ഇത് ഓടിച്ചാല്‍ പെണ്ണേ നീ 'തീയാകും'! ഇ-സ്‌കൂട്ടറിന് വില ₹64,999 മാത്രം, ഒറ്റ ചാര്‍ജില്‍ 109KM ഓടാം
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂമെറോസ് മോട്ടോര്‍സ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് ടൂവീലര്‍ പുറത്തിറക്കി. ബൈക്കിനെ പോലെ ഓടുകയും സ്‌കൂട്ടറിനെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവി എന്ന വിശേഷണവുമായാണ് ന്യൂമെറോസ് എന്‍-ഫസ്റ്റ് ബെംഗളൂരുവില്‍ വെച്ച് നടന്ന ഇവന്റില്‍ വെച്ച് അവതരിപ്പിച്ചത്. നഗരവാസികളായ യുവതയെ പ്രത്യേകിച്ച് സ്ത്രീകളെ ലക്ഷ്യം വെച്ച് നിര്‍മിച്ചിരിക്കുന്ന ന്യൂമെറോസ് എന്‍-ഫസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ 64,999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയത്. ആദ്യത്തെ 1,000 ഉപഭോക്താക്കള്‍ക്കാണ് ഈ ആമുഖ വിലയില്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ സാധിക്കുക. പുത്തന്‍ ഇവിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ വായിക്കാം.
എന്‍-മാക്‌സ്, ഐ-മാക്‌സ്, ഐ-മാക്‌സ്+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ ലഭ്യമാകുക. ട്രാഫിക് റെഡ്, പ്യുവര്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളില്‍ എല്ലാ വേരിയന്റുകളും ലഭ്യമാണ്. ഓരോ വേരിയന്റിനും വ്യത്യസ്ത ഫീച്ചറുകളും റേഞ്ചുമുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 499 രൂപ ടോക്കണ്‍ തുക നല്‍കി ഈ വാഹനം റിസര്‍വ് ചെയ്യാവുന്നതാണ്. 2026 ജനുവരിയിലാണ് കസ്റ്റമര്‍ ഡെലിവറി ആരംഭിക്കുക.

ന്യൂമെറോസ് എന്‍-ഫസ്റ്റ് ഡിസൈനിലും പ്രായോഗികതയിലും വേറിട്ടുനില്‍ക്കുന്നു. അസാധാരണവും ആകര്‍ഷകവുമായ രൂപകല്‍പ്പന സാധാരണ സ്‌കൂട്ടറുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നുവെങ്കിലും ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ചെറിയ ഫേ്‌ലോര്‍ബോര്‍ഡും വളരെ പരിമിതമായ അണ്ടര്‍സീറ്റ് സ്റ്റോറേജുമാണ് ഇതിന് ലഭിക്കുന്നത്. സീറ്റിനടിയില്‍ ചാര്‍ജിംഗ് കേബിള്‍ സൂക്ഷിക്കാന്‍ ഒരു ചെറിയ പൗച്ചും, പില്യന്‍ സീറ്റിനടിയില്‍ ഒരു വാലറ്റും ഫോണും വെയ്ക്കാന്‍ മാത്രമാണ് സ്ഥലം തികയുക.
ഇത് കൂടാതെ ഫേ്‌ലോര്‍ബോര്‍ഡിലും കുറച്ച് സ്‌പെയ്‌സ് ലഭിക്കും. ചെറിയ ഫ്‌ലോര്‍ബോര്‍ഡ് ഏരിയ കൂടാതെ, ഒരു യൂട്ടിലിറ്റി ഹുക്കും, ഇന്റഗ്രേറ്റഡ് ചാര്‍ജിംഗ് പോര്‍ട്ടോടുകൂടിയ ഒരു ചെറിയ ഓപ്പണ്‍ ക്യൂബിഹോളും ഇതിനുണ്ട്. എന്‍-ഫസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിന് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഒരു എല്‍സിഡി കണ്‍സോള്‍ ലഭിക്കുന്നു. ഫുള്‍ നാവിഗേഷനായി ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വലിയ യൂണിവേഴ്‌സല്‍ ഫോണ്‍ ഹോള്‍ഡറും ഇതിലുണ്ട്. റിവേഴ്‌സ് മോഡും ഇതിന്റെ പ്രത്യേകതയാണ്.

