ലേ ലഡാക്ക് യാത്രയിൽ പണി കിട്ടില്ല; സർവീസ് ഓൺ വീൽസുമായി കെടിഎം
ബൈക്കിൽ പോകേണ്ട സ്ഥലങ്ങളിൽ എന്നും ഒന്നാം സ്ഥാനമാണ് ലഡാക്കിന്. ഹിമാലയത്തിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഓരോ യാത്രക്കാരിലേക്കും വ്യത്യസ്തമായ ഒരു അനുഭവമാണ് നൽകുന്നുന്നത്. പ്രകൃതിയുടെ മികച്ച ഒരു വരദാനമാണ് ലേ എന്ന് വേണമെങ്കിൽ പറയാം. കണ്ണുകളേയും ഹൃദയത്തേയും ഒരു പോലെ നിറയ്ക്കുന്ന കാഴ്ച്ചകൾ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും.ബൈക്ക് യാത്രികരുടെ പറുദീസയായ ലേയിലേക്കുളള യാത്രകളിൽ നിരവധി പ്രതിസന്ധികൾ നേരിട്ടേക്കാം. പ്രത്യേകിച്ച് ബൈക്കിൽ വരുന്നവർക്ക്. ചിലർ വേനൽക്കാലത്താണ് വരുന്നതെങ്കിൽ മറ്റ് ചിലർ ശൈത്യകാലത്തായിരിക്കും. കെടിഎം ബൈക്കുകളുമായി നിരവധി റൈഡർമാർ ലേയിലേക്ക് വരാറുണ്ട്. ഇനി അവർ അവിടെ വണ്ടിക്ക് പണി കിട്ടി കുടുങ്ങേണ്ടി വരില്ല എന്നൊരു ആശ്വാസം ഉണ്ട്.
മറ്റൊന്നുമല്ല കെടിഎം ലേ ലഡാക്കിൽ സർവീസ് ഓൺ വീൽസ് എന്ന സംവിധാനം ആരംഭിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ദുർഘടമായ ഭൂപ്രദേശങ്ങളിൽ സുഗമവും ഉയർന്ന പ്രകടനമുള്ളതുമായ റൈഡിംഗ് അനുഭവങ്ങൾ നൽകുന്നതിനുള്ള കെടിഎമ്മിന്റെ നീക്കം വലിയ ഒരു മുന്നേറ്റം തന്നെയാണ്. മണ്ടി മുതൽ മണാലി വരെയും, കീലോംഗ് മുതൽ സാർച്ചു വരെയും, ലേ വരെയും, കെടിഎം സർവീസ് ശൃംഖല വ്യാപിപ്പിക്കുകയാണ്.

ജിസ്പയ്ക്കും സാർച്ചുവിനും ഇടയിൽ കെടിഎമ്മിന്റെ സർവീസ് ഓൺ വീൽസ് പ്രവർത്തിക്കും, ഈ വിദൂര പ്രദേശങ്ങളിലെ റൈഡർമാർക്ക് അടിയന്തിര സഹായവും സർവീസും നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 12500 അടി ഉയരത്തിലേക്കും തൻ്റെ കെടിഎം ബൈക്കുമായി പോകാം അതോടൊപ്പം തന്നെ വാഹനം പണിമുടിക്കിയാലും സർവീസ് സെൻ്റർ അടുത്തുണ്ട് എന്ന ആത്മവിശ്വാസമാണ് ഇതിലൂടെ ബ്രാൻഡ് ഓരോ റൈഡർക്കും നൽകുന്നത്.
കെടിഎമ്മിൻ്റെ പുതിയ ബൈക്കിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ 2025 ഫെബ്രുവരിയിലാണ് കെടിഎം ഇന്ത്യ 390 അഡ്വഞ്ചർ X പുറത്തിറക്കുന്നത്. ലോഞ്ച് ചെയ്ത് മാസങ്ങൾ കഴിയുമ്പോഴേക്കും ഓസ്ട്രിയൻ നിർമാതാക്കൾ കൂടുതൽ ഫീച്ചറുകൾ ചേർത്തുകൊണ്ട് ബൈക്കിനെ പരിഷ്ക്കരിച്ചത് പുതിയ ഊർജമാണ് സമ്മാനിക്കുക. ക്രൂയിസ് കൺട്രോളുമായി വരുന്ന പ്രീമിയം മോട്ടോർസൈക്കിളിന് ഇപ്പോൾ 3.03 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

മുമ്പുണ്ടായിരുന്ന മോഡലിനേക്കാൾ ഏകദേശം 12,000 രൂപയാണ് ക്രൂയിസ് കൺട്രോളുമായി വരുന്ന പുതിയ കെടിഎം 390 അഡ്വഞ്ചർ X ടൂറർ ബൈക്കിന് അധികം മുടക്കേണ്ടി വരിക. 2.91 ലക്ഷം രൂപയായിരുന്ന വില 3.03 ലക്ഷമായെങ്കിലും കൊടുക്കുന്ന വിലയ്ക്കുള്ള മുതലുണ്ട് ആശാൻ. ബൈക്കിന്റെ ഡിസൈൻ മാറ്റമില്ലാതെ തുടരുമ്പോൾ പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചതാണ് വില കൂടാൻ കാരണമായിരിക്കുന്നത്.
കെടിഎം 390 അഡ്വഞ്ചർ X ബൈക്കിൽ ഇപ്പോൾ കോർണറിംഗ് എബിഎസ്, ക്രൂയിസ് കൺട്രോൾ സിസ്റ്റം, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളെല്ലാം ലഭിക്കും. ഇതിനൊപ്പം, സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ് എന്നിങ്ങനെ ബ്രാൻഡ് മൂന്ന് റൈഡിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ത്രോട്ടിൽ മാപ്പുകളാണ് ഈ മോഡുകളിലൂടെ സാധ്യമാക്കുക. ഇത് വിവിധ റോഡ് സാഹചര്യങ്ങളിൽ റൈഡർക്ക് കൂടുതൽ കൺട്രോൾ നൽകാൻ സഹായകരമാവും.

ഏറ്റവും പുതിയ 390 ഡ്യൂക്കിൽ കാണുന്ന അതേ 399 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 390 അഡ്വഞ്ചർ X മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് 46 bhp കരുത്തിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് കെടിഎം പറയുന്നു. 6 സ്പീഡ് ഗിയർബോക്‌സും ബൈഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററുമാണ് ലഭ്യമാവുക. എന്തായാലും കെടിഎം ലേ ലഡാക്കിലെ സേവനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








