കൊടുക്കുന്ന ദിവസം സര്‍വീസ് ചെയ്ത് തരാമെന്ന്! ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ പതിനെട്ടടവും പയറ്റി ഓല
ഒരു കലണ്ടര്‍ വര്‍ഷം 4 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക് (Ola Electric). 2024 ഡിസംബര്‍ പകുതിയോട് അടുക്കുമ്പോള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഈ നേട്ടം കൈവരിച്ചിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഓല ഇലക്ട്രിക്കിന്റെ വര്‍ഷമായിരുന്നു 2024. എന്നാല്‍ കലണ്ടര്‍ മാറിയതോടെ ഓലയുടെ കഷ്ടകാലവും തുടങ്ങിയെന്ന് പറഞ്ഞാല്‍ മതിയെല്ലോ. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം 40 ശതമാനത്തിനടുത്ത് വിപണി വിഹിതവുമായി ഒന്നാം സ്ഥാനക്കാരായിരുന്ന ഓല 2024 നവംബര്‍ മാസം അഞ്ചാം സ്ഥാനത്തായിരുന്നു.
വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നതാണ് ഓലയുടെ ജനപ്രീതിക്ക് ഇടിവ് സംഭവിക്കാനുള്ള കാരണം. വില്‍പ്പന ഉയര്‍ത്താനായി ഓല മികച്ച ഓഫറുകള്‍ നല്‍കിയെങ്കിലും പലരും മറ്റ് ബ്രാന്‍ഡുകള്‍ തേടിപ്പോയി എന്നാണ് വില്‍പ്പന കണക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഓലക്ക് സ്ഥിരമായി വെല്ലുവിളി ഉയര്‍ത്തിയിരുന്ന ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഏഥര്‍ എനര്‍ജി എന്നിവക്ക് പുറമെ ഹീറോ വിഡയും അവരെ പിന്നിലാക്കി.

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം വീണ്ടെടുക്കാനായി കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഓല. ഇതിന്റെ ഭാഗമായി, 'ഹൈപ്പര്‍സര്‍വീസ്' പ്രോഗ്രാം വിപുലീകരിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ അതേ ദിവസം തന്നെ സര്‍വീസ് ലഭ്യമാക്കുന്ന പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലവിലുള്ള സര്‍വീസ് സെന്ററുകള്‍ ഘട്ടംഘട്ടമായി ഹൈപ്പര്‍സര്‍വീസ് കേന്ദ്രങ്ങളാക്കി മാറ്റാനാണ് ഓല ലക്ഷ്യമിടുന്നത്.
'ഞങ്ങളുടെ നിലവിലുള്ള നവീകരണങ്ങളുടെ ഭാഗമായി സര്‍വീസ് എക്‌സ്പീരിയന്റിന്റെ അടിസ്ഥാനപരമായ നിരവധി കാര്യങ്ങളെ ഞങ്ങള്‍ പുനര്‍വിഭാവനം ചെയ്യുകയാണ്. ഹൈപ്പര്‍സര്‍വീസ് കേന്ദ്രങ്ങളിലൂടെ, ഓരോ ഉപഭോക്താവിനും അധിക ചെലവില്ലാതെ അന്നുതന്നെ സര്‍വീസ് ഉറപ്പാക്കി ഒരു പുതിയ നിലവാരം സ്ഥാപിക്കുകയാണ് ഞങ്ങള്‍' ഓല ഇലക്ട്രിക് വക്താവ് പറഞ്ഞു.ബെംഗളൂരുവിലെ ഇന്ദിരാനഗറിലാണ് ഇത്തരത്തിലുള്ള ആദ്യ ഹൈപ്പര്‍സര്‍വീസ് കേന്ദ്രം പ്രവര്‍ത്തനക്ഷമമായത്.
വരും ആഴ്ചകളില്‍ പാന്‍ ഇന്ത്യ ലെവലില്‍ തിരഞ്ഞെടുത്ത സര്‍വീസ് സെന്ററുകളെ ഹൈപ്പര്‍സര്‍വീസ് കേന്ദ്രങ്ങളാക്കി അതിവേഗം നവീകരിക്കാനാണ് ഓല പദ്ധതിയിടുന്നത്. ഈ വിപുലീകരണം കമ്പനിയുടെ സര്‍വീസ് ശൃംഖല ശക്തിപ്പെടുത്തും. പുതുതായി പ്രഖ്യാപിച്ച ഹൈപ്പര്‍സര്‍വീസ് കേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ലോഞ്ച്, സൗജന്യ വൈഫൈ, വാഹനത്തിന്റെ ചെക്ക്-ഇന്‍ മുതല്‍ കൈമാറ്റം വരെയുള്ള ഓരോ ഘട്ടത്തിലും റിയല്‍ ടൈം ഡിജിറ്റല്‍ വിസിബിലിറ്റി എന്നിവയുണ്ടാകും.
ഇത് സര്‍വീസില്‍ വേഗത, വ്യക്തത, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പവും ആക്സസബിലിറ്റിയും വാഗ്ദാനം ചെയ്യുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ഇന്‍-ആപ്പ് സര്‍വീസ് അപ്പോയിന്റ്മെന്റ് ഫീച്ചര്‍ പുറത്തിറക്കിയതായും ഓല അറിയിച്ചു. ഓല ഇലക്ട്രിക് ആപ്പിലൂടെ ഇഷ്ടപ്പെട്ട സര്‍വീസ് സ്ലോട്ടുകള്‍ തിരഞ്ഞെടുക്കാനും, സര്‍വീസ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, സര്‍വീസുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ ഈ ഫീച്ചര്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു.
മുഴുവന്‍ സര്‍വീസ് പ്രക്രിയകളും ഒരു ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ പരമ്പരാഗത സര്‍വീസ് ബുക്കിംഗ് രീതികളുടെ ബുദ്ധിമുട്ടുകള്‍ ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. സര്‍വീസിന് നല്‍കുന്ന അന്ന് തന്നെ വാഹനം കിട്ടുന്നത് വാഹനത്തിന്റെ കണ്ടീഷന്‍, സര്‍വീസ് ആവശ്യകതകള്‍, പാര്‍ട്സുകളുടെ ലഭ്യത, ഉപഭോക്താക്കളുടെ യോഗ്യത എന്നിവയ്‌ക്കൊപ്പം മറ്റ് നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിരിക്കുമെന്ന് ഓല വാര്‍ത്ത കുറിപ്പില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ഇക്കാര്യം ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








