ഇതായിരുന്നോ വില കൂട്ടാന്‍ കാരണം! RC 200 ബൈക്കില്‍ കൊതിപ്പിക്കുന്ന മാറ്റവുമായി KTM
അടുത്തിടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ കെടിഎം ഇന്ത്യ തങ്ങളുടെ RC 200 മോട്ടോര്‍സൈക്കിളിന് ഒരു പുതിയ നിറം സമ്മാനിച്ചു. മെറ്റാലിക് ഗ്രേ എന്നാണ് പുത്തന്‍ കളര്‍വേയുടെ പേര്. ഗ്രേ, ഓറഞ്ച്, ബ്ലാക്ക് എന്നിവ കലര്‍ന്ന ട്രിപ്പിള്‍-ടോണ്‍ ഓപ്ഷന്‍ ബൈക്കിന് തിളക്കമുള്ളതും ഊര്‍ജ്ജസ്വലവുമായ ആകര്‍ഷണം നല്‍കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് വില പരിഷ്‌കാരം നടപ്പാക്കിയതിനാല്‍ പുതിയ നിറത്തിലുള്ള മോഡലിന് നിലവിലുള്ള വില തന്നെ നല്‍കിയാല്‍ മതി. നിലവിലുള്ള കറുപ്പ്, ബ്ലാക്ക് നിറങ്ങള്‍ക്കൊപ്പം ഇതും കമ്പനി വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ നിറം ചേര്‍ത്തതൊഴികെ RC 200 മോട്ടോര്‍സൈക്കിളിന് മറ്റ് മാറ്റങ്ങള്‍ ഒന്നുമില്ല.
കെടിഎം അടുത്തിടെ RC 200 മോട്ടോര്‍സൈക്കിളിന്റെ വില ഏകദേശം 11,000 രൂപ വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധനവിനുള്ള കാരണങ്ങള്‍ കെടിഎം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എഞ്ചിന്‍ അപ്ഡേറ്റ് ചെയ്തതാണ് വില വര്‍ധനവിന് കാരണമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ OBD-2B എഞ്ചിനുമായി വരുന്ന ബൈക്കുകള്‍ക്കെല്ലാം ചെറിയ രീതിയില്‍ വില വര്‍ധിച്ചിട്ടുണ്ട്.

എഞ്ചിന്‍ അപ്ഡേറ്റ് മാത്രം പരിഗണിക്കുമ്പോള്‍ ഇത് വമ്പന്‍ വര്‍ധനവായി തോന്നാമെങ്കിലും പുതിയൊരു ലുക്ക് നല്‍കുന്നതിനായി കമ്പനി ഇപ്പോള്‍ ബൈക്കിനായി ഒരു പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചത് കുറച്ചെങ്കിലും സാധൂകരിക്കുന്നു. പുതിയ മെറ്റാലിക് ഗ്രേ വേരിയന്റിന്റെ ഫെയറിംഗിലും ടെയില്‍ സെക്ഷനിലും രണ്ട് ഗ്രേ നിറത്തിലുള്ള ഷേഡുകളും ഓറഞ്ച് നിറത്തിലുള്ള ഒരു ഡാഷും ചേര്‍ന്നതാണ്.
ഫെയറിംഗിലുടനീളം വലിയ 'കെടിഎം' ലെറ്ററിംഗും 'ആര്‍സി', 'റെഡി ടു റേസ്' ബാഡ്ജുകളും ഇതിന് ഊന്നല്‍ നല്‍കുന്നു. ഈ ട്രിമിന്റെ അലോയ് വീലുകള്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബ്ലൂ കളര്‍ ഓപ്ഷനില്‍ വൈബ്രന്റ് ഓറഞ്ച് വീലുകളാണ് ലഭിക്കുന്നത്. മൂന്ന് ട്രിമ്മുകളില്‍ ഏറ്റവും കുറച്ചുകാണുന്നത് കറുപ്പ് നിറത്തിലുള്ള ഓപ്ഷനാണ്.
രൂപകല്‍പ്പന നോക്കുമ്പോള്‍ റേസിംഗിന് അനുയോജ്യമായ രീതിയില്‍ അഗ്രസീവായ ഡിസൈനിംഗാണ് കെടിഎം RC 200 മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. എയറോഡൈനാമിക് ഫെയറിംഗ്, സ്പ്ലിറ്റ് സീറ്റുകള്‍, പ്രീമിയം ഫിനിഷ് എന്നിവ ഈ സെഗ്മെന്റിലെ ഏറ്റവും സ്റ്റൈലിഷ് ബൈക്കുകളില്‍ ഒന്നാക്കി കെടിഎം RC 200-നെ മാറ്റുന്നു. അതുകൊണ്ട് അത്യാവശ്യം മുതിര്‍ന്ന റൈഡര്‍മാര്‍ KTM RC 200 ഇഷ്ടപ്പെടുന്നു.
OBD-2B കംപ്ലയിന്റായ 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം 24.6 bhp പവറും 19.2 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 13.7 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് ഇതിന് ലഭിക്കുന്നത്. 160 കിലോഗ്രാം ആണ് കെര്‍ബ് ഭാരം.
ഫ്രണ്ടില്‍ 320 mm, പിന്നില്‍ 230mm ഡിസ്‌ക് ബ്രേക്കുകള്‍ സ്റ്റോംപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. ഡുവല്‍-ചാനല്‍ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റവും വരുന്നുണ്ട്. WP Apex നോണ്‍-അഡ്ജസ്റ്റബിള്‍ സസ്പെന്‍ഷന്‍ സജ്ജീകരണമാണ് ബൈക്കില്‍ കാണാനാകുക.കെടിഎം RC 200 മോട്ടോര്‍സൈക്കിളിന് 2.32 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
1.84 ലക്ഷം രൂപ മുതല്‍ 2.12 ലക്ഷം രൂപ വരെ വിലയുള്ള യമഹ R 15 ആണ് പ്രധാന എതിരാളി. വിലകള്‍ എല്ലാം എക്‌സ്-ഷോറൂം ആണെന്ന് ശ്രദ്ധിക്കുക. യമഹ ഇപ്പോള്‍ R15 അടക്കമുള്ള മോഡലുകള്‍ക്ക് 10 വര്‍ഷം വരെ വാറണ്ടി വാഗ്ദാനം ചെയ്യുന്നതിനൊപ്പം പല സംസ്ഥാനങ്ങളിലും കെടിഎം മോഡലിന് ഡമാന്‍ഡ് കുറഞ്ഞ് വരികയാണ്.
2024 ഉത്സവ സീസണ്‍ കഴിഞ്ഞ ശേഷം മുഴുവന്‍ RC സീരീസിനുമുള്ള എന്‍ക്വയറികള്‍ കുറഞ്ഞിട്ടുണ്ടെന്ന് കെടിഎം ഡീലര്‍ഷിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പുതുതലമുറ RC 390 പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങ പുറത്ത് വന്നതിനാല്‍ ഉപഭോക്താക്കള്‍ അതിനായി കാത്തിരിക്കുകയാണെന്നാണ് തോന്നുന്നത്. ഈ വര്‍ഷം നവംബറില്‍ നടക്കാന്‍ പോകുന്ന EICMA-യില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ RC സീരീസ് തൊട്ടുപിന്നാലെ ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








