രാജ്യത്തെ ഏറ്റവും പവര്‍ഫുള്‍ അഡ്വഞ്ചര്‍ ബൈക്ക് ഇങ്ങെത്താറായി! യുത്തന്‍മാരെ കോരിത്തരിപ്പിച്ച് ടീസര്‍
2025 നവംബര്‍ 6 മുതല്‍ 9 വരെ ബൈക്ക് പ്രേമികളുടെ ഉത്സവമായ 2025 EICMA ഇറ്റലിയിലെ മിലാനില്‍ നടക്കാന്‍ പോകുകയാണ്. പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ മികച്ച വേദിയാണ് മിലാന്‍ എക്‌സിബിഷന്‍. ഇപ്പോള്‍ ടൂവീലര്‍ ബ്രാന്‍ഡുകള്‍ ഷോയില്‍ തങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്ന മോഡലുകളുടെ ഹൈപ്പ് ഉയര്‍ത്താന്‍ വേണ്ടി ടീസറുകള്‍ പുറത്തുവിട്ട് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് മിലാനില്‍ വെച്ചാണ് ക്ലാസിക് 650 അവതരിപ്പിക്കുകയും ബെയര്‍ 650, ഇലക്ട്രിക് ഫ്‌ലൈയിംഗ് ഫ്‌ലീ എന്നിവ പുറത്തിറക്കുകയും ചെയ്തത്. ആഗോളതലത്തില്‍ പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കാനും വിപണി പ്രതികരണം വിലയിരുത്താനും ഇത് സഹായിക്കും.
ഐക്കണിക് ബ്രാന്‍ഡ് ഇക്കുറി ചില കിടിലന്‍ മോഡലുകളാണ് 2025 EICMA-യില്‍ അരങ്ങേറ്റത്തിന് എത്തിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനിയാണ് ഹിമാലയന്‍ 750. രാജ്യത്തെ ഏറ്റവും പവര്‍ഫുളായ അഡ്വഞ്ചര്‍ ബൈക്കാവാന്‍ ഒരുങ്ങുന്ന ഹിമാലയന്‍ 750 മോഡലിനായി രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ അവതരണത്തിന് മുന്നോടിയായി കമ്പനി പുത്തന്‍ ബൈക്കിന്റെ ടീസര്‍ പുറത്തുവിട്ടു.

