100 സിസി യുദ്ധഭൂമിയിലേക്ക് ഒരു പോരാളി കൂടി; ഒബെൻ ഇലക്ട്രിക്കിൻ്റെ തേരോട്ടം...
രാജ്യത്തെ ഇരുചക്ര വിപണിയിൽ ഏറ്റവും മത്സരം നേരിടുന്ന ഒരു സെഗ്മെൻ്റാണ് 100 സിസി. വലിയ വലിയ ബ്രാൻഡുകൾ നീന്തിത്തുടിക്കുന്ന സെഗ്മെൻ്റിലേക്ക് തങ്ങൾ മത്സരത്തിന് ഇറങ്ങുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് നിർമാതാക്കൾ ആയ ഒബെൻ ഇലക്ട്രിക്. ഒബെൻ റോർ ഇലക്ട്രിക് ബൈക്കുകളിലെ ബാറ്ററികൾക്ക് 50 ശതമാനം വരെ ഉയർന്ന താപനിലയെ നേരിടാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള മോഡലുകൾ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയും, താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യാൻ O100 പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുകയാണ്.
ഒബെൻ ഇലക്ട്രിക്ക് തങ്ങളുടെ നൂതന ഗവേഷണ വികസന കേന്ദ്രത്തിലാണ് O100 ന്റെ രൂപകൽപ്പനയും വികസനവും സാധ്യമാക്കുന്നത്. ചെലവ് കുറഞ്ഞതും വൈവിധ്യപൂർണ്ണവും വിപുലവുമായ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ നിർമ്മിക്കാനുള്ള ബ്രാൻഡിന്റെ കഴിവാണ് ഈ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാകുന്നത്. വ്യത്യസ്ത ബാറ്ററി പായ്ക്കുകളും സവിശേഷതകളും ഉൾപ്പെടുത്തിക്കൊണ്ട് വൈവിധ്യമാർന്ന ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്നതിനായി ഒന്നിലധികം വേരിയൻ്റുകൾ നിർമിക്കാനാണ് ലക്ഷ്യം.

"ഒബെൻ ഇലക്ട്രിക്കിൽ, യഥാർത്ഥ ലോകത്തിലെ മൊബിലിറ്റി വെല്ലുവിളികൾ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നത്. ഞങ്ങളുടെ പുതിയ പ്ലാറ്റ്‌ഫോമായ O100 ഇന്ത്യയിലെ ദൈനംദിന യാത്രക്കാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, കൂടാതെ ഓരോ ഇന്ത്യക്കാരനും ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഒരു പ്രായോഗിക യാഥാർത്ഥ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നുമാണ് ലഒബെൻ ഇലക്ട്രിക്കിന്റെ സിഇഒയും സ്ഥാപകയുമായ മധുമിത അഗർവാൾ അഭിപ്രായപ്പെട്ടത്.
ഒബെൻ ഇലക്ട്രിക്കിൻ്റെ ഏറെ പരിചിതമായ മോഡാണ് റോർ. ഇലക്ട്രിക് മോട്ടോർസൈക്കിളുകളിലെ (Electric Motorcycle) ഏറ്റവും സ്റ്റൈലിഷായ മോഡലാണ് ഒബെൻ റോർ (Oben Rorr EV). ആർക്കും താങ്ങാനാവുന്ന വിലയുമായി എത്തിയ വാഹനം ഇതിനോടകം യുവാക്കൾക്കിടയിൽ വലിയ ട്രെൻഡായി മാറിയിട്ടുണ്ട്. ഒബെൻ റോർ ഈസി 2.6 kWh, 3.4 kWh, 4.4 kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്.
വിലയിലേക്ക് നോക്കിയാൽ യഥാക്രമം 2.6 kWh പതിപ്പിന് 89,999 രൂപ, 3.4 kWh പതിപ്പിന് 1.09 ലക്ഷം രൂപ, 4.4 kWh വേരിയന്റിന് 1.19 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില നൽകേണ്ടി വരുന്നത്. ദൈനംദിന യാത്രകൾക്ക് ഉതകുന്ന തരത്തിലാണ് ഇവിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇനി ചാർജിംഗിന്റെ വിഷയത്തിലേക്ക് നോക്കിയാൽ 2.6 kWh ബാറ്ററി പായ്ക്കുള്ള പതിപ്പാണ് വാങ്ങുന്നതെങ്കിൽ 45 മിനിറ്റ് ചാർജിംഗിൽ 110 കിലോമീറ്റർ വരെ ഓടാനുള്ള റേഞ്ച് ലഭിക്കും.
ഒബെൻ റോർ ഈസിയുടെ 3.4 kWh ബാറ്ററി പായ്ക്ക് ചാർജാവാൻ 1.30 മണിക്കൂർ ചാർജിംഗ് സമയമാണ് വേണ്ടി വരിക. അങ്ങനെ ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ ബൈക്ക് ഓടിക്കാനാവും. ഇലക്ട്രിക് ബൈക്കിന്റെ ടോപ്പ്-സ്പെക്ക് ട്രിമിന് 4.4 kWh ബാറ്ററി പായ്ക്കാണാണ് ലഭിക്കുക. ഇത് സിംഗിൾ ചാർജിൽ 175 കിലോമീറ്റർ റേഞ്ചും 2 മണിക്കൂർ ചാർജിംഗ് സമയവുമാണ് അവകാശപ്പെടുന്നത്. ഇനി ഫീച്ചറുകളുടെ കാര്യമെടുത്താലും ആശാൻ പുലിയാണ്.
ഓൾ-എൽഇഡി ലൈറ്റിംഗ്, ഫ്ലോട്ടിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ജിയോഫെൻസിംഗ്, തെഫ്റ്റ് പ്രൊട്ടക്ഷൻ, യൂണിഫൈഡ് ബ്രേക്ക് അസിസ്റ്റ്, ഡ്രൈവർ അലേർട്ട് സിസ്റ്റം (DAS) എന്നിവ പോലുള്ള മോഡേൺ ടെക്നോളജികളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. റോർ ഈസിയിൽ 3 വർഷം അല്ലെങ്കിൽ 75,000 കി.മീ (ഏതാണ് നേരത്തെയുള്ളത്) വാറണ്ടി പാക്കേജാണ് ഒബെൻ വാഗ്ദാനം ചെയ്യുന്നത്. ഒബെൻ ഇലക്ട്രിക്കിൻ്റെ രാജ്യത്തുടനീളമുള്ള 36 ഷോറൂമുകളിൽ പുതിയ ബാറ്ററി വാറണ്ടി പ്ലാൻ ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








