കാലുകള്‍ ഫ്രീ, സ്‌കൂട്ടര്‍ പോലെ ഓടിക്കാന്‍ പറ്റിയ സ്‌പോര്‍ട്‌സ് ബൈക്ക് എത്തി! പിന്നില്‍ ചൈനക്കാരല്ലാതെ മറ്റാര്
മോട്ടോര്‍സൈക്കിള്‍ ലോകത്ത് നിശബ്ദമായി ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പിടിമുറുക്കാന്‍ പോകുന്നുവെന്നാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. അതല്ല, ഇത് സംഗതി നമ്മള്‍ ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട ഒന്നാണ്. ഇന്ത്യയിലടക്കം സ്‌കൂട്ടറുകള്‍ പ്രചാരം നേടാന്‍ കാരണം പ്രായോഗികത മാത്രമല്ല അതിന്റെ ഗിയര്‍ലെസ് ഫംഗ്ഷന്‍ കൂടിയാണ്. ഇപ്പോള്‍ സ്‌കൂട്ടര്‍ വിപണിക്ക് തന്നെ ഭീഷണി ഉയര്‍ത്തി കൂടുതല്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഷിഫ്റ്റിംഗ് എളുപ്പമാക്കുന്നതിനോ ഓപ്ഷണല്‍ ആക്കുന്നതിനോ ഉള്ള വഴികള്‍ തേടുകയാണ്. ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ പതുക്കെ മോട്ടോര്‍സൈക്കിളുകളില്‍ സ്ഥാനം കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. യമഹ, ഹോണ്ട എന്നീ കമ്പനികള്‍ ഇതിലേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്.
യമഹയുടെ Y-AMT സിസ്റ്റം ക്ലച്ച്, ഗിയര്‍ ഷിഫ്റ്റുകള്‍ എന്നിവ ഓട്ടോമേറ്റ് ചെയ്യുന്നു. റൈഡര്‍മാര്‍ക്ക് ബാറിലെ ബട്ടണുകള്‍ ഉപയോഗിച്ച് ഫുള്‍ ഓട്ടോമേറ്റ് ചെയ്യാനോ മാനുവല്‍ ഷിഫ്റ്റ് ചെയ്യാനോ സാധിക്കും. അതേസമയം ഹോണ്ട ഒരു ദശാബ്ദത്തിലേറെയായി അതിന്റെ DCT മോഡലുകള്‍ ഉപയോഗിച്ച് ഇത് പയറ്റി വരികയാണ്. ഒരു പരമ്പരാഗത ഷിഫ്റ്റ് ലിവര്‍ ഉപയോഗിക്കുമ്പോഴും ക്ലച്ച് മാത്രം ഓട്ടോമേറ്റ് ചെയ്യുന്ന E-ക്ലച്ച് അവര്‍ കൊണ്ടുവന്നിരുന്നു.

ഓസ്ട്രിയന്‍ ബ്രാന്‍ഡ് ആയ കെടിഎം ക്ലച്ച് ലിവര്‍ ഇല്ലാത്ത സ്വന്തം എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) സിസ്റ്റം പ്രദര്‍ശിപ്പിച്ചിരുന്നു. കടക്കെണിയില്‍ അകപ്പെട്ടതിനാല്‍ കെടിഎം ബൈക്കുകളില്‍ ഈ സാങ്കേതികവിദ്യ കാണുമോ എന്ന കാര്യം കണ്ടറിയണം. ലോകത്തിലെ ഏത് സാങ്കേതികവിദ്യയും എളുപ്പത്തില്‍ സ്വായത്തമാക്കുന്നവരാണ് ചൈനീസ് കമ്പനികള്‍. മോട്ടോര്‍സൈക്കിളുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൊണ്ടുവരുന്ന ബ്രാന്‍ഡുകളുടെ ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ് QJ മോട്ടോര്‍.
ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തിക്കൊണ്ട് ചൈനീസ് കമ്പനി അവരുടെ പുതിയ സ്‌പോര്‍ട്‌സ് ബൈക്കായ SRK 500 RA അവതരിപ്പിച്ചു. QJ നിലവില്‍ വില്‍പ്പനക്കെത്തിക്കുന്ന ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളായ SRK 500 RC-യുടെ അതേ പ്ലാറ്റ്ഫോമിലാണ് SRK 500 RA പണികഴിപ്പിച്ചിരിക്കുന്നത്. ഇടതുവശത്ത് ഗിയര്‍ ഷിഫ്റ്ററിന്റെ അഭാവമാണ് ഈ രണ്ട് മോഡലുകളും തമ്മിലുള്ള ഏറ്റവും പ്രധാന വ്യത്യാസം.

