11,499 രൂപയും കൈനറ്റിക് DX പ്ലസിന് 1,17,499 രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
കൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 1,000 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. 2025 ഒക്ടോബറില്‍ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. തുടക്കത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ 40,000 യൂണിറ്റ് മാത്രമായിരിക്കും വില്‍പ്പനക്ക് ലഭ്യമാകുകയെന്ന് കമ്പനി ഓര്‍മിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








