മലയാളി മുതലാളിമാർ പണ്ടേ പൊളിയല്ലേ; 8 വർഷത്തെ വാറൻ്റി പ്രഖ്യാപനവുമായി റിവർ ഇൻഡി
ഒരു വാഹനം വാങ്ങുമ്പോൾ പ്രത്യേകിച്ച് ഇലക്ട്രിക് സ്കൂട്ടറാകുമ്പോൾ എല്ലാവരുടേയും ആശങ്ക ബാറ്ററിക്കും മോട്ടോറിനുമുളള വാറൻ്റിയെ കുറിച്ചായിരിക്കും. ബാംഗ്ലൂരു ആസ്ഥാനമായിട്ടുള്ള റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് 8 വർഷത്തെ വാറൻ്റി ബാറ്ററിക്കും മോട്ടോറിനും പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രത്യേകത എന്താണെന്ന് വച്ചാൽ നിലവിൽ റിവർ ഇൻഡി ഇവി സ്കൂട്ടറുടമകൾക്കും ഈ ഓഫർ ബാധകമാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനിയുടെ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ബെംഗളൂരു, മൈസൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, വിശാഖപട്ടണം എന്നിവയുൾപ്പെടെ 15 നഗരങ്ങളിലായി റിവർ ഇൻഡിക്ക് 32 സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
റിവർ ഇൻഡിക്ക് 1.43 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക. 2023-ൽ റിവർ ഇൻഡി ആദ്യമായി ലോഞ്ച് ചെയ്തത് 1.25 ലക്ഷം രൂപയ്ക്കായിരുന്നു. പിന്നീട് ഈ വർഷം ആദ്യം നില 1.38 ലക്ഷമായി ഉയർത്തിയിരുന്നു. ചെയിൻ ഡ്രൈവ് സംവിധാനമുള്ള പുതിയ സിംഗിൾ സ്പീഡ് ഗിയർബോക്‌സ് സെഗ്മെൻ്റിലെ തന്നെ ആദ്യത്തേതാണ്. സിംഗിൾ-സ്പീഡ് ഗിയർബോക്‌സുമായി ചേർന്ന് ചെയിൻ ഡ്രൈവ് സ്‌കൂട്ടറിൻ്റെ അസംബ്ലി പ്രക്രിയയും റിപ്പയർ ജോലികളും ലളിതമാക്കുന്നു.

മസിൽ രൂപവും ആവശ്യത്തിലധികം സാധനങ്ങൾ കയറ്റാനുള്ള സ്പേസുമാണ് ഇവിയുടെ പ്രധാന ഹൈലൈറ്റ്. ധാരാളം സ്റ്റോറേജ് സ്പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്ഡ്തുടങ്ങി വൈദ്യുത സ്‌കൂട്ടറുകളില്‍ അങ്ങനെ കണ്ടുവരാത്ത സംവിധാനങ്ങൾ കോർത്തിണക്കിയാണ് റിവർ ഇൻഡി പണികഴിപ്പിച്ചിരിക്കുന്നത്. കൂറ്റൻ ബോഡി വർക്ക്, ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, വശങ്ങളിൽ സംയോജിപ്പിച്ച പാനിയറുകൾക്കുള്ള ഹാർഡ് മൗണ്ടുകൾ എന്നിവയെല്ലാം ഇവിയെ വേറിട്ടുനിർത്തും.
റിവർ ഇൻഡിയിലെ വലിപ്പമുള്ള സീറ്റ്, പരന്നതും വീതിയുള്ളതുമായ ഫ്ലോർബോർഡ്, ഗ്രാബ്‌റെയ്ൽ, ക്രാഷ് ഗാർഡുകൾ, അലോയ് വീലുകൾ എന്നിവ പരമ്പരാഗത സ്കൂട്ടറുകളെ അപേക്ഷിച്ച് അതിൻ്റെ പരുക്കൻ രൂപവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്ന കാര്യമാണ്. റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിന് 55 ലിറ്റർ സ്റ്റോറേജ് സ്പേസാണ് ലഭിക്കുന്നത്.

ഗ്ലോവ്ബോക്സിൽ 12 ലിറ്ററും സീറ്റിനടിയിൽ 43 ലിറ്ററും സ്റ്റോറേജ് നൽകുന്ന വിധത്തിലാണ് കമ്പനി സെറ്റപ്പ് ചെയ്‌തിരിക്കുന്നത്. കൂടാതെ, ഫ്രണ്ട്-ഫൂട്ട്പെഗുകളും 14 ഇഞ്ച് വീലുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നതും പ്രായോഗികത ഇരട്ടിയാക്കുന്ന സംഗതിയാണ്. ഇതെല്ലാം ഏതുതരം സാഹചര്യങ്ങളിലും മികച്ച യാത്രാക്ഷമതയും ഉറപ്പുവരുത്തുന്നുമുണ്ട്.
4 kWh ബാറ്ററി പായ്ക്കുമായാണ് ഇൻഡി ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. 6.7 kWh ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സിംഗിൾ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് തരുന്ന വാഹനത്തിന് പരമാവധി 90 കിലോമീറ്റർ വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്. 3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും മോഡലിനാവും.

എന്തുകൊണ്ട് റിവർ ഇൻഡി വാങ്ങണമെന്ന ചോദ്യത്തിൻ്റെ ലളിതമായ ഉത്തരം പ്രായോഗികത എന്ന് തന്നെയാണ്. സ്റ്റോറേജ് സ്പേസാണ് ഇവിയിലെ മറ്റൊരു ഏറ്റവും വലിയ ഹൈലൈറ്റ്. ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാ സാധനസാമഗ്രികളും റിവർ ഇൻഡിയുണ്ടെങ്കിൽ നിങ്ങൾക്ക് വീട്ടിലെത്തിക്കാമെന്നതാണ് ഗുണം.അത് കൊണ്ട് തന്നെ എല്ലാവരും റിവർ ഇൻഡിയുടെ ഷോറൂമിൽ പോയി വാഹനം കാണുകയും ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








