പ്രേമലു സ്‌കൂട്ടറിന് അപ്‌ഡേറ്റ്; ഇ-സ്‌കൂട്ടറുകളിലെ എസ്‌യുവിക്ക് വില കുറവ്, 161Km റേഞ്ചുമുണ്ട്
മലയാളികള്‍ ഉടമകളായ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ റിവര്‍ മൊബിലിറ്റി പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് റിവര്‍ ഇന്‍ഡി. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കിടയിലെ എസ്‌യുവിയെന്ന് കമ്പനി വിശേഷിപ്പിക്കുന്ന റിവര്‍ ഇന്‍ഡി ഇപ്പോള്‍ കേരളത്തിലെ നിരത്തുകളിലും ഇപ്പോള്‍ സജീവമായി കാണാം. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ പ്രേമുലു എന്ന സിനിമയിലൂടെയും ഈ സ്‌കൂട്ടര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാപ്പനീസ് ഇരുചക്ര വാഹന ഭീമന്‍മാരായ യമഹയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ജെന്‍ 3 പതിപ്പ് പുറത്തിറക്കി. അതിന്റെ വില, റേഞ്ച്, സവിശേഷതകള്‍ എന്നിവ ചുവടെ വിശദമായി വായിക്കാം.
കമ്പനി ഇപ്പോള്‍ ഡല്‍ഹിയില്‍ ആദ്യത്തെ സ്റ്റോര്‍ തുറന്നിരിക്കുകയാണ്. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലുള്ള റിവറിന്റെ ആദ്യ സ്റ്റോറിലാണ് പുതിയ സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. ബെംഗളൂരുവില്‍ ഇതിന്റെ എക്‌സ്-ഷോറൂം വില 1.46 ലക്ഷമാണ്. അപ്‌ഡേറ്റ് ചെയ്ത റിവര്‍ ഇന്‍ഡിയില്‍ നിരവധി പുതിയ ആപ്പ് അധിഷ്ഠിത സവിശേഷതകളും മെച്ചപ്പെട്ട സുരക്ഷാ കിറ്റും ഉള്‍പ്പെടുന്നു. ഇതുകൂടാതെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ആപ്പില്‍ റിയര്‍ല്‍ടൈം ചാര്‍ജിംഗ് സ്റ്റാറ്റസ്, റൈഡ് ഡാറ്റ തുടങ്ങിയ വിവരങ്ങള്‍ കാണാന്‍ കഴിയും.

പുതിയ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസൃതമായി ഡാറ്റ പോയിന്റുകള്‍ ക്രമീകരിക്കാന്‍ അനുവദിക്കുന്നു. കമ്പനി ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസ്‌പ്ലേ 6 ഇഞ്ച് ഡിസ്‌പ്ലേയിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇന്‍ഡിയില്‍ റിവര്‍ ഇതിനകം തന്നെ വിപുലമായ സുരക്ഷാ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.
മെച്ചപ്പെട്ട സുരക്ഷയ്ക്കായി മൂന്നാം തലമുറ മോഡലില്‍ ഹില്‍-ഹോള്‍ഡ് അസിസ്റ്റും ഉണ്ട്. പരുക്കന്‍ റോഡുകള്‍, കുഴികള്‍, ചരിവുകള്‍ എന്നിവ അനായാസം മറികടക്കാന്‍ പറ്റുന്ന ശക്തമായ ഗ്രിപ്പുള്ള ടയറുകള്‍ റിവര്‍ അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ സുഗമമായ യാത്ര ഉറപ്പാക്കാന്‍ 14 ഇഞ്ച് അലോയ് വീലുകളും സഹായിക്കുന്നു. മുന്നില്‍ 110/70, പിന്നില്‍ 120/70 സൈസ് ടയറുകളുമുണ്ട്. ഉപഭോക്തൃ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ റൈഡിംഗ് ഡൈനാമിക്‌സും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4-kWh ബാറ്ററി പായ്ക്ക് ആണ് റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 750-വാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം 5 മണിക്കൂര്‍ കൊണ്ട് ബാറ്ററി 0-80% ചാര്‍ജ് ചെയ്യാം. പരമാവധി 6.7 kW (9.1 PS), 26 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന് കരുത്ത് പകരുന്നത്.
പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 3.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. റഷ് മോഡ് മോഡിലെ വേഗതയാണ് ഇത്. ഫുള്‍ ചാര്‍ജില്‍ 161 കിലോമീറ്ററാണ് റിവര്‍ ഇന്‍ഡിയുടെ ഐഡിസി റേഞ്ച് പറയുന്നത്. തിരഞ്ഞെടുത്ത ഡ്രൈവ് മോഡുകളിലെ ട്രൂ റേഞ്ച് 110 കിലോമീറ്റര്‍ (ഇക്കോ), 90 കിലോമീറ്റര്‍ (റൈഡ്), 70 കിലോമീറ്റര്‍ (റഷ്) എന്നിവയാണ്.
240 mm ഫ്രണ്ട്, 200 mm റിയര്‍ ഡിസ്‌ക് ബ്രേക്കുകളാണ് സ്‌കൂട്ടറില്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ഇന്‍ഡിയില്‍ പൊസിഷന്‍ ലാമ്പുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡ്, മടക്കാവുന്ന ഫുട്‌പെഗുകള്‍, ഒരു സ്റ്റെപ്പ്-അപ്പ് സീറ്റ് ഡിസൈന്‍ എന്നിവയുള്ള ചതുരാകൃതിയിലുള്ള ട്വിന്‍-ബീം എല്‍ഇഡി ഹെഡ്ലൈറ്റ് എന്നിവ ഉണ്ട്. ആക്‌സസറി മൗണ്ടുകളായും ഉപയോഗിക്കാവുന്ന വശങ്ങളില്‍ പ്രൊട്ടക്ടീവള ബാറുകള്‍ സ്‌കൂട്ടറില്‍ ഉണ്ട്. റൈഡര്‍ക്കും വാഹനത്തിനും സംരക്ഷണം നല്‍കുന്ന പാനിയര്‍ മൗണ്ടുകളും സൈഡ് പാനലുകളില്‍ നല്‍കിയിരിക്കുന്നു.
ഇന്ത്യയിലുടനീളമുള്ള അതിന്റെ സ്റ്റോറുകളുടെ ശൃംഖല സജീവമായി വികസിപ്പിക്കുന്ന തിരക്കില്‍ കൂടിയാണ് റിവര്‍. ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊച്ചി, കോയമ്പത്തൂര്‍, പട്ന, ഹുബ്ലി തുടങ്ങിയ നഗരങ്ങളിലായി റിവറിന് ഇപ്പോള്‍ 34 ഔട്ട്ലെറ്റുകള്‍ ഉണ്ട്. 2026 മാര്‍ച്ചോടെ പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ തുറക്കുന്നതോടെ സ്റ്റോറുകളുടെ എണ്ണം 80 ആയി ഉയരും. അതുവഴി മധ്യ, വടക്കേ ഇന്ത്യയിലുടനീളം സാന്നിധ്യം വ്യാപിപ്പിക്കാനാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് പദ്ധതിയിടുന്നത്.


Click it and Unblock the Notifications








