ബുള്ളറ്റ് വാങ്ങാനിരുന്നവരെ ഞെട്ടിച്ച് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രഖ്യാപനം! ഇത് വായിക്കാതെ ഷോറൂമില്‍ പോകരുതേ...
മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ രാജാക്കന്‍മാരായ റോയല്‍ എന്‍ഫീല്‍ഡിനെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2024. നവംബറില്‍ വമ്പന്‍ വില്‍പ്പനയുമായി ഇന്ത്യയിലെ ഏറ്റവും മികച്ച ആറാമത്തെ ടൂവീലര്‍ ബ്രാന്‍ഡായി മാറിയ റോയല്‍ എന്‍ഫീല്‍ഡിന് പക്ഷേ ഡിസംബറില്‍ വില്‍പ്പന അല്‍പ്പം കുറഞ്ഞിരുന്നു. 2024 ഡിസംബറില്‍ 79466 യൂണിറ്റായിരുന്നു കമ്പനിയുടെ വില്‍പ്പന. 2024 കലണ്ടര്‍ വര്‍ഷം 8.57 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2023-ല്‍ വിറ്റ 8.22 ലക്ഷം യൂണിറ്റിനെ അപേക്ഷിച്ച് 4 ശതമാനം വളര്‍ച്ച സ്വന്തമാക്കി. മുമ്പത്തെ കമ്പനിയുടെ മികച്ച 2018 വര്‍ഷത്തിലെ (8.37 ലക്ഷം യൂണിറ്റുകള്‍) പ്രകടനം മറികടക്കാനുമായി.
ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ബുള്ളറ്റ് 350. നൊസ്റ്റാള്‍ജിയ കലര്‍ന്ന റെട്രോ-വിന്‍േറജ് ലുക്കും ആധുനിക എഞ്ചിനീയറിംഗും സമാസമം ചേരുന്ന ഈ ബൈക്ക് ഇന്നും യൂത്തിന്റെ ഹരമാണ്. പുതുവര്‍ഷം പിറന്നതോടെ ബുള്ളറ്റ് 350 മോഡലില്‍ ചെറിയൊരു പരിഷ്‌കാരം വരുത്തിയിരിക്കുകയാണ് കമ്പനി. ബുള്ളറ്റ് 350-യുടെ കളര്‍ പാലറ്റില്‍ നിന്ന് മിലിട്ടറി സില്‍വര്‍ ഷെയ്ഡ് എടുത്ത് കളഞ്ഞതാണ് അത്.

Note: Images are representative purpose.
ഡിമാന്‍ഡ് കുറഞ്ഞ കാരണമാണ് മിലിട്ടറി സില്‍വര്‍ നിറം ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതെന്ന് വേണം കരുതാന്‍. 2023 സെപ്റ്റംബറിലാണ് ഐഷറിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് ഈ ബൈക്ക് പുറത്തിറക്കിയത്. അന്ന് പ്രധാനമായും മൂന്ന് നിറങ്ങളിലായിരുന്ന ഓഫര്‍ ചെയ്തിരുന്നത്. 1.73 ലക്ഷം രൂപയായിരുന്നു മിലിട്ടറി റെഡ്, മിലിട്ടറി ബ്ലാക്ക് എന്നിവയുടെ വില. അതേസമയം സ്റ്റാന്‍ഡേഡ് മെറൂണ്‍, സ്റ്റാന്‍ഡേഡ് ബ്ലാക്ക് എന്നീ മിഡ്‌ലെവല്‍ വേരിയന്റുകള്‍ക്ക് 1.97 ലക്ഷം രൂപയായിരുന്നു വിലയിട്ടിരുന്നത്.
ടോപ് എന്‍ഡ് ബ്ലാക്ക് ഗോള്‍ നിറത്തിന് 2.16 ലക്ഷം രൂപയായിരുന്നു മുടക്കേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു 1.79 ലക്ഷം രൂപ വിലയില്‍ മിലിട്ടറി സില്‍വര്‍ നിറം റോയല്‍ എന്‍ഫീല്‍ഡ് കളര്‍ പാലറ്റില്‍ ഉള്‍പ്പെടുത്തിയത്. മിലിട്ടറി, സ്റ്റാന്‍ഡേഡ് ട്രിമ്മുകളുടെ ഇടയിലായിരുന്നു മിലിട്ടറി സില്‍വര്‍ ട്രിം സ്ഥാനം പിടിച്ചത്. ഇതിന്റെ ഫ്യുവല്‍ ടാങ്കിലും സൈഡ് പാനലുകളിലും ആകര്‍ഷകമായ സില്‍വര്‍ പിന്‍സ്ട്രിപ്പുകള്‍ ലഭിച്ചിരുന്നു.

