ഡിമാന്‍ഡ് കുറവാണെങ്കിലും വില കൂട്ടും! ജനപ്രിയ ബൈക്കിന് എത്ര രൂപ അധികം കൊടുക്കണമെന്നറിയാം
ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കെടിഎം ഇന്ത്യയില്‍ നിരവധി ജനപ്രിയ ബൈക്കുകള്‍ പുറത്തിറക്കുന്നുണ്ട്. അതില്‍ ഒന്നാണ് കെടിഎം RC 200. നിങ്ങള്‍ ഒരു കെടിഎം RC 200 വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ ഇനി അല്‍പ്പം കൂടി പണം കൈയ്യില്‍ കരുതണം. കാരണം കമ്പനി സ്‌പോര്‍ട്‌സ് ബൈക്കിന്റെ വില 12000 രൂപ കൂട്ടിയിരിക്കുകയാണ്. കെടിഎം RC 200 മോട്ടോര്‍സൈക്കിളിന്റെ പുതിയ എക്‌സ്‌ഷോറൂം വില 2.33 ലക്ഷം രൂപയാണ്. കഴിഞ്ഞ മാസം വരെ ഈ മോഡല്‍ 2.21 ലക്ഷം രൂപയ്ക്കായിരുന്നു വിറ്റിരുന്നത്. ബൈക്കിന്റെ സവിശേഷതകളും വില വര്‍ധനവിന്റെ കാരണവുമാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
വില വര്‍ധനവിനുള്ള കാരണങ്ങള്‍ കെടിഎം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്തതാണ് വില വര്‍ധനവിന് കാരണമെന്നാണ് അനുമാനിക്കപ്പെടുന്നത്. പുതിയ OBD-2B എഞ്ചിനുമായി വരുന്ന ബൈക്കുകള്‍ക്കെല്ലാം ചെറിയ രീതിയില്‍ വില വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കെടിഎം RC 200 മോഡലിന് 12000 രൂപ വര്‍ധിപ്പിച്ചത് അല്‍പ്പം കൂടിപ്പോയില്ലേ എന്ന് ചോദിക്കുന്നവരാണ് കൂടുതല്‍.

രസകരമായ സംഗതി എന്തെന്നാല്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഡിമാന്‍ഡ് കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് കെടിഎം RC 200 മോട്ടോര്‍സൈക്കിളിന്റെ വില ഉയര്‍ത്തിയിരിക്കുന്നത്. 2024 ഉത്സവ സീസണ്‍ കഴിഞ്ഞ ശേഷം മുഴുവന്‍ RC സീരീസിനുമുള്ള എന്‍ക്വയറികള്‍ കുറഞ്ഞിട്ടുണ്ടെന്ന് കെടിഎം ഡീലര്‍ഷിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് മതിയായ കാരണവുമുണ്ട്.
കഴിഞ്ഞ വര്‍ഷം പുതുതലമുറ RC 390 പരീക്ഷണയോട്ടത്തിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. ഇതോടെ ഉപഭോക്താക്കള്‍ പുതുതലമുറ RC മോഡലുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതാകാം ഡിമാന്‍ഡ് കുറയാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം നവംബറില്‍ നടക്കാന്‍ പോകുന്ന EICMA-യില്‍ പുതിയ RC സീരീസ് അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം ടീം ഓറഞ്ച് ബൈക്ക് ഇന്ത്യന്‍ വിപണിയിലും പുറത്തിറക്കും.
റേസിംഗിന് അനുയോജ്യമായ രീതിയില്‍ അഗ്രസീവായ ഡിസൈനിംഗാണ് കെടിഎം RC 200 മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അത്യാവശ്യം മുതിര്‍ന്ന റൈഡര്‍മാര്‍ ഈ മോഡല്‍ ഇഷ്ടപ്പെടുന്നു. എയറോഡൈനാമിക് ഫെയറിംഗ്, സ്പ്ലിറ്റ് സീറ്റുകള്‍, പ്രീമിയം ഫിനിഷ് എന്നിവ ഈ സെഗ്മെന്റിലെ ഏറ്റവും സ്‌റ്റൈലിഷ് ബൈക്കുകളില്‍ ഒന്നാക്കി കെടിഎം RC 200-നെ മാറ്റുന്നു.
കെടിഎം RC 200 മോട്ടോര്‍സൈക്കിളിന് 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകാന്‍ എത്തുന്നത്. ഇത് 24.6 bhp പവറും 19.2 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു.
13.7 ലിറ്റര്‍ ഫ്യുവല്‍ ടാങ്കുമായി വരുന്ന ഈ ബൈക്കിന്റെ കെര്‍ബ് വെയിറ്റ് 160 കിലോഗ്രാം ആണ്. ഇതില്‍ ഫ്രണ്ടില്‍ 320 mm പിന്നില്‍ 230mm ഡിസ്‌ക് ബ്രേക്കുകള്‍ സ്‌റ്റോംപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. ഡുവല്‍-ചാനല്‍ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റവും വരുന്നുണ്ട്. WP Apex നോണ്‍-അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ് ബൈക്കില്‍ കാണാനാകുക.
കെടിഎം ആര്‍സി 200 ന്റെ പ്രധാന എതിരാളികളില്‍ ഒന്നാണ് യമഹ R 15 V4. ഇതിന്റെ വില 1.84 ലക്ഷം രൂപയാണ്. കെടിഎം RC 200-ന്റെ വില കൂട്ടിയതോടെ R 15 കൂടുതല്‍ താങ്ങാനാവുന്നതായി തോന്നുന്നു. ഇക്കഴിഞ്ഞ ദിവസം യമഹ R15 ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്കും 10 വര്‍ഷത്തെ വാറണ്ടി പ്രഖ്യാപിച്ചിരുന്നു.
ബൈക്കിന് 2 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും 8 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടിയും പരിമിതമായ കാലയളവിലേക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. 12,000 വില വര്‍ധനവ് ലഭിച്ചെങ്കിലും കെടിഎം RC 200 ഇപ്പോഴും യുവാക്കള്‍ക്കിടയില്‍ ആകര്‍ഷകമായ ഒരു സ്പോര്‍ട്സ് ബൈക്കായി തുടരുന്നു. നല്ല പെര്‍ഫോമന്‍സ് പാക്കേജാണെങ്കിലും അപ്ഡേറ്റ് ചെയ്തതോ പുതിയ തലമുറയിലുള്ളതോ ആയ RC മോഡലുകള്‍ക്കായി കാത്തിരിക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ അതാകും മികച്ച തീരുമാനം.


Click it and Unblock the Notifications








