ഷോറൂമില്‍ നിന്നിറക്കി നേരെ ഓഫ്‌റോഡ് ട്രിപ്പ് പോകാം! ഹിമാലയന്‍ മനാ ബ്ലാക്ക് എഡിഷന്റെ വില പ്രഖ്യാപിച്ചു
റോയല്‍ എന്‍ഫീല്‍ഡ് ആരാധകരുടെ വാര്‍ഷിക സംഗമമായ മോട്ടോവേഴ്സിന് ഗോവയില്‍ തിരശ്ശീല ഉയര്‍ന്നിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മിലാനില്‍ നടന്ന 2025 EICMA ഷോയില്‍ വെച്ച് കമ്പനി അവതരിപ്പിച്ച പല മോഡലുകളുടെയും വില പ്രഖ്യാപനം ഗോവയില്‍ നടക്കും. ആദ്യ ദിവസമായ വെള്ളിയാഴ്ച (21 നവംബര്‍ 2025) റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഹിമാലയന്‍ ശ്രേണിയില്‍ പുതിയ മനാ ബ്ലാക്ക് എഡിഷന്‍ (Royal Enfield Himalayan Mana Black Edition) അവതരിപ്പിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമുള്ള മനാ പാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മോട്ടോര്‍സൈക്കിളിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശമാണ് മാനാ. ഇന്ത്യയും ടിബറ്റും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം അതി സാഹസികര്‍ക്കു മാത്രം ജീവന്‍ പണയംവെച്ച് എത്തിപ്പെടുവാന്‍ സാധിക്കുന്ന ഇടം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മാന ഗ്രാമത്തില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് മാനാ പാസ് സ്ഥിതി ചെയ്യുന്നത്.

സമുദ്ര നിരപ്പില്‍ നിന്നും 5610 മീറ്റര്‍ അഥവാ 18406 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള രണ്ടാമത്തെയും ലോകത്തിലെ മൂന്നാമത്തെയും മൗണ്ടന്‍ മോട്ടോറബിള്‍ പാസ് ആണിത്. ഈ പരുക്കന്‍ ഭൂപ്രദേശത്തിന്റെ സ്വഭാവവും മലമടക്കുകളിലെ സാഹസികതയും ഹിമാലയന്‍ മനാ ബ്ലാക്ക് എഡിഷന്റെ രൂപകല്‍പ്പനയിലും പുതിയ നിറത്തിലും ഉപകരണങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. മറ്റ് ഹിമാലയന്‍ മോഡലുകളില്‍ നിന്ന് ഇതിനെ വേറിട്ട് നിര്‍ത്തുന്നത് ആകര്‍ഷകമായ ബ്ലാക്ക് ഡിസൈനാണ്.
ബോഡി പാനലുകളിലും മറ്റ് പ്രധാന ഭാഗങ്ങളിലും മാറ്റ് ബ്ലാക്ക് ഫിനിഷ് നല്‍കിയിരിക്കുന്നു. ഇത് ബൈക്കിന് സ്റ്റെല്‍ത്ത് ലുക്ക് നല്‍കുന്നു. കേവലം കോസ്മെറ്റിക് പരിഷ്‌കാരങ്ങള്‍ക്കപ്പുറത്ത് മനാ ബ്ലാക്ക് എഡിഷനില്‍ ഫാക്ടറി ഫിറ്റഡ് അഡ്വഞ്ചര്‍ ആക്സസറികളുണ്ട്. അതിനാല്‍ ഒരാള്‍ക്ക് വേണമെങ്കില്‍ ഷോറൂമില്‍ നിന്നിറങ്ങി നേരെ ഓഫ്-റോഡ് യാത്രകള്‍ക്ക് പോകാം. റോയല്‍ എന്‍ഫീല്‍ഡിന്റെ ഷെര്‍പ്പ 450 എഞ്ചിന്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ അഡ്വഞ്ചര്‍ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

