ഓഫീസില്‍ പോകാന്‍ പറ്റിയ ഇ-ബൈക്ക് ആമസോണിലും! ഓണ്‍ലൈനായി വാങ്ങിയാലുള്ള ലാഭം അറിയാം
ഇലക്ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കുറവാണ്. ഓല ഇലക്ട്രിക് അടക്കം ഈ സെഗ്‌മെന്റില്‍ പ്രവേശിച്ചിട്ടുണ്ടെങ്കിലും അതിന്റെ മാറ്റങ്ങള്‍ പ്രകടമായില്ല. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന കൂട്ടാനായി പരമ്പരാഗത മാര്‍ഗങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ റീട്ടെയില്‍ തന്ത്രങ്ങളും പയറ്റുകയാണ് ഇവി നിര്‍മാതാക്കള്‍. ഒബെന്‍ ഇലക്ട്രിക് തങ്ങളുടെ പുതിയ സിറ്റി കമ്മ്യൂട്ടര്‍ ബൈക്കായ റോര്‍ EZ (Oben Rorr EZ) ആമസോണില്‍ ലഭ്യമാക്കി തുടങ്ങി. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കങ്ങളാണ് ഇത് അടയാളപ്പെടുത്തുന്നത്.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന് കൂടി ഇതുവഴി ഒബെന്‍ ലക്ഷ്യമിടുന്നു. ഒബെന്‍ റോര്‍ EZ ആമസോണിലൂടെ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ ഉണ്ടെന്നാണ് നമ്മള്‍ ഈ ലേഖനത്തില്‍ വായിക്കാന്‍ പോകുന്നത്. ഒബെന്‍ റോര്‍ EZ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇലക്ട്രിക് ബൈക്കിന്റെ 3.4 kWh പതിപ്പിന് 1,19,999 രൂപയും 4.4 kWh പതിപ്പിന് 1,29,999 രൂപയുമാണ് വില.

ആമുഖ ഓഫറിന്റെ ഭാഗമായി ഈ ബൈക്കിന്റെ യഥാര്‍ത്ഥ വിലയില്‍ നിന്ന് 20000 രൂപ കുറച്ചാണ് ആമസോണില്‍ വില്‍ക്കുന്നതെന്ന് ഞങ്ങളുമായി പങ്കുവെച്ച വാര്‍ത്തകുറിപ്പില്‍ ഒബെന്‍ ഇലക്ട്രിക് വ്യക്തമാക്കി. ആമസോണിന്റെ വ്യാപകമായ സ്വാധീനവും കമ്പനിയുടെ സാന്നിധ്യവും സംയോജിപ്പിച്ച് ഡിജിറ്റല്‍ ലോകത്ത് വിരാജിക്കുന്ന പുതുതലമുറയിലെ ഉപഭോക്താക്കള്‍ക്കും ആദ്യമായി ഇലക്ട്രിക് ഇരുചക്രവാഹനം വാങ്ങുന്നവര്‍ക്കും ഒബെന്‍ റോര്‍ EZ കൂടുതല്‍ പ്രാപ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഒബെന്‍ ഇലക്ട്രിക് പറയുന്നു.
ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും എന്ന് കമ്പനി വിശ്വസിക്കുന്നു. ഒബെന്‍ റോര്‍ EZ ഇലക്ട്രിക് ബൈക്കിനെ കുറിച്ച് പറയുമ്പോള്‍ സിറ്റിയിലെ ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ബൈക്ക് ഇലക്ട്രോ ആംബര്‍, സര്‍ജ് സിയാന്‍, ലൂമിന ഗ്രീന്‍, ഫോട്ടോണ്‍ വൈറ്റ് എന്നീ നാല് നിറങ്ങളില്‍ ലഭ്യമാണ്.
മണിക്കൂറില്‍ 95 കിലോമീറ്റര്‍ ടോപ് സ്പീഡ് ഉള്ള ഈ ഇലക്ട്രിക് ബൈക്ക് 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ഒബെന്‍ അവകാശപ്പെടുന്നു. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ (IDC) ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ ഇവിക്ക് 52 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ കരുത്ത് പകരുന്നു.
ഒബെന്‍ റോര്‍ EZ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച LFP ബാറ്ററിക്ക് സാധാരണ ബാറ്ററികളേക്കാള്‍ ഇരട്ടി ആയുസുണ്ടെന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല സാധാരണ ബാറ്ററിയെ അപേക്ഷിച്ച് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി 50 ശതമാനം കൂടുതലാണ്. ജിയോ-ഫെന്‍സിംഗ്, തെഫ്റ്റ് പ്രൊട്ടക്ഷന്‍, യൂണിഫൈഡ് ബ്രേക്ക് അസിസ്റ്റ് (UBA), ഡ്രൈവ് അസിസ്റ്റ് സിസ്റ്റം (DAS) തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ കമ്പനി നല്‍കിയിട്ടുണ്ട്.
9999 രൂപ മുടക്കിയാല്‍ ഒബെന്‍ ഇലക്ട്രിക് പ്രൊട്ടക്റ്റ് 8/80 ബാറ്ററി വാറണ്ടി പ്ലാന്‍ വാങ്ങാം. ഇത് എട്ട് വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വരെ പരിരക്ഷ നല്‍കുന്നു. കൂടാതെ പുതിയ ഉടമസ്ഥര്‍ക്ക് കൈമാറ്റം ചെയ്യാനും സാധിക്കും. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 50 നഗരങ്ങളിലായി 150-ല്‍ അധികം ഷോറൂമുകള്‍ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പുതുതായി ഇവി ബൈക്ക് വാങ്ങാന്‍ പദ്ധതിയിട്ട നിങ്ങളുടെ സുഹൃത്തിനെ ഇത് അറിയിക്കുമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








