ഇനി ധൈര്യമായി സാഹസം കാട്ടാം,കെടിഎമ്മിൻ്റെ ഈ മോഡൽ ജനുവരി 30 മുതൽ എത്തും
കെടിഎം എന്നാൽ പല മാതാപിതാക്കൾക്കും പേടിസ്വപ്നമായ ഒരു പേരാണ്. എന്നാൽ വാഹനത്തെ അറിഞ്ഞ് ഓടിച്ചാൽ ഏറ്റവും മികച്ച ബൈക്കുകൾ തന്നെയാണ് കെടിഎമ്മിൻ്റേത്. ബ്രാൻഡിൻ്റെ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന രണ്ടാം തലമുറ കെടിഎം 390 അഡ്വഞ്ചർ 2025 ജനുവരി 30 ന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2024 -ൽ ഇറ്റലിയിലെ മിലാനിൽ നടന്ന EICMA മോട്ടോർ ഷോയിലാണ് ഓസ്ട്രിയൻ ബ്രാൻഡ് പുതിയ മോട്ടോർസൈക്കിൾ ആദ്യമായി രംഗത്തെത്തിച്ചത്, തുടർന്ന് 2024 ലെ ഇന്ത്യ ബൈക്ക് വീക്കിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു.
ഡിസൈനിലേക്ക് നോക്കിയാൽ പഴയ തലമുറ മോഡലിനെ അപേക്ഷിച്ച് കാര്യമായ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. പൂർണമായും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന കെടിഎം 390 അഡ്വഞ്ചർ ശ്രേണിയിലേക്ക് കുറഞ്ഞ വിലയിൽ S വേരിയന്റ് വരുന്നത് തന്നെയാണ് വലിയ കാര്യം. 19 ഇഞ്ച് ഫ്രണ്ട് അലോയ് വീലും 17 ഇഞ്ച് റിയർ അലോയ് വീലുമായിട്ടാണ് വിപണിയിൽ എത്തുന്ന ഇതിൽ ഡ്യുവൽ പർപ്പസ് ടയറുകളും കമ്പനി വാഗ്‌ദാനം ചെയ്യും.

പുതിയ 390 അഡ്വഞ്ചർ S മോഡലിനെ അപേക്ഷിച്ച് സ്റ്റാൻഡേർഡ് പതിപ്പിൽ ഫീച്ചറുകൾ കുറവായിരിക്കും. കൂടാതെ 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ വയർ-സ്‌പോക്ക്ഡ് വീലുകളായിരിക്കും ഇതിലുണ്ടായിരിക്കുകയെന്നാണ് കെടിഎം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് മോഡലുകൾക്കും വ്യത്യസ്ത സീറ്റ് ഹൈറ്റ് ഉണ്ടായിരിക്കുമെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഫീച്ചറുകളിലേക്ക് നോക്കിയാൽ 390 ഡ്യൂക്കിൻ്റെ അതേ 5 ഇഞ്ച് TFT ഡിസ്‌പ്ലേ തന്നെയായിരിക്കും 390 അഡ്വഞ്ചർ S വേരിയന്റിലും ഉണ്ടാവുക. ഒപ്പം ക്രൂയിസ് കൺട്രോളും മോടിയേകാൻ സമ്മാനിച്ചിട്ടുണ്ട്.
പുതിയ 390 അഡ്വഞ്ചറിന്റെ സ്റ്റൈലിംഗിലേക്ക് നോക്കിയാൽ ലംബമായി അടുക്കിയിരിക്കുന്ന ഡ്യുവൽ-പ്രൊജക്‌ടർ എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, സെക്ഷൻഡ് ഡിആർഎല്ലുകൾ, ഉയർന്ന ഫ്രണ്ട് മഡ്‌ഗാർഡ്, നീളമേറിയ വിൻഡ്‌സ്‌ക്രീൻ, ചങ്കിയർ ഹാൻഡ്‌ഗാർഡുകൾ, വിശാലമായ ബോഡി പാനലുകൾ എന്നിവയെല്ലാം കാണാം. പുതിയ മോട്ടോർസൈക്കിളിൻ്റെ ടെയിൽ വിഭാഗം പഴയ മോഡലിനേക്കാൾ ആകർഷകമായി കാണപ്പെടുന്നത് ശ്രദ്ധേയമാണ്.

390 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ എൻഡ്യൂറോ മോഡലും ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ ഇന്ത്യയിൽ പ്രദർശിപ്പിച്ചു. ഇന്ത്യയ്‌ക്കായുള്ള പുതിയ 390 എൻഡ്യൂറോ R 390 അഡ്വഞ്ചറിനേക്കാൾ വ്യത്യസ്തമായ രൂപവും ഭാവവും നൽകുന്ന ബൈക്കായിരിക്കും. ഏതാണ്ട് റാലി മോട്ടോർസൈക്കിൾ പോലെ കാണപ്പെടുന്ന ഇവൻ നിസാരക്കാരനല്ല കേട്ടോ. കുറഞ്ഞ ബോഡി വർക്ക്, നീളമുള്ള ഫ്ലാറ്റ് സീറ്റ്, ലോംഗ് ട്രാവൽ സസ്‌പെൻഷൻ എന്നിവയോടെയാണ് ബൈക്ക് വരുന്നത്.
അഡ്ജസ്റ്റബിൾ സസ്‌പെൻഷനും എൻഡ്യൂറോ R മോഡലിന് ലഭിക്കും. എന്നാൽ ഡിജിറ്റൽ ഡിസ്‌പ്ലേ വളരെ ചെറുതാണ്. കൂടാതെ അഡ്വഞ്ചർ എസിനെ അപേക്ഷിച്ച് സ്വിച്ച് ഗിയർ പോലും വളരെ ബേസായി തോന്നുന്നുണ്ട്. രണ്ട് ബൈക്കുകളും പുതിയ 399 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 45.5 bhp പവറിൽ പരമാവധി 39 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

രണ്ട് മെയ്ഡ്-ഇൻ-ഇന്ത്യ മോട്ടോർസൈക്കിളുകളും 2025 ജനുവരിയോടെ വിപണിയിലെത്തും. ഇതിൽ ആദ്യം പുതിയ 390 അഡ്വഞ്ചറായിരിക്കും വിപണനം ചെയ്യുക. തുടർന്ന് എൻഡ്യൂറോയും അതിനുശേഷം KTM 390 SMC R സൂപ്പർമോട്ടോയും വരെ രാജ്യത്തേക്ക് അവതരിപ്പിക്കും. കെടിഎം അഡ്വഞ്ചറിന്റെയും എൻഡ്യൂറോയുടെയും വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പുതിയ 390 അഡ്വഞ്ചറിന് നിലവിലെ മോഡലിനേക്കാൾ ഉയർന്ന വില പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