റോയല്‍ എന്‍ഫീല്‍ഡിന്റെ വിപുലീകരണത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഹിമാലയന്‍ 750-ന്റെ അരങ്ങേറ്റം. വലിയ ഡിസ്പ്ലേസ്‌മെന്റും മികച്ച പെര്‍ഫോമന്‍സും ഉറപ്പാക്കുന്ന ഈ മോഡല്‍ റോഡിനും ഓഫ്റോഡ് ട്രാക്കുകള്‍ക്കും ഒരുപോലെ അനുയോജ്യമാണ്. വിദേശത്തും ഇന്ത്യയിലുമായി നിരവധി തവണ പരീക്ഷണയോട്ടങ്ങള്‍ നടത്തിയിട്ടുള്ള ഈ മോഡല്‍ ഉടന്‍ വിപണിയിലെത്തും എന്നതിന്റെ സൂചനകള്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കി കഴിഞ്ഞു. ഹിമാലയന്‍ 750-യുടെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് മിലാനില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് നവംബര്‍ 21 മുതല്‍ 23 വരെ ഗോവയില്‍ നടക്കുന്ന മോട്ടോവേഴ്‌സ് ഫെസ്റ്റിവലിലൂടെ ഇന്ത്യയിലും പ്രദര്‍ശനത്തിനെത്തും. നിലവിലെ ഹിമാലയന്‍ 450-യെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഹിമാലയന്‍ 750 എത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് മോഡലുകളിലേതുപോലെ പരിചിതമായ എല്‍ഇഡി ഹെഡ്ലൈറ്റോടുകൂടിയ ഹാഫ്-ഫെയറിംഗ് ഡിസൈന്‍ ഇതിനുണ്ട്. പുതിയ ട്രെപെസോയിഡല്‍ മിററുകള്‍, ഡ്യുവല്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍, 19-17 ഇഞ്ച് ഫ്രണ്ട്, റിയര്‍ സ്‌പോക്ക് വീലുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
കൂടുതല്‍ ഉയരമുള്ള വിന്‍ഡ്സ്‌ക്രീനും ഹിമാലയന്‍ 450-യില്‍ നിന്ന് കടമെടുത്ത ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നുണ്ട്. നിലവിലെ മോഡലിനേക്കാള്‍ വലിയ ഫ്യുവല്‍ ടാങ്ക് ലഭിക്കുന്നതിനാല്‍ ദൂരയാത്രകളില്‍ അത് ഒരു മുതല്‍ക്കൂട്ടായിരിക്കും. ഒറ്റ അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ് ഇതിന് അഡ്വഞ്ചര്‍ ലുക്ക് നല്‍കുന്നു. കൂടുതല്‍ കരുത്തുറ്റ ബോഡി വര്‍ക്കും മികച്ച വിന്‍ഡ് പ്രൊട്ടക്ഷനും ഹിമാലയന്‍ 750 വാഗ്ദാനം ചെയ്യുന്നു. വിവിധ റൈഡിംഗ് ശൈലികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ബൈക്കിന്റെ രണ്ട് വേരിയന്റുകള്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്.
19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ സ്‌പോക്ക് വീലുകളുള്ള അഡ്വഞ്ചര്‍ വേരിയന്റ് ഓഫ്-റോഡ് പ്രേമികളെ ലക്ഷ്യമിടും. റോഡ്-ബയസ്ഡ് വേരിയന്റില്‍ അലോയ് വീലുകളും മിനിമല്‍ ട്രെഡ് ഉള്ള ടയറുകളും ഉണ്ടാകും. ഇത് മികച്ച ഓണ്‍-റോഡ് പെര്‍ഫോമന്‍സിനും ദീര്‍ഘദൂര യാത്രകള്‍ക്കും അനുയോജ്യമാക്കും. പുതിയ ഹിമാലയന്‍ 750-യുടെ പ്രധാന ആകര്‍ഷണം ഇതിന്റെ പുതിയ ഹൈ-പെര്‍ഫോമന്‍സ് എഞ്ചിനാണ്.
നിലവിലുള്ള കോണ്ടിനെന്റല്‍ GT, ഇന്റര്‍സെപ്റ്റര്‍, ക്ലാസിക് 650 എന്നിവയിലുള്ള 648cc ട്വിന്‍-സിലിണ്ടര്‍ യൂണിറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പുതിയ 750cc പാരലല്‍-ട്വിന്‍ എഞ്ചിന്‍. 50 bhp പവറും 60 Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ സെഗ്‌മെന്റിലെ മറ്റ് ബൈക്കുകളുമായി മത്സരിക്കാന്‍ ഹിമാലയന്‍ 750 മോഡലിനെ പ്രാപ്തമാക്കും.6 സ്പീഡ് ഗിയര്‍ബോക്‌സ് ഹിമാലയന്‍ 450-യേക്കാള്‍ മികച്ച ഹൈവേ, ഓഫ്-റോഡിംഗ് അനുഭവം സമ്മാനിക്കും.
ഡിസ്‌പ്ലേസ്‌മെന്റും പവറും കൂടിയതിനാല്‍ ലോഡഡ് ടൂറിംഗ് സാഹചര്യങ്ങളില്‍ റൈഡ് സുഖകരമാക്കും. പവര്‍ കൂടിയ സാഹചര്യത്തില്‍ പുതിയ ഫ്രെയിമും സബ്‌ഫ്രെയിമുമായിരിക്കും ഈ ബൈക്കില്‍ ഉപയോഗിക്കുക. റിയര്‍ സസ്‌പെന്‍ഷനായി റിമോട്ട് പ്രീലോഡ് അഡ്ജസ്റ്റര്‍ നല്‍കിയിട്ടുണ്ടെന്ന് അടുത്തിടെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ലോഡിനും ഭൂപ്രകൃതിക്കും അനുസരിച്ച് സസ്‌പെന്‍ഷന്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ സഹായിക്കും.

ഹിമാലയന്‍ 450-യില്‍ നിന്ന് കടമെടുത്ത സര്‍ക്കുലര്‍ TFT സ്‌ക്രീന്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ഗൂഗിള്‍ മാപ്സ് നാവിഗേഷന്‍ എന്നിവയും ഇതില്‍ പ്രതീക്ഷിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ 750cc ബൈക്കുകള്‍ക്ക് ഡ്യുവല്‍-ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ടാകും. ഇത് നിലവിലെ 650 മോഡലുകളേക്കാള്‍ മികച്ച ബ്രേക്കിംഗ് പ്രകടനം ഉറപ്പാക്കും. സാരി ഗാര്‍ഡ്, ക്രാഷ് ഗാര്‍ഡുകള്‍, ഫ്യുവല്‍ ടാങ്ക് കേജ് തുടങ്ങിയവയോടുകൂടിയ ടെസ്റ്റിംഗ് നടത്തിയതിനാല്‍ ബൈക്ക് നിര്‍മാണത്തിന് റെഡിയാണെന്ന് നമുക്ക് അനുമാനിക്കാം.
നിലവിലുള്ള ഹിമാലയന്‍ 450-യുടെ പോരായ്മകള്‍ പുത്തന്‍ മോഡലിലൂടെ പരിഹരിക്കാനാകും കമ്പനിയുടെ ശ്രമം. പുതിയ ഹിമാലയന്‍ 750-ക്ക് ഏകദേശം 4.5 ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. കെടിഎം, കവാസാക്കി, ബിഎംഡബ്ല്യു, ട്രയംഫ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള വലിയ ഡിസ്പ്ലേസ്‌മെന്റ് അഡ്വഞ്ചര്‍ ബൈക്കുകളുമായി ഇത് നേരിട്ട് ഏറ്റുമുട്ടും.


Click it and Unblock the Notifications








