ഹിമാലയന്‍ ഉടമകളെ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് റോയല്‍ എന്‍ഫീല്‍ഡ്! പുതുതായി വാങ്ങുന്നവര്‍ പേടിക്കേണ്ട
ഇന്ത്യയിലെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ മുടിചൂടാമന്നന്‍മാരാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. ഇന്ത്യന്‍ യൂത്തിനെ കുന്നും മലയും കയറാന്‍ പോന്ന അഡ്വഞ്ചര്‍ ബൈക്കുകളെ ഇഷ്ടപ്പെടാന്‍ പഠിപ്പിച്ച ഈ മോഡലിന് ആവശ്യമായ അപ്‌ഡേറ്റുകള്‍ കമ്പനി സദാസമയം നല്‍കാറുണ്ട്. അടുത്തിടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 മോഡലില്‍ ട്യൂബ്‌ലെസ് വീലുകള്‍ കൊണ്ടുവന്നത്. ഈ ഒരു തീരുമാനത്തെ പുതുതായി ബൈക്ക് വാങ്ങാനിരുന്നവരും നിലവിലെ ഉടമകളും ഒരുപോലെ സ്വാഗതം ചെയ്തിരുന്നു. 12,424 രൂപ പ്രാരംഭ വിലയില്‍ ആക്‌സസറിയായാണ് ട്യൂബ്‌ലെസ് വീലുകള്‍ കമ്പനി ഹിമാലയന് സമ്മാനിച്ചത്. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഹിമാലയന്‍ 450-യുടെ ക്രോസ്-സ്പോക്ക് വീലുകളുടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 12,424 രൂപ വിലയുണ്ടായിരുന്ന ഈ വീലുകള്‍ക്ക് ഇപ്പോള്‍ 40,645 രൂപയാണ് വില. വില വര്‍ധനവ് നിലവിലുള്ള ഹിമാലയന്‍ ഉടമകള്‍ക്ക് തിരിച്ചടിയാണെങ്കിലും, പുതുതായി ഹിമാലയന്‍ വാങ്ങുന്നവര്‍ക്ക് പഴയ വിലയില്‍ തന്നെ ലഭ്യമാകും.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 താങ്ങാവുന്ന വിലയില്‍ ക്രോസ്-സ്പോക്ക് വീലുകള്‍ ലഭിക്കുന്ന ചുരുക്കം ചില അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കുകളില്‍ ഒന്നാണ്. ഈ വീലുകള്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വിപണിയില്‍ നിന്ന് മികച്ച അഭിപ്രായം നേടിയിരുന്നു. ട്യൂബ് വീലുകളില്‍ നിന്ന് ക്രോസ്-സ്പോക്ക് വീലുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ക്ക് 12,424 രൂപയ്ക്ക് ഈ വീലുകള്‍ ലഭ്യമായിരുന്നു.
ട്യൂബ്ലെസ് കിറ്റുകളേക്കാള്‍ കുറഞ്ഞ വിലയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇവ പുറത്തിറക്കിയത്.ഈ ക്രോസ്-സ്പോക്ക് വീലുകള്‍ ബ്ലാക്ക്, ഒലീവ് ബ്ലാക്ക്, ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. നിറത്തിന് അനുസരിച്ച് വിലയില്‍ മാറ്റമില്ല. എന്നിരുന്നാലും വില കുത്തനെ കൂട്ടിയത് ട്യൂബ്ലെസ് സെറ്റിലേക്ക് മാറാന്‍ പദ്ധതിയിട്ടിരുന്ന പല ഉടമകളെയും പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കാന്‍ സാധ്യതയുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ കാസ ബ്രൗണ്‍, സ്ലേറ്റ് ഹിമാലയന്‍ സാള്‍ട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ, കാമെറ്റ് വൈറ്റ്, ഹാന്‍ലി ബ്ലാക്ക് എന്നിവയുള്‍പ്പെടെ അഞ്ച് നിറങ്ങളില്‍ ഇത് വാങ്ങാം. ഇതിന് 452 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 40 bhp പവറും 40 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ പ്രാപ്തമായ ഈ എഞ്ചിന്‍ 6് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
സ്റ്റീല്‍ ട്വിന്‍-സ്പാര്‍ ഫ്രെയിമിലാണ് ഹിമാലയന്‍ 450 സജ്ജീകരിച്ചിരിക്കുന്നത്, മുന്‍വശത്ത് ഇന്‍വേര്‍ട്ടഡ് ഷോവ കാട്രിഡ്ജ് ഫോര്‍ക്കും പിന്നില്‍ ഒരു മോണോഷോക്കും സസ്പെന്‍ഷന്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നു. ഇതിന് 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ ടയറുകള്‍ ലഭിക്കുന്നു. മുന്‍വശത്ത് 30 mm ഡിസ്‌ക്കും പിന്നില്‍ 270 mm ഡിസ്‌ക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നു.

ഫീച്ചര്‍ വശം നോക്കുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-ക്ക് കണക്റ്റിവിറ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന വൃത്താകൃതിയിലുള്ള 4 ഇഞ്ച് കളര്‍ ഡിസ്പ്ലേ ലഭിക്കുന്നു. സ്വിച്ചബിള്‍ എബിഎസും റൈഡിംഗ് മോഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. റൈഡ്-ബൈ-വയര്‍ സിസ്റ്റവും അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 മോഡലിന്റെ വില 2.85 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി 2.98 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്-ഷോറൂ വിലകളാണ് ഇത്. ആഭ്യന്തര വിപണിയില്‍ ഹിമാലയന്‍ കെടിഎം 390 അഡ്വഞ്ചറുമായി നേരിട്ട് ഏറ്റുമുട്ടുന്നു. ടിവിഎസ് RTX 300, ഹീറോ എക്‌സ്പള്‍സ് 421 എന്നിവയുടെ വരവോടെ വരും മാസങ്ങളില്‍ ഈ വിഭാഗത്തില്‍ മത്സരം കൂടുതല്‍ കനക്കും.


Click it and Unblock the Notifications








