മഴയത്തും വെയിലത്തും വ്യക്തമായി കാണാം; RC200-ൽ കമ്പനി കൊണ്ടുവന്ന പുതിയ ഫീച്ചർ കണ്ടോ
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ എൽസിഡി ഡിസ്പ്ലേ ആണെങ്കിൽ അക്ഷരങ്ങളും അക്കങ്ങളും വ്യക്തമായി കാണാൻ സാധിക്കാതെ വരുന്ന ഒരു പ്രശ്നമുണ്ട്. കെടിഎം ബ്രാൻഡ് തങ്ങളുടെ 200 സെഗ്മെൻ്റിലെ രാജാവായ RC200 ന് ഒരു പുതിയ അപ്ഡേഷൻ നൽകിയിരിക്കുകയാണ്. കെടിഎം അടുത്തിടെ RC 200 മോട്ടോര്‍സൈക്കിളിന്റെ വില ഏകദേശം 11,000 രൂപ വര്‍ധിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എഞ്ചിന്‍ അപ്ഡേറ്റ് ചെയ്തതതായിരിക്കും ചിലപ്പോൾ കാരണമെന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ ബ്രാൻഡ് കൊണ്ടുവന്നിരിക്കുന്ന മാറ്റമെന്താണെന്ന് വച്ചാൽ ഒരു മികച്ച TFT ഡിസ്പ്ലേ ആണ്.
മെക്കാനിക്കൽപരമായി വേറെ മാറ്റങ്ങളൊന്നും കമ്പനി കൊണ്ടുവന്നിട്ടില്ല എന്നതാണ് എടുത്തു പറയേണ്ടത്. നേരത്തെ എൽസിഡി ഡിസ്പ്ലേ ആയിരുന്നു കെടിഎം ഉപയോഗിച്ചിരുന്നത്. TFT ഡിസ്പ്ലേ ആകുമ്പോൾ വളരെ വ്യക്തമായി തന്നെ അക്ഷരങ്ങളും അക്കങ്ങളും കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത. പ്രത്യേകിച്ച് വെയിലുള്ള സമയത്ത് എൽസിഡി ഡിസ്പ്ലേയിലേക്ക് നോക്കിയാൽ കാണാൻ സാധിക്കില്ല.

ഫെയറിംഗിലുടനീളം വലിയ 'കെടിഎം' ലെറ്ററിംഗും 'ആര്‍സി', 'റെഡി ടു റേസ്' ബാഡ്ജുകളും ഇതിന് ഊന്നല്‍ നല്‍കുന്നു. ഈ ട്രിമിന്റെ അലോയ് വീലുകള്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബ്ലൂ കളര്‍ ഓപ്ഷനില്‍ വൈബ്രന്റ് ഓറഞ്ച് വീലുകളാണ് ലഭിക്കുന്നത്. മൂന്ന് ട്രിമ്മുകളില്‍ ഏറ്റവും കുറച്ചുകാണുന്നത് കറുപ്പ് നിറത്തിലുള്ള ഓപ്ഷനാണ്.
ഡിസൈൻ വശമാണെങ്കിൽ റേസിംഗിന് അനുയോജ്യമായ രീതിയില്‍ അഗ്രസീവായ ഡിസൈനിംഗാണ് കെടിഎം RC 200 മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. എയറോഡൈനാമിക് ഫെയറിംഗ്, സ്പ്ലിറ്റ് സീറ്റുകള്‍, പ്രീമിയം ഫിനിഷ് എന്നിവ ഈ സെഗ്മെന്റിലെ ഏറ്റവും സ്റ്റൈലിഷ് ബൈക്കുകളില്‍ ഒന്നാക്കി കെടിഎം RC 200-നെ മാറ്റുന്നു. അതുകൊണ്ട് അത്യാവശ്യം മുതിര്‍ന്ന റൈഡര്‍മാര്‍ KTM RC 200 ഇഷ്ടപ്പെടുന്നു.

OBD-2B കംപ്ലയിന്റായ 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം 24.6 bhp പവറും 19.2 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 13.7 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് ഇതിന് ലഭിക്കുന്നത്. 160 കിലോഗ്രാം ആണ് കെര്‍ബ് ഭാരം.
ഫ്രണ്ടില്‍ 320 mm, പിന്നില്‍ 230mm ഡിസ്‌ക് ബ്രേക്കുകള്‍ സ്റ്റോംപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. ഡുവല്‍-ചാനല്‍ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റവും വരുന്നുണ്ട്. WP Apex നോണ്‍-അഡ്ജസ്റ്റബിള്‍ സസ്പെന്‍ഷന്‍ സജ്ജീകരണമാണ് ബൈക്കില്‍ കാണാനാകുക.കെടിഎം RC 200 മോട്ടോര്‍സൈക്കിളിന് 2.32 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
1.84 ലക്ഷം രൂപ മുതല്‍ 2.12 ലക്ഷം രൂപ വരെ വിലയുള്ള യമഹ R 15 ആണ് പ്രധാന എതിരാളി. വിലകള്‍ എല്ലാം എക്‌സ്-ഷോറൂം ആണെന്ന് ശ്രദ്ധിക്കുക. യമഹ ഇപ്പോള്‍ R15 അടക്കമുള്ള മോഡലുകള്‍ക്ക് 10 വര്‍ഷം വരെ വാറണ്ടി വാഗ്ദാനം ചെയ്യുന്നതിനൊപ്പം പല സംസ്ഥാനങ്ങളിലും കെടിഎം മോഡലിന് ഡിമാന്‍ഡ് കുറഞ്ഞ് വരികയാണ് എന്നതും ഒരു വെല്ലുവിളിയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








