വില 1.05 ലക്ഷം മുതല്‍, റേഞ്ച് 501 കി.മീ! കാറിന്റെ മൈലേജുള്ള പെട്രോള്‍ ബൈക്ക് 'കില്ലര്‍' എത്തി
ക്യാബ് അഗ്രിഗേറ്റര്‍മാരായ ഓല ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് ചുവടുവെച്ചപ്പോള്‍ മൊത്തം സെഗ്‌മെന്റിന്റെ തന്നെ തലവര മാറിയതിന് നാം സാക്ഷ്യം വഹിക്കുകയാണ്. ഇന്ന് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ വരെ ഫ്യൂചറിസ്റ്റ് ലുക്കിലുള്ള ഓലയുടെ പച്ച നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ സുലഭമാണ്. ഓല (Ola Electric) വന്നതോടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ജനകീയമായി എന്നത് സത്യമാണ്. എന്നാല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗം ഇപ്പോഴും ശൈശവദശയിലാണ്. ഇതിനും ഇനി മാറ്റം വരാന്‍ പോകുകയാണ്. കാരണം ഓല ഇന്ന് തങ്ങളുടെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഓല റോഡ്‌സ്റ്റര്‍ X പുറത്തിറക്കിയിരിക്കുകയാണ്.
ഓല എന്ന ബ്രാന്‍ഡിന്റെ മുദ്രാവാക്യം തന്നെ ഐസി എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്ന തരത്തിലാണ് ഇവികളുടെ രൂപകല്‍പ്പനയും വില നിര്‍ണയവുമെല്ലാം നടത്തിയിരിക്കുന്നത്. ഓല റോഡ്‌സ്റ്റര്‍ X എന്ന കന്നി മോഡലിലൂടെ തന്നെ ഓല ലക്ഷ്യം വെക്കുന്നത് ഇന്ത്യന്‍ കമ്മ്യൂട്ടര്‍ ബൈക്ക് വിപണിയിലെ കിരീടം വെക്കാത്ത രാജാവായ ഹീറോ സ്‌പ്ലെന്‍ഡറിനെയാണ്.

റോഡ്‌സ്റ്ററിന്റെ എന്‍ട്രി ലെവല്‍ വേരിയന്റ് സ്‌പ്ലെന്‍ഡറിന്റെ അതേ വിലയിലാണ് വരുന്നത്. ഈ എന്‍ട്രി ലെവല്‍ X സീരീസില്‍ റോഡ്സ്റ്റര്‍ X , റോഡ്സ്റ്റര്‍ X പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 89,999 രൂപയാണ്.
ഒറ്റ ചാര്‍ജില്‍ 501 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഓല റോഡ്‌സ്റ്റര്‍ X പ്ലസിന്റെ (Ola Roadster X Plus) വില തുടങ്ങുന്നത് 1,04,999 ലക്ഷം രൂപ മുതലാണ്. വലിയ ബാറ്ററി പായ്ക്ക് വരുന്ന ടോപ് എന്‍ഡ് വേരിയന്റിന് 1,54,999 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. കാറിന്റെ മൈലേജ് പറയുന്ന റോഡ്‌സ്റ്റര്‍ എക്‌സ് പ്ലസിനെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

ഓല റോഡ്സ്റ്റര്‍ X nപ്ലസിന് ടു-ടോണ്‍ ബോഡിവര്‍ക്ക്, റാപ്പറൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയുള്ള മിനിമലിസ്റ്റിക് ഡിസൈന്‍ ഉണ്ട്. ടയര്‍ പ്രഷര്‍ അലേര്‍ട്ടുകള്‍, ജിയോ, ടൈം ഫെന്‍സിങ്, ടോ ആന്‍ഡ് തെഫ്റ്റ് ഫെന്‍സിങ് തുടങ്ങിയ സവിശേഷതകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു.
4.5 kWh K 9.1 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓല റോഡ്സ്റ്റര്‍ X പ്ലസ് പുറത്തിറക്കിയത്. റോഡ്സ്റ്റര്‍ X പ്ലസ് 4.5 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 252 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് അവകാശവാദം. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 501 കിലോമീറ്റര്‍ ഐഡിസി റേഞ്ച് ലഭിക്കുമെന്ന് കമ്പനി പറയുന്നു.
11 kW പീക്ക് പവര്‍ ഉള്ള ഇലക്ട്രിക് മോട്ടോറാണ് ഇ-ബൈക്കിന്റെ ശക്തി. പരമാവധി മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ ബൈക്കിന് സാധിക്കും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ മണിക്കൂറില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2.7 സെക്കന്‍ഡ് മതി. റോഡ്സ്റ്റര്‍ X പ്ലസിന്റെ മുന്നില്‍ ഒരു പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമുണ്ട്.
17 ഇഞ്ച് അലോയ് വീലുകളിലാണ് ഇത് ഓടുന്നത്. അതേസമയം മുന്നില്‍ സിംഗിള്‍ ഡിസ്‌ക്കും പിന്നില്‍ ഡ്രം ബ്രേക്കും ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നു. ഇക്കോ, നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ബൈക്കിലുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, സിംഗിള്‍-ചാനല്‍ എബിഎസുള്ള ബ്രേക്ക്-ബൈ-വയര്‍, റിവേഴ്സ് മോഡ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഓല റോഡ്സ്റ്റര്‍ X മോഡലിന്റെ ഡെലിവറികള്‍ മാര്‍ച്ച് പകുതിയോടെ ആരംഭിക്കും. അതേസമയം റോഡ്സ്റ്റര്‍ X പ്ലസ് 9.1 kWh പതിപ്പിന്റെ വിതരണം 2025 ജൂണിനു ശേഷമാകും തുടങ്ങുക. 501 കിലോമീറ്റര്‍ റേഞ്ചുള്ള രാജ്യത്തെ ആദ്യത്തേതും വിലകുറഞ്ഞതുമായ മോട്ടോര്‍സൈക്കിളാണിതെന്ന് നമുക്ക് പറയാം.നിലവില്‍ ഈ മോട്ടോര്‍സൈക്കിളുകള്‍ക്കെല്ലാം 15,000 രൂപ പ്രാരംഭ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.
എന്നിരുന്നാലും ഇത് എത്ര കാലം നിലനില്‍ക്കുമെന്ന കാര്യത്തെ കുറിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ഒന്നും മിണ്ടിയിട്ടില്ല. ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ഓര്‍ഡറുകള്‍ കമ്പനി ഇന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായോ കമ്പനിയുടെ എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിച്ചോ ബുക്ക് ചെയ്യാം.


Click it and Unblock the Notifications








