കാറിന് പറ്റിയ പുത്തന്‍ എഞ്ചിനുമായി എന്‍ഫീല്‍ഡ്! പുതിയ ഹിമാലയന്‍ 750 ഉടന്‍
രാജ്യത്തെ മിഡ്കപാസിറ്റി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ രാജാക്കന്‍മാരായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി കൃത്യമായ മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ അടക്കം പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുകയാണ്. 2027 വരെ ഓരോ മൂന്നു മാസത്തിലും ഓരോ പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്കണിക് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. ഈ തന്ത്രത്തിന്റെ ഭാഗമായി ഇതിനോടകം വിപണിയിലെത്തിയ മോഡലുകള്‍ ആണ് ഹണ്ടര്‍ 350, പുതിയ ബുള്ളറ്റ് 350 എന്നിവ. എന്‍ഫീല്‍ഡിന്റെ ഭാവി ഉല്‍പ്പന്നങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന 750 സിസി ബൈക്കുകളുമുണ്ട്.
കമ്പനി ഇതുവരെ ഒരു 750 സിസി മോഡല്‍ പുറത്തിറക്കിയിട്ടില്ല. 750 സിസി വിഭാഗത്തില്‍ കമ്പനി പുറത്തിറക്കുന്ന ആദ്യ മോഡല്‍ കോണ്ടിനെന്റല്‍ GT-R 750 ആയിരിക്കും എന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള കോണ്ടിനെന്റല്‍ GT 650-യെ അടിസ്ഥാനമാക്കിയായിരിക്കും ഈ മോഡല്‍ വരികയെന്നായിരുന്നു പറഞ്ഞിരുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ 750 സിസി ബൈക്ക് ഹിമാലയന്‍ 750 ആയിരിക്കുമെന്നാണ് സൂചന.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കമ്പനി ഉദ്യോഗസ്ഥര്‍ ഹിമാലയന്‍ മോഡലുകള്‍ ലഡാക്കില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പരീക്ഷണയോട്ടത്തിനായി രണ്ട് ഹിമാലയന്‍ 750 ബൈക്കുകളാണ് അന്ന് ലഡാക്കിലെത്തിച്ചത്. അതില്‍ ഒന്ന് ഒരു ഇലക്ട്രിക് മോഡലായിരുന്നു. ലഡാക്കിലെ ദുര്‍ഘടമായ പാതകളില്‍ ഈ ബൈക്കുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിലയിരുത്തുന്നതിനായിരുന്നു ഈ പരീക്ഷണം.
ഇത് ഹിമാലയന്‍ 750 മോട്ടോര്‍സൈക്കിള്‍ അധികം വൈകാതെ വിപണിയില്‍ എത്തുമെന്ന സൂചന നല്‍കിയിരുന്നു. ഹിമാലയന്‍ 750 വികസിപ്പിക്കുന്നതില്‍ ആദ്യം അത്ര താല്‍പ്പര്യം കാണിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ അതിന്റെ ഡിസൈനിങ് അവസാന ഘട്ടത്തിലാണെന്നും റോയല്‍ എന്‍ഫീല്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഹിമാലയന്‍ 750-ലെ ഫീച്ചറുകള്‍ എന്തൊക്കെയാണെന്ന് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

മുന്‍തലമുറയുടെ ഡിസൈനിംഗില്‍ നിന്ന് മാറി പുതിയ ഹിമാലയന്‍ പൂര്‍ണമായും പുതിയ ഷാസിയിലാണ് നിര്‍മിച്ചിരിക്കുന്നത്. പുനര്‍നിര്‍മിച്ച ഫ്രണ്ട് കൗളും വിന്‍ഡ്‌സ്‌ക്രീനം ഉള്‍പ്പെടെ ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. ലിങ്കേജ് സിസ്റ്റവുമായി വരുന്ന റിയര്‍മോഷോക്കും ബൈക്കിന് ലഭിക്കും. ഫുള്ളി അഡ്ജസ്റ്റബില്‍ യുഎസ്ഡി ഫോര്‍ക്കും സസ്‌പെന്‍ഷന്‍ സെറ്റപ്പില്‍ കാണും.
വലിയ ഫ്യുവല്‍ ടാങ്കും ഹിമാലയന്‍ 450-ലേതിന് സമാനമായി പിന്‍ഭാഗത്ത് കംബൈന്‍ഡ് ടെയില്‍ലൈറ്റും ടേണ്‍ ഇന്‍ഡിക്കേറ്റര്‍ സജ്ജീകരണവും കണക്റ്റിവിറ്റി ഫംഗ്ഷനുകളുള്ള ഒരു പുതിയ TFT സ്‌ക്രീനും അഡ്വഞ്ചര്‍ ടൂററില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. റൈഡ് മോഡുകളും ചില ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളും ഉപകരണ പട്ടികയില്‍ ഉള്‍പ്പെട്ടേക്കാം.

19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ വയര്‍-സ്പോക്ക്ഡ് വീലുകളിലാകും ഇത് ഓടുക. ബൈബ്രെ കാലിപ്പറുകള്‍ ഉള്ള ഇരട്ട ഡിസ്‌കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി കെകാര്യം ചെയ്യുന്നത്. ഉയര്‍ന്ന നിലവാരമുള്ള എക്സ്ഹോസ്റ്റ്, പുതുതായി രൂപകല്‍പ്പന ചെയ്ത ബാഷ് പ്ലേറ്റ്, പരിഷ്‌ക്കരിച്ച ഹെഡര്‍ പൈപ്പുകള്‍, ടൂറിംഗ് ആക്സസറികള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച മൗണ്ടുകള്‍ എന്നിവ അധിക ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 750-ല്‍ പുതുതായി വികസിപ്പിച്ച പാരലല്‍-ട്വിന്‍, ഓയില്‍-കൂള്‍ഡ് 750 സിസി എഞ്ചിന്‍ ഉപയോഗിക്കും. ആറ് സ്പീഡ് ട്രാന്‍സ്മിഷനും സ്ലിപ്പര്‍/അസിസ്റ്റ് ക്ലച്ചും സംയോജിപ്പിച്ചിരിക്കുന്ന ഈ മോട്ടോര്‍ 50 hp-യില്‍ കൂടുതല്‍ പീക്ക് പവര്‍ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ബോറും അധിക നീളമുള്ള സ്‌ട്രോക്കും ഉള്ള ഈ എഞ്ചിന്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡിന്റെ നിലവിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഹിമാലയന്‍. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട വാഹനമാണിത്. അതുകൊണ്ട് തന്നെയാകും ആദ്യത്തെ 750 സിസി ബൈക്ക് ഹിമാലയന്‍ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചത്. ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല ആഗോള വിപണിയിലും തിളങ്ങാന്‍ ഈ മോഡലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപഭാവിയില്‍ തന്നെ ഉത്പാദനത്തിന് കയറുന്ന മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന.


Click it and Unblock the Notifications