ലോംഗ് ട്രാവല്‍ സസ്പെന്‍ഷന്‍ സെറ്റപ്പോടുകൂടിയ സ്റ്റീല്‍ ട്വിന്‍-സ്പാര്‍ ട്യൂബുലാര്‍ ഫ്രെയിമാണ് ഇതിന്റെ ഷാസി. മുന്‍വശത്ത് 43 mm അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കുകള്‍ 200 mm ട്രാവല്‍ നല്‍കുന്നു. പിന്നില്‍ ലിങ്കേജ്-ടൈപ്പ് മോണോഷോക്കും സമാനമായ മൂവ്മെന്റ് നല്‍കുന്നു. 230 mm ഗ്രൗണ്ട് ക്ലിയറന്‍സും 1510 mm വീല്‍ബേസും ഉള്ള ഈ മോട്ടോര്‍സൈക്കിളിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായി 860 mm സീറ്റ് ഹൈറ്റാണുള്ളത്.
ബ്ലാക്ക് റാലി ഹാന്‍ഡ്-ഗാര്‍ഡുകള്‍, ഡ്യുവല്‍ റാലി സീറ്റ്, ഉയരംകൂടിയ റാലി മഡ്ഗാര്‍ഡ്, വയര്‍-സ്പോക്ക്ഡ് ട്യൂബ്ലെസ് വീലുകള്‍ എന്നിവയാണ് ഇതിലെ പ്രധാന ഹാര്‍ഡ്വെയര്‍ സവിശേഷതകള്‍. 320 mm ഫ്രണ്ട് ഡിസ്‌കും 270 mm റിയര്‍ ഡിസ്‌കും സ്റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് പിന്തുണയുമായുണ്ട്. 21 ഇഞ്ച് ഫ്രണ്ട് 17 ഇഞ്ച് റിയര്‍ വീലുകളിലാണ് മോട്ടോര്‍സൈക്കിള്‍ ഓടുന്നത്.

451.65 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 39.5 PS പവറും 40 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. റൈഡ്-ബൈ-വയര്‍ സംവിധാനമുള്ള ഇലക്ട്രോണിക് ഫ്യുവല്‍ ഇന്‍ജക്ഷനും 6 സ്പീഡ് ഗിയര്‍ബോക്സും സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും ഇതിലുണ്ട്. മലമ്പാതകളിലും ഓഫ്-റോഡ് ട്രാക്കുകളിലും ആവശ്യമായ കരുത്തുറ്റ മിഡ്-റേഞ്ച് പെര്‍ഫോമന്‍സിന് ഊന്നല്‍ നല്‍കിയാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
ഗൂഗിള്‍ മാപ്‌സ് ഉപയോഗിച്ചുള്ള നാവിഗേഷന്‍, റൈഡ് മോഡുകള്‍, മീഡിയ കണ്‍ട്രോള്‍, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന നാല് ഇഞ്ച് റൗണ്ട് ടിഎഫ്ടി ഡിസ്‌പ്ലേ ഇതിന് ലഭിക്കുന്നു. സാധാരണ പതിപ്പിലെ പോലെ സര്‍ക്കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പും ടെയില്‍ ലാമ്പായി പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ഉള്‍പ്പെടുന്ന ഓള്‍-എല്‍ഇഡി ലൈറ്റിംഗും ഈ മോഡലില്‍ ലഭിക്കുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മനാ ബ്ലാക്ക് എഡിഷന്റെ വില 3,37,000 രൂപയാണ്. എക്‌സ്-ഷോറൂം വിലയാണിത്. സ്റ്റാന്‍ഡേര്‍ഡ് ഹിമാലയന്റെ വില 3.05 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് വഴിയും ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഈ മോഡല്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഈ പ്ലാറ്റ്ഫോമുകള്‍ വഴി ടെസ്റ്റ് റൈഡുകളും ഷെഡ്യൂള്‍ ചെയ്യാം.


Click it and Unblock the Notifications








