കോണ്ടിനെൻ്റൽ ജിടിയുടെ ചേട്ടനോ ഇത്! 750 സിസിയിൽ നല്ല ചിമിട്ടൻ ഐറ്റവുമായി റോയൽ എൻഫീൽഡ്
ഗോവയിൽ നടന്ന മോട്ടോവേർസ് 2025-ൽ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി750 റേസ് ബൈക്കിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അടുത്തിടെ ഇറ്റലിയിലെ EICMA 2025 പ്രദർശനത്തിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് ഈ കൺസെപ്റ്റ് ബൈക്ക് ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്റെ പുതിയ 750സിസി പ്ലാറ്റ്‌ഫോമിന്റെ സൂചന കൂടിയാണ് പുതിയ ജിടി750 പ്രോട്ടോടൈപ്പ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ വിപണിയിലുള്ള കോണ്ടിനെന്റൽ ജിടി650-ക്ക് പകരമായി 2026-ൽ ഈ ബൈക്ക് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
റെട്രോ-റേസർ മോട്ടോർസൈക്കിളിന്റെ രൂപകൽപ്പനയാണ് റോയൽ എൻഫീൽഡ് ജിടി750-ക്ക് നൽകിയിരിക്കുന്നത്. മിനിമലിസ്റ്റിക് ബോഡി പാനലുകൾ, ചെറിയ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, റിയർ-സെറ്റ് ഫുട്‌പെഗുകൾ, ഒതുക്കമുള്ള സബ്-ഫ്രെയിം എന്നിവയാണ് പ്രധാന സവിശേഷതകൾ. ഇത് ബൈക്കിന് മികച്ച ഡൈനാമിക്‌സും വേഗതയും നൽകുന്നു. പിൻഭാഗത്ത്, ടെയിൽ സെക്ഷന്റെ മുഴുവൻ വീതിയിലും ഇരട്ട എൽഇഡി സ്ട്രിപ്പുകൾ കാണാം.

ഈ കൺസെപ്റ്റ് ബൈക്കിന്റെ വശങ്ങളിൽ ഘടിപ്പിച്ച റേസ് നമ്പർ പ്ലേറ്റുകൾ, ഇത് ഭാവിയിൽ റേസിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണാ് എന്ന് മനസിലാക്കാം. റീഡിസൈൻ ചെയ്ത ഷാസിയും, പരിഷ്കരിച്ച സ്റ്റിയറിംഗ് അസംബ്ലിയും ജിടി750 പ്രോട്ടോടൈപ്പിന്റെ ഹൈലൈറ്റുകളായി എടുത്തു പറയേണ്ടതാണ് . റേസിംഗ് സാഹചര്യങ്ങൾക്കായി ക്രമീകരിക്കാവുന്ന ഷൊവ സസ്പെൻഷൻ കമ്പോണന്റുകളാണ് ഇതിൽ കമ്പനി നൽകിയിരിക്കുന്നത്.
മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും, പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും നൽകിയിട്ടുണ്ട്. മെച്ചപ്പെടുത്തിയ ഡൈനാമിക്സിന് അനുസൃതമായി, ബ്രേക്കിംഗ് സിസ്റ്റവും നവീകരിച്ചിട്ടുണ്ട്. ഇരട്ട ഫ്രണ്ട് ഡിസ്കുകളും ഉയർന്ന പ്രകടനമുള്ള കാലിപ്പറുകളും ഇതിൽ ഉൾപ്പെടുന്നു. കോണ്ടിനെന്റൽ ജിടി750-ലെ പുതിയ 750സിസി പാരലൽ-ട്വിൻ എഞ്ചിൻ നിലവിലുള്ള 648സിസി എഞ്ചിനേക്കാൾ കൂടുതൽ കരുത്ത് നൽകുന്നു. റേസിംഗിനായി രൂപകൽപ്പന ചെയ്ത ഈ എഞ്ചിൻ ഏകദേശം 54-55 bhp കരുത്തും 65 Nm ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ഇത് ജിടി650-യുടെ 47 bhp, 52 Nm ടോർക്ക് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വലിയൊരു മാറ്റം തന്നെയാണ്. നിലവിലുള്ള 650സിസി ബൈക്കുകളിലെ 6-സ്പീഡ് ഗിയർബോക്സും സ്ലിപ്പർ-ക്ലച്ചും പുതിയ മോഡലിലും തുടരാൻ സാധ്യതയുണ്ട്. റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി750 പ്രോട്ടോടൈപ്പിലെ ഇരട്ട ഡിസ്ക് ബ്രേക്കുകൾ, പരിഷ്കരിച്ച ജോമെട്രി, ഉയർന്ന പ്രകടനമുള്ള ഹാർഡ്‌വെയർ എന്നിവ നിയോ-റെട്രോ ബൈക്കുകളിൽ ഉയർന്ന പ്രകടനത്തിലേക്ക് മാറാനുള്ള കമ്പനിയുടെ താൽപ്പര്യം തന്നെയാണ് വ്യക്തമാക്കുന്നത്.
റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി750-യുടെ പ്രൊഡക്ഷൻ പതിപ്പ് 2026 അവസാനമോ 2027 ആദ്യമോ ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഏകദേശം 4 ലക്ഷം രൂപയായിരിക്കും ഇതിന്റെ എക്സ്-ഷോറൂം വില. എന്തായാലും നിലവിലുള്ള കോണ്ടിനെന്റൽ ജിടി650-യേക്കാൾ ഉയർന്ന വിലയായിരിക്കും ഇതിനെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഗോവയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മോട്ടോവേഴ്സ് 2025-ൽ നിലവിൽ ഹിമാലയൻ മനാ ബ്ലാക്ക്, ഇലക്ട്രിക് മോഡലായ ഫ്ലൈയിങ്ങ് ഫ്ലീ, 650 സിസി സെഗ്മെൻ്റിൽ ബുള്ളറ്റ് 650 എന്ന മോഡലിനൊപ്പമാണ് കോണ്ടിനെൻ്റൽ ജിടി 750 അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും 2026-ൽ റോയൽ എൻഫീൽഡ് വിപണി കീഴടക്കുമെന്ന് നിസംശയം പറയാൻ സാധിക്കുന്നത് പോലെയാണ് പുതിയ മോഡലുകളെ അവതരിപ്പിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








