ബുളളറ്റ് വാങ്ങാൻ ഷോറൂമിൽ പോകണ്ട; വണ്ടിയിനി ഡെലിവറി ബോയ് വീട്ടിൽ കൊണ്ട് തരുമെന്ന് ഫ്ലിപ്‌കാർട്ട്
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ ഒരു വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുന്ന സംവിധാനം നിലവിൽ സാധ്യമല്ല എന്ന സങ്കടം ഇനി മാറും. പ്രായഭേദമന്യെ ഏതൊരാളുടേയും പ്രിയപ്പെട്ട ബ്രാൻഡായ റോയൽ എൻഫീൽഡ് മോഡലുകൾ നിങ്ങൾക്ക് ഇനി ഫ്ലിപ്കാട്ടിലൂടെ വാങ്ങാം. അതും എല്ലാ ജിഎസ്ടി ഇളവും ലഭ്യമാകുന്ന രീതിയിൽ. 350 സിസി സെഗ്മെൻ്റിലെ എല്ലാ മോഡലുകളും ലഭ്യമാകും എന്നാണ് അറിയിച്ചിരക്കുന്നത്. സെപ്റ്റംബർ 22 മുതലാണ് ഈ സംവിധാനം പ്രാബല്യത്തിൽ വരിക എന്നാണ് കമ്പനി ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്.
350 സിസി സെഗ്മെൻ്റിലെ ബുള്ളറ്റ് 350, ക്ലാസിക് 350, ഹണ്ടർ 350, ഗോവാൻ ക്ലാസിക് 350, പുതിയ മെറ്റിയർ 350 എന്നിവയെല്ലാമാണ് ഫ്ലിപ്കാർട്ടിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഉതകുന്ന രീതിയിലുളള പേയ്‌മെന്റ് ഓപ്ഷനുകളും പുതിയ പങ്കാളിത്തത്തിലൂടെ സാധ്യമാകും. ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ എന്നിവയുൾപ്പെടെ അഞ്ച് നഗരങ്ങളിൽ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും.

റോയൽ എൻഫീൽഡിൻ്റെ മറ്റ് പുതിയ വാർത്തകളിലേക്ക് നോക്കിയാൽ തണ്ടർബേഡിന്റെ പകരക്കാരനായി പുതിയ J സീരീസ് പ്ലാറ്റ്ഫോമിൽ പണികഴിപ്പിച്ച റോയൽ എൻഫീൽഡിന്റെ ക്രൂയിസർ മോട്ടോർസൈക്കളായ മീറ്റിയോർ 350 അതിവേഗമാണ് ജനപ്രിയനായി മാറിയത്. ഇപ്പോൾ അടിക്കടി മോഡലിലേക്ക് കാലത്തിനൊത്ത പരിഷ്ക്കാരങ്ങളുമായി കമ്പനി പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഉത്സവ സീസൺ സജീവമായതോടെ ക്രൂയിസർ ബൈക്കിലേക്ക് പുതിയ 2025 മോഡൽ ഇയർ പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.
2025 മീറ്റിയോർ 350 ഫയർബോൾ, സ്റ്റെല്ലാർ, അറോറ, സൂപ്പർനോവ എന്നിങ്ങനെ നാല് വേരിയന്റുകളിൽ ലഭ്യമാകും. ഫയർബോളിന് 1,95,762 രൂപയും സ്റ്റെല്ലാറിന് 1,99,990 രൂപയും അറോറയ്ക്ക് 2,06,290 രൂപയും സൂപ്പർനോവ ബ്ലാക്കിന് 2,15,883 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മീറ്റിയോർ ക്രൂയിസർ മോട്ടോർസൈക്കിളിന്റെ പുത്തൻ മോഡലുകൾക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

ബൈക്കിന്റെ ഡെലിവറികൾ 2025 സെപ്റ്റംബർ 22 മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ റോയൽ എൻഫീൽഡ് മീറ്റിയോറിന്റെ 2025 മോഡൽ നിരയെ വേറിട്ടുനിർത്തുന്നത് പുത്തൻ നിറങ്ങളെയും മറ്റ് ഡീറ്റെയിലിംഗിനേയും ആശ്രയിച്ചാണെന്നതും പ്രത്യേകം പറയാം. സൂപ്പർനോവ വേരിയന്റിൽ ക്രോം ആക്സന്റുകളുള്ള സമകാലിക കളർ ഓപ്ഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം മീറ്റിയോർ 350 അറോറ പൈതൃക നിറങ്ങളോടൊപ്പം വിന്റേജ് ഫീലാണ് സ്വീകരിക്കുന്നത്. അതേസമയം സ്റ്റെല്ലാർ വേരിയന്റ് വളരെ ലളിതമായുള്ള രൂപമാണ് പിന്തുടർന്നിരിക്കുന്നത്. കൂടുതൽ നിറങ്ങളും കൂടുതൽ സ്പോർട്ടിയർ പോലുള്ള ആകർഷണമാണ് ബൈക്കിന്റെ ഫയർബോൾ വേരിയന്റ് മുമ്പോട്ട് കൊണ്ടുപോവുന്നത്. ഈ മാറ്റങ്ങൾ മീറ്റിയോറിനെ പുതുമയുള്ളതാക്കാൻ സഹായിച്ചിട്ടുണ്ട്.

പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുന്നതിന് പുറമെ ഫീച്ചറുകളിലും മാറ്റങ്ങൾ കൊണ്ടുവരാൻ റോയൽ എൻഫീൽഡ് തയാറായിട്ടുണ്ട്. ഫയർബോളിലും സ്റ്റെല്ലാറിലും ഇനി മുതൽ എൽഇഡി ഹെഡ്‌ലാമ്പുകളും ട്രിപ്പർ നാവിഗേഷൻ പോഡും സ്റ്റാൻഡേർഡായി ലഭിക്കും. ഉയർന്ന ട്രിമ്മുകളായ അറോറയും സൂപ്പർനോവക്കും അഡ്‌ജസ്റ്റബിൾ ലിവറുകളോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








