കെടിഎം സൂപ്പർ ബൈക്ക്, മോട്ടോജിപി സ്റ്റൈലുള്ള 990 RC R വിപണിയിൽ; ഇന്ത്യക്കാർക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്
ലോകമെമ്പാടുമുള്ള ബൈക്ക് പ്രേമികളെ പുളകം കൊള്ളിക്കാനായി ആഗോളതലത്തിൽ പുത്തൻ KTM 990 RC R പുറത്തിറക്കി ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം. സ്ട്രീറ്റ് പെർഫോമൻസും ട്രാക്ക് റേസിംഗും ഇഷ്ടപ്പെടുന്ന റൈഡർമാർക്കായി സൃഷ്ടിച്ച സൂപ്പർബൈക്ക് ആദ്യ കാഴ്ച്ചയിൽ തന്നെ യുവാക്കളുടെ ഹൃദയത്തിൽ ഇടംപിടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനിടയിൽ ഇനിയെന്നാണ് KTM 990 RC R ഇന്ത്യയിലേക്ക് എന്ന ചോദ്യം പല ഇന്ത്യൻ റൈഡർമാരുടെ ഇടയിലും ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഈ ലേഖനത്തിലുണ്ട്. ഒപ്പം ഓസ്ട്രിയക്കാരുടെ പുതിയ സവിശേഷതകൾ എന്തെല്ലാമാണെന്നുക്കൂടി പറഞ്ഞുതരാം.
പവറും മികച്ച സാങ്കേതികവിദ്യകളും ഇണച്ചേർന്നതാണ് പുതിയ സ്‌പോർട്‌സ്ബൈക്ക്. 990 RC R മോഡലിന്റെ ഡിസൈൻ കെടിഎമ്മിന്റെ റേസിംഗ് ഐഡന്റിറ്റിയെ നിലനിർത്തുന്നുണ്ട്. ആദ്യ നോട്ടത്തിലെ ആകർഷണം ഫുള്ളി ഫെയർഡ് ബോഡിയും ആ ഓറഞ്ച് കളർ ഓപ്ഷനും തന്നെയാണ്. കൂടാതെ മുൻവശത്തായി വരുന്ന ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ കെടിഎമ്മിന്റെ സൂപ്പർബൈക്കിന് ബോൾഡ് ലുക്ക് കൈവരിക്കാനും സഹായിച്ചിട്ടുണ്ട്.

റൈഡറിന് ചുറ്റും ഡൗൺഫോഴ്‌സും, ചാനൽ എയർ ഉൽപാദിപ്പിക്കുന്ന ഫങ്ഷണൽ വിംഗ്‌ലെറ്റുകളും, എയർ ഡക്റ്റുകളും ബൈക്കിന്റെ ഡിസൈനിലെ പ്രധാന ആകർഷണങ്ങളാണ്. ടെയിൽ സെക്ഷൻ മിനിമലിസ്റ്റും ഒതുക്കമുള്ളതുമാണ്. ഒരു സ്ലീക്ക് എൽഇഡി ടെയിൽ-ലൈറ്റ് ബൈക്കിന്റെ റേസിംഗ്-പ്രചോദിത സിംഗിൾ-സീറ്റ് സജ്ജീകരണത്തിന് പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ കെടിഎം 990 സിസി സൂപ്പർബൈക്കിന്റെ സിഗ്നേച്ചർ ഓറഞ്ച് ട്രെല്ലിസ് ഫ്രെയിം കൂടിയാവുമ്പോൾ കണ്ണിന് വല്ലാത്തൊരു കുളിർമയാണ് ലഭിക്കുന്നത്.
ആരെയും മയക്കുന്ന കിടിലൻ പെർഫോമൻസ് കാഴ്ച്ചവെക്കുന്നതിൽ കേമനാണ് കെടിഎം 990 RC R. 947 സിസി LC8c പാരലൽ-ട്വിൻ എഞ്ചിനാണ് ഇവൻ്റെ ഹൃദയം. ഇത് ഏകദേശം 128 bhp പവറും 103 Nm ടോർക്കും ഉത്പാദിപ്പിക്കുന്നതിനോടൊപ്പം ആക്സിലറേഷനും ശക്തമായ മിഡ്-റേഞ്ച് പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്‌സും ഒരു ക്വിക്ക്ഷിഫ്റ്ററുമായി ജോടിയാക്കിയിരിക്കുന്നു.