ഈ ഇലക്ട്രിക് സ്‌കൂട്ടറിന് ചെയിന്‍ ഡ്രൈവ് ഉള്ള പെര്‍മനന്റ് മാഗ്‌നറ്റ് മിഡ്-മൗണ്ടഡ് മോട്ടോര്‍ ആണ് കരുത്ത് പകരുന്നത്. ടോപ്പ് വേരിയന്റില്‍ ഇത് 2.5kW പീക്ക് പവറും, ബേസ്, മിഡ്-സ്‌പെക് വേരിയന്റുകളില്‍ 1.8kW പീക്ക് പവറും ഉത്പാദിപ്പിക്കുന്നു. എല്ലാ വേരിയന്റുകളിലും 34Nm പീക്ക് ടോര്‍ക്കും 10 ഡിഗ്രി ഗ്രേഡബിലിറ്റിയും സമാനമാണ്. കൂട്ടത്തില്‍ ഐ-മാക്‌സ്+ വേരിയന്റിനാണ് ഏറ്റവും ഉയര്‍ന്ന വേഗതയുള്ളത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആണ് ഐ മാക്‌സ് പ്ലസിന്റെ ടോപ് സ്പീഡ്.
എന്‍-മാക്‌സ്, ഐ-മാക്‌സ് മോഡലുകള്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായും. സ്‌കൂട്ടറില്‍ ഇക്കോ, നോര്‍മല്‍ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളുണ്ട്. അതേസമയം ഐ-മാക്‌സ്+ വേരിയന്റിന് ഒരു സ്‌പോര്‍ട് മോഡ് അധികമായി ലഭിക്കുന്നു.ബേസ് എന്‍-മാക്‌സ്, മിഡ്-സ്‌പെക് ഐ-മാക്‌സ് വേരിയന്റുകളില്‍ 2.5kWh ബാറ്ററി പായ്ക്കാണ് വരുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇത് 91 ദൂരം സഞ്ചരിക്കുമെന്ന് ന്യൂമെറോസ് മോട്ടോര്‍സ് അവകാശപ്പെടുന്നു.

ടോപ്പ്-സ്‌പെക് ഐ-മാക്‌സ്+ വേരിയന്റിലെ 3kWh ബാറ്ററി പായ്ക്കിന് ഫുള്‍ചാര്‍ജില്‍ 109 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 480 വാട്ട് പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് ടോപ്പ് വേരിയന്റിന്റെ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 7 മുതല്‍ 8 മണിക്കൂര്‍ സമയമെടുക്കും. അതേസമയം മറ്റ് രണ്ട് വേരിയന്റുകളും ചാര്‍ജ് ചെയ്യാന്‍ 5-6 മണിക്കൂര്‍ മതി.
വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം നല്‍കുന്ന IP67 റേറ്റിംഗുള്ള ലിഥിയം ബാറ്ററിയാണ് എല്ലാ വേരിയന്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. 80-സെക്ഷന്‍ ഫ്രണ്ട് യൂറോഗ്രിപ്പ് ട്യൂബ്ലെസ്, 90-സെക്ഷന്‍ റിയര്‍ ടയറുകളാല്‍ പൊതിഞ്ഞ വലിയ 16 ഇഞ്ച് വീലുകളാണ് ന്യൂമെറോസ് എന്‍ഫസ്റ്റ് സ്‌കൂട്ടറിന്റെ ഒരു പ്രധാന സവിശേഷത. മികച്ച സ്റ്റബിലിറ്റി നല്‍കുന്നതോടൊപ്പം കുണ്ടും കുഴിയും നിറഞ്ഞ മോശം റോഡുകളില്‍ സുഖകരമായി ഓടിക്കാന്‍ സഹായിക്കുന്നു.
ടെലിസ്‌കോപ്പിക് ഫോര്‍ക്കും ക്രമീകരിക്കാവുന്ന ഡ്യുവല്‍ റിയര്‍ ഷോക്കുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തോട് കൂടിയ ഡ്രം ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. മാക്‌സിനും ഐ-മാക്‌സിനും 112 കജലോഗ്രാമാണ് ഭാരം. അതേ സമയം ഐ മാക്‌സ് പ്ലസിന് 5 കിലോഗ്രാം ഭാരം കൂടുതലുണ്ട്. 159mm ഗ്രൗണ്ട് ക്ലിയറന്‍സ് എല്ലാ വേരിയന്റുകള്‍ക്കും സമമാണ്.
സമാനമായ ഡിസൈന്‍ ഫിലോസഫി പിന്തുടരുന്ന ബിഗൗസ് RUV 350 ഇലക്ട്രിക് ടൂവീലറുമായാണ് ന്യൂമെറോസ് എന്‍-ഫസ്റ്റ് മത്സരിക്കുക. എന്‍-ഫസ്റ്റിന്റെ വലിയ വീലുകളും വ്യത്യസ്തമായ സ്‌റ്റൈലിംഗും അതിനെ ആകര്‍ഷകമാക്കുന്നു. കുറഞ്ഞ വിലയും തരക്കേടില്ലാത്ത റേഞ്ചും നല്‍കുന്നതിനാല്‍ സിറ്റ റൈഡേഴ്‌സിന് ഇത് പരിഗണിക്കാവുന്നതാണ്. പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ ആണെങ്കില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സാധാരണ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പരിഗണിക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications








