പ്രേമുലു പോലെ സൂപ്പര്‍ ഹിറ്റായി അതിലെ ഇ-സ്‌കൂട്ടറും! മാര്‍ച്ചില്‍ വില്‍പ്പന ആ മാജിക് നമ്പര്‍ പിന്നിട്ടു
2024-ല്‍ മോളിവുഡില്‍ പിറന്ന സര്‍പ്രൈസ് ഹിറ്റായിരുന്നു 'പ്രേമലു'. നസ്‌ലെനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം തെന്നിന്ത്യയിലാകെ തരംഗമാകുകയും മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ മുന്നിലെത്തുകയും ചെയ്തിരുന്നു. ഈ സിനിമ കണ്ടര്‍ ചിത്രത്തില്‍ സച്ചിനും റീനുവും ഹൈദരാബാദിലൂടെ കറങ്ങി നടന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ മറക്കാനിടയില്ല. ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന് വിശേഷണമുള്ള റിവര്‍ ഇന്‍ഡി എന്ന ഈ മോഡല്‍ പുറത്തിറക്കിയ കമ്പനിയുടെ ഉടമകളും മലയാളികള്‍ ആണ്. തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് മണിയും കോഴിക്കോടുകാരന്‍ വിപിന്‍ ജോര്‍ജും 2021ലാണ് റിവര്‍ സ്ഥാപിച്ചത്.
രണ്ടര വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം 2023 ഒക്ടോബറില്‍ ആദ്യ മോഡലായ ഇന്‍ഡി പുറത്തിറക്കി. പ്രേമലുവെന്ന ചിത്രം പോലെ റിവര്‍ ഇന്‍ഡിയും ഇന്ത്യന്‍ വിപണിയില്‍ ഹിറ്റടിക്കുന്ന കാഴ്ചയാണ്. പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം റിവര്‍ ഇന്‍ഡി 2025 മാര്‍ച്ചോടെ പ്രതിമാസം 1,000 യൂണിറ്റ് വില്‍പ്പനയെന്ന മാജിക് സംഖ്യ തൊട്ട് വിജയം കൈവരിച്ചു. നാല് വര്‍ഷം കൊണ്ട് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിന്റെ വരുമാനം 100 കോടി രൂപ കടന്നിരിക്കുകയാണ്.

ദക്ഷിണ, പശ്ചിമ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമുള്ള പ്രദേശങ്ങളില്‍ റിവര്‍ തങ്ങളുടേതായ ഇടം സൃഷ്ടിക്കുകയാണ്. നിലവിലുള്ള ഇവികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ഗ്രീന്‍ മൊബിലിറ്റി പുല്‍കാന്‍ സന്നദ്ധതയുമുള്ള ജനങ്ങളുള്ള മേഖലകളില്‍ ആഴത്തിലുള്ള വിപണി വ്യാപനം ഉറപ്പാക്കാനാണ് സ്റ്റാര്‍ട്ടപ്പിന്റെ ശ്രമം. നിലവില്‍, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മൈസൂര്‍, കൊച്ചി എന്നിവയുള്‍പ്പെടെ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലായി 20 റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ റിവറിനുണ്ട്.
സമീപഭാവിയില്‍ തിരുവനന്തപുരം, വിജയവാഡ, പൂനെ എന്നിവിടങ്ങളിലേക്കും തങ്ങളുടെ ശൃംഖല വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. 2026 ആകുമ്പോഴേക്കും, കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോറുകളുടെയും ഡീലര്‍ഷിപ്പുകളുടെയും എണ്ണം 100-ന് മേലെയാക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രായോഗിക രൂപകല്‍പ്പനയും വിപുലമായ സവിശേഷതകളും കൊണ്ട് ഉപഭോക്താക്കളെ മാത്രമല്ല യമഹ പോലുള്ള വമ്പന്‍ ബ്രാന്‍ഡുകളെയും റിവര്‍ ആകര്‍ഷിച്ചു. യമഹ അവരുടെ അനുബന്ധ സ്ഥാപനത്തിലൂടെ റിവറില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

റിവര്‍ ഇന്‍ഡിയെ കുറിച്ച് പറയുമ്പോള്‍ മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാനാകും. ഡിസൈനും വലിപ്പവും തന്നെയാണ് റിവര്‍ ഇന്‍ഡിയുടെ പ്രധാന ആകര്‍ഷണം. കൂറ്റന്‍ ബോഡി വര്‍ക്ക്, ഡ്യുവല്‍-ബീം എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വശങ്ങളില്‍ സംയോജിപ്പിച്ചിരിക്കുന്ന പാനിയറുകള്‍ക്കുള്ള ഹാര്‍ഡ് മൗണ്ടുകള്‍ എന്നിവയ്ക്കൊപ്പം ഇന്‍ഡി സ്‌കൂട്ടറിന് ബോള്‍ഡ് ഡിസൈനാണ് ലഭിക്കുന്നത്.
ചങ്കി സീറ്റ്, പരന്നതും വീതിയുള്ളതുമായ ഫ്‌ലോര്‍ബോര്‍ഡ്, ഗ്രാബ്രെയ്ല്‍, ക്രാഷ് ഗാര്‍ഡുകള്‍, കട്ടിയുള്ള ടയറുകളില്‍ പൊതിഞ്ഞ അലോയ് വീലുകള്‍ എന്നിവ പരമ്പരാഗത സ്‌കൂട്ടറുകളെ അപേക്ഷിച്ച് അതിന്റെ പരുക്കന്‍ രൂപവും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നുമുണ്ട്. സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90-ഡിഗ്രി വാല്‍വ് സ്റ്റെംസ് എന്നിങ്ങനെ നിരവധി ഉപകാരപ്രദമായ സവിശേഷതകളും ഇതിലുണ്ട്.

4 kWh ബാറ്ററി പായ്ക്കുമായാണ് ഇ-സ്‌കൂട്ടര്‍ വരുന്നത്. 6.7 kWh അതായത് 8.9 bhp ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് പരമാവധി 26 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ബെല്‍റ്റ് ഡ്രൈവ് വഴി പിന്‍ വീലിലേക്ക് പവര്‍ അയയ്ക്കുന്ന മോഡലിന് പരമാവധി 90 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവുമെന്നും കമ്പനി പറയുന്നു.
വെറും 3.9 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റിവര്‍ ഇന്‍ഡിക്ക് സാധിക്കും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇവിയുടെ പ്രത്യേകതയാണ്.


Click it and Unblock the Notifications