മുഴുവൻ ആർപിഎം ശ്രേണികളിലും മികച്ച ത്രോട്ടിൽ ഉറപ്പാക്കിക്കൊണ്ട് സുഗമമായ പവർ നൽകുന്നതിനായാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ഈ എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 240 കിലോമീറ്റർ പരമാവധി വേഗതയും 3.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യുന്ന സൂപ്പർബൈക്ക് കൈതിരിച്ചാൽ റോക്കറ്റ് പോവുന്നപോലെ ചീറിപ്പായും.
സൂപ്പർബൈക്കായതിനാൽ മൈലേജ് ഒന്നുമുണ്ടാവില്ലല്ലോയെന്ന് ചിന്തിക്കുന്നവരും ഏറെയാണ്. 15.7 ലിറ്റർ ഫ്യുവൽ ടാങ്കുള്ള ഈ ബൈക്ക് മര്യാദയ്ക്ക് ഓടിക്കുകയാണെങ്കിൽ ഫുൾ ടാങ്കിൽ ഏകദേശം 300-340 കിലോമീറ്റർ റൈഡിംഗ് റേഞ്ച് നൽകും. അതിനാൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ബൈക്കുകൾ ആഗ്രഹിക്കുന്ന പുതുതലമുറ റൈഡർമ്മാർക്ക് ഏറ്റവും മികച്ച ചോയിസാണ് കെടിഎം 990 RC R എന്നതിൽ ഒരു സംശയവുമില്ല.
റൈഡർമാരെ ആത്മവിശ്വാസം നിലനിർത്തുന്നതിനായി നൂതന സുരക്ഷാ സവിശേഷതകളോടെയാണ് കെടിഎം 990 RC R രൂപകൽപ്പന ചെയ്തിരിക്കുന്നത്. വളവുകളിലോ പെട്ടെന്നുള്ള ബ്രേക്കിംഗിലോ സ്ഥിരത ഉറപ്പാക്കാൻ ബൈക്കിൽ കോർണറിംഗ് എബിഎസ്, മോട്ടോർസൈക്കിൾ ട്രാക്ഷൻ കൺട്രോൾ എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹൈ പെർഫോമൻസായിട്ടുള്ള ബ്രെംബോ ബ്രേക്കുകൾ ശക്തവും വിശ്വസനീയവുമായ സ്റ്റോപ്പിംഗ് പവർ നൽകുന്നുമുണ്ട്.
അതേസമയം 8.8 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും ബൈക്കിന്റെ പ്രധാന ആകർഷണമാണ്, ലീൻ ആംഗിൾ, സിസ്റ്റം അലേർട്ടുകൾ തുടങ്ങിയ പ്രധാന വിവരങ്ങൾ റൈഡറെ അറിയിക്കുന്നതിന് ഈ യൂണിറ്റ് സഹായകരമാണ്. ഈ സാങ്കേതികവിദ്യകൾ ഒരുമിച്ച കെടിഎം 990 RC R ആവേശകരവും വിവിധ റൈഡിംഗ് സാഹചര്യങ്ങളിൽ സുരക്ഷിതവും കൂടുതൽ എളുപ്പമുള്ള ഹാൻഡിലിംഗും പ്രതിധാനം ചെയ്യും.
നിലവിൽ 990 RC R ഇന്ത്യയിൽ അവതരിപ്പിക്കുന്നത് കെടിഎം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, സാധ്യമാകുമ്പോഴെല്ലാം അന്താരാഷ്ട്ര ബൈക്കുകൾ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാൻ കമ്പനി തയ്യാറാണെന്ന് കാണിക്കുന്ന എൻഡ്യൂറോ R 390 പോലുള്ള ആഗോള-സ്‌പെക്ക് മോഡലുകൾ കെടിഎം മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നുമില്ലെങ്കിലും ഭാവിയിൽ ഇന്ത്യയിൽ 990 RC R പുറത്തിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