ബുള്ളറ്റിന്റെ ഇന്ധന ടാങ്കിലെ പിന്‍സ്ട്രിപ്പുകള്‍ കൈകൊണ്ട് വരയ്ക്കാന്‍ കലാകാരന്മാരെ നിയമിക്കുന്ന പൈതൃകമാണ് റോയല്‍ എന്‍ഫീല്‍ഡിനുള്ളത്. ഈ വരകള്‍ ബൈക്കിന്റെ ഭംഗി കൂട്ടുന്നു. മിലിട്ടറി ട്രിമ്മുകളില്‍ ഇത് നല്‍കിയിരുന്നില്ല. 2024 സെപ്റ്റംബറില്‍ കമ്പനി 1.74 ലക്ഷത്തിന് ബറ്റാലിയന്‍ ബ്ലാക്ക് നിറം കൂടി ഉള്‍പ്പെടുത്തിയതോടെയാണ് സ്ഥിതിഗതികള്‍ മാറിയത്. മിലിട്ടറി സില്‍വറിനേക്കാള്‍ വില കുറവാണെന്ന് മാത്രമല്ല ഇതിന്റെ ഫ്യുവല്‍ ടാങ്കിനും സൈഡ് പാനലുകളിലും ഗോള്‍ഡന്‍ പിന്‍സ്ട്രിപ്പുകളും റെട്രോ ചാം സമ്മാനിക്കുന്ന 3D ലോഗോയും ലഭിച്ചു.
പഴകാലത്തെ ബുള്ളറ്റുകളെ അനുസ്മരിപ്പിക്കുന്ന സ്‌റ്റെപ്പ്ഡ് സീറ്റുകളും റെട്രോ ടെയില്‍ഗേറ്റുകളും ബറ്റാലിയന്‍ ബ്ലാക്ക് ഷെയ്ഡിന്റെ പ്രത്യേകതയായിരുന്നു. ബുള്ളറ്റ് 350 മിലിട്ടറി സില്‍വര്‍ ട്രിമ്മിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയടിച്ച് കൊണ്ടായിരുന്നു ബറ്റാലിയന്‍ ബ്ലാക്കിന്റെ വരവ്. അതോടെ അവതരിപ്പിച്ച് 1 വര്‍ഷത്തിനുള്ളില്‍ മിലിട്ടറി സില്‍വര്‍ ട്രിം വിടചൊല്ലി.
പാലറ്റില്‍ നിന്ന് മിലിട്ടറി സില്‍വര്‍ ബ്ലാക്ക്, മിലിട്ടറി സില്‍വര്‍ റെഡ് നിറങ്ങള്‍ നിര്‍ത്തലാക്കിയതിന് പുറമെ , 2025 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോഡലില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. ഇതിന് ഇപ്പോഴും 'ടൈഗര്‍ ഐസ്' പൈലറ്റ് ലൈറ്റുകളും സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു.
അതേ 349 സിസി സിംഗിള്‍ സിലിണ്ടര്‍ ജെ-സീരീസ് എയര്‍ കൂള്‍ഡ് എഞ്ചിന്‍ 20.2 bhp പവറും 27 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു.കാലാതീതമായ ബോഡി വര്‍ക്കിന് കീഴില്‍, ടെലിസ്‌കോപ്പിക് ഫോര്‍ക്കും ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളും ഉപയോഗിച്ച് സസ്‌പെന്‍ഡ് ചെയ്ത ഒരു ക്രാഡില്‍ ഫ്രെയിം ഉണ്ട്. ജാവ 350 , ഹോണ്ട ഹൈനസ് CB350 എന്നിവയ്ക്കെതിരെയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മത്സരിക്കുന്നത്.


Click it and Unblock the Notifications