പുത്തന്‍ മോഡലിലെ വലതുവശത്തുള്ള റിയര്‍ ബ്രേക്ക് പെഡല്‍ ഒഴിവാക്കി ഇടത് ഹാന്‍ഡില്‍ബാറിലേക്ക് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സ്‌കൂട്ടറുകളില്‍ കാണപ്പെടുന്ന അതേ സജ്ജീകരണമാണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് ബൈക്കില്‍ കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ SRK 500 RA ബൈക്ക് ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ ഓടിക്കുന്ന പോലെ കൊണ്ടുനടക്കാം. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സിസ്റ്റം എല്ലാ ഷിഫ്റ്റിംഗ് ജോലികളും ചെയ്ത്‌കൊള്ളും.
ട്രാന്‍സ്മിഷന്‍ സിസ്റ്റം ഉടമയുടെ റൈഡിംഗ് ശൈലി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുമെന്നും കാലക്രമേണ കൂടുതല്‍ മികച്ച റൈഡിംഗ് അനുഭവം നല്‍കുന്നതിനായി ഗിയറുകള്‍ മാറുന്ന റെവ് റേഞ്ച് ക്രമീകരിക്കാന്‍ തുടങ്ങുമെന്നും കമ്പനി പറയുന്നു. SRK 500 RA മോട്ടോര്‍സൈക്കിളില്‍ 53 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള 449 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്.
17 ഇഞ്ച് അലോയ് വീലുകളിലാണ് ഈ ബൈക്ക് ഓടുന്നത്. മാര്‍സോച്ചി USD ഫോര്‍ക്കുകളും ഒരു മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. അതേസമയം നിസിന്‍ കാലിപ്പറുകളും പിന്നില്‍ ഒരു റോട്ടറും ഉള്ള ഒരു ജോഡി ഡിസ്‌ക് ബ്രേക്കുകളില്‍ നിന്നാണ് സ്റ്റോപ്പിംഗ് പവര്‍ ലഭിക്കുന്നത്.
SRK 500 RA ഉടന്‍ തന്നെ അന്താരാഷ്ട്ര ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങും. 4 മോട്ടോര്‍സൈക്കിളുകളുമായി QJ മോട്ടോര്‍ ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.
ആദീശ്വര്‍ ഓട്ടോറൈഡ് ആണ് QJ മോട്ടോറിനെ ഇന്ത്യയിലെത്തിച്ചത്. SRC 250, SRK 400, SRC 500, SRV 300 എന്നീ നാല് മോഡലുകളാണ് ബ്രാന്‍ഡ് ഇന്ത്യയിൽ വിൽപ്പനക്കെത്തിക്കുന്നത്. ഭാവിയില്‍ ബ്രാന്‍ഡ് ഈ മോഡലുകള്‍ ഇന്ത്യയില്‍ എത്തിച്ചേക്കാം. എന്നാല്‍ നിലവില്‍ QJ മോട്ടോര്‍ ഇന്ത്യയിലെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേവലം ഒരു പുതുമ കൊണ്ടുവരാന്‍ വേണ്ടി മാത്രമല്ല ആധുനിക കാലത്തെ റൈഡര്‍മാരുടെ പ്രായോഗിക ആവശ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് ഓട്ടോമാറ്റിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുന്നത്.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ റൈഡിംഗ് അനുഭവം ലളിതമാക്കുന്നതിനൊപ്പം ഭാരം കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളിലോ സ്‌കൂട്ടറുകളിലോ ഉള്ളതുപോലെ സുഖസൗകര്യങ്ങള്‍ നല്‍കുന്നുവെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. ഭാരം കൂടിയ ബൈക്കുകള്‍ ഓടിക്കുന്നതും കഴിയുന്നതും എളുപ്പമാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമാറ്റിക് മോട്ടോര്‍സൈക്കിളുകളെ കുറിച്ച് നിങ്ങളുടെ ചിന്തകള്‍ എന്താണ്?. ഇന്ത്യയില്‍ ഇതുപോലെ ഒരെണ്ണം ഇറങ്ങിയാല്‍ നിങ്ങള്‍ വാങ്ങുമോ?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications








