ഓല പോലും ഇങ്ങനെ ചിന്തിച്ചു കാണില്ല; ഇവി ബൈക്കുമായി അന്യായ ഓഫ്റോഡിങ്ങുമായി യുട്യൂബർ
ഓല എന്നാൽ ഇപ്പോൾ ഇലക്ട്രിക് വാഹന വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. സ്കൂട്ടറുകളിൽ തുടങ്ങി ഇപ്പോൾ പെട്രോൾ ബൈക്കുകളുടെ പെട്ടിയിൽ ആണിയടിക്കുന്നതിന് തുല്യമായി ബൈക്കുകളും ഓല അവതരിപ്പിച്ചിരിക്കുകയാണ്. ഓല ഇലക്ട്രിക് റോഡ്സ്റ്റർ X ഇവിക്ക് 99,999 രൂപ മുതൽ 1,24,999 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. റോഡ്സ്റ്റർ X പ്ലസ് ടോപ്പ് മോഡലിന് 1,29,999 രൂപ മുതൽ 1,99,999 രൂപ വരെയും എക്സ്ഷോറൂം വില വരും. വാഹനത്തിൻ്റെ ഡെലിവറി കമ്പനി ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഓഫ്റോഡിങ്ങ് നടത്തുന്ന ഓലയുടെ ബൈക്കിൻ്റെ വീഡിയോ ആണ്.
കമ്പനി പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് റോഡ്സ്റ്റർ X. ഈ വർഷം ഫെബ്രുവരിയിൽ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിച്ചപ്പോൾ 2.5 kWh വേരിയന്റിന് 89,999 രൂപയും, 3.5 kWh വേരിയന്റിന് 99,999 രൂപയും, 4.5 kWh വേരിയന്റ് 1,09,999 രൂപയുമായിരുന്നു വില വന്നിരുന്നത്. ആമുഖ വില അവസാനിച്ചതോടെ ഓല ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വില 99,999 രൂപ (2.5 kWh), 1,09,999 രൂപ (3.5 kWh), 1,24,999 രൂപ (4.5 kWh) എന്നിങ്ങനെയായി ഉയർത്തുകയും ചെയ്‌തിരുന്നു.

സ്റ്റാൻഡേർഡ് റോഡ്സ്റ്റർ X മോഡലിന് പുറമേ കമ്പനി റോഡ്സ്റ്റർ X പ്ലസ് എന്ന വേരിയന്റും പുറത്തിറക്കുന്നുണ്ട്. 4.5 kWh ബാറ്ററി ഉപയോഗിക്കുന്ന ഇതിന് 1,29,000 രൂപയും 9.1 kWh ബാറ്ററി പായ്ക്ക് ഉള്ളതിന് 1,99,999 രൂപയുമാണ് എക്സ്ഷോറൂം വില. യുട്യൂബിൽ ഒരു ഇൻഫ്ലൂവൻസർ തൻ്റെ ബൈക്ക് ഒരു ഓഫ്റോഡ് നിറഞ്ഞ വഴികളിലൂടെ ഓടിക്കുന്നത് കാണാം. പിന്നിൽ ഒരാൾ മാത്രമായിട്ട് യാത്ര ചെയ്തിരുന്ന അദ്ദേഹം രണ്ട് പേരെ കൂടി കയറ്റുകയാണ്. എന്നിട്ടും വാഹനത്തിന് ഒരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഡിസൈനിന്റെ കാര്യത്തിൽ ഓല റോഡ്സ്റ്റർ X ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ശൈലിയാണ് പിടിച്ചിരിക്കുന്നത്. സ്ലിം ബോഡി പാനലുകളും ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗും കൂടിച്ചേരുമ്പോൾ സംഗതി കിടിലമാവുന്നുണ്ട്. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകളും എർഗണോമിക് ഹാൻഡിൽബാർ പൊസിഷനിംഗും ഒരുക്കിയിരിക്കുന്ന ഇവിയിൽ കട്ടിയുള്ള ഗ്രാബ് ഹാൻഡിലും സിംഗിൾ-പീസ് സീറ്റുമാണ് ലഭിക്കുക.
7 kW ജനറേറ്റിംഗ് ഇലക്ട്രിക് മോട്ടോറാണ് ഓല ഇലക്ട്രിക് റോഡ്സ്റ്റർ X ഇവിയുടെ ഹൃദയം. വെറും 3.1 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗം 118 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു. 3.5 kWh വേരിയന്റിന് ഫുൾ ചാർജിൽ 252 കിലോമീറ്റർ വരെ റേഞ്ച് നൽകാനും കഴിയുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.
റോഡ്‌സ്റ്റർ X പ്ലസ് വാങ്ങുന്നവർക്ക് കൂടുതൽ ശക്തമായ 11 kW മോട്ടോറാണ് ഇവിക്കൊപ്പം ലഭ്യമാവുക. ഇത് വെറും 2.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ 9.1 kWh ബാറ്ററി പായ്ക്ക് 501 കിലോമീറ്റർ IDC-സർട്ടിഫൈഡ് ശ്രേണി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്രത്യേക മോട്ടോർസൈക്കിളിന്റെ ബാറ്ററി പായ്ക്കിൽ ഓല ഇലക്ട്രിക്കിന്റെ സ്വന്തം ഭാരത് 4680 സെല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നതും.
ഒരു വാഹനം രാജ്യത്ത് അവതരപ്പിച്ചതിന് ശേഷം വാഹനത്തിൻ്റെ ക്വാളിറ്റിയും കരുത്തും പരീക്ഷിക്കുന്നത് യുട്യൂബർമാരാണ് എന്നതാണ് കാര്യം. വാഹനത്തിൻ്റെ പരമാവധി ക്വാളിറ്റി അവർ പരീക്ഷിക്കുകയും ചെയ്യും. ബ്രാൻഡ് പോലും വിചാരിക്കാത്ത രീതിയിലുളള പരീക്ഷണങ്ങളാണ് ഇവർ നടത്തുക. അത് കൊണ്ട് തന്നെ നിരവധി കാഴ്ച്ചകാർ ഇതു പോലെയുളള വീഡിയോകൾക്കുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








