കാര്യങ്ങള്‍ വിചാരിക്കുന്ന അത്ര സിമ്പിളല്ല! 1 വര്‍ഷം കൊണ്ട് സിമ്പിള്‍ വിറ്റത് 1000 ഇ-സ്‌കൂട്ടറുകള്‍
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പാണ് സിമ്പിള്‍ എനര്‍ജി. ഓല ഇലക്ട്രിക്കിനൊപ്പം മാര്‍ക്കറ്റില്‍ പ്രവേശിച്ചവര്‍ ആണെങ്കിലും പല കാരണങ്ങള്‍ കൊണ്ട് സിമ്പിളിന്റെ ആദ്യ ഉല്‍പ്പന്നം യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുത്തു. തമിഴ്‌നാട്ടിലെ ഹൊസൂരില്‍ 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വമ്പന്‍ ഇവി നിര്‍മാണ പ്ലാന്റും സിമ്പിളിനുണ്ട്. എന്നാല്‍ സിമ്പിളിന്റെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ ആരും വിചാരിക്കും പോലെ അത്ര സിമ്പിള്‍ അല്ലെന്ന് മനസിലാകും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സിമ്പിള്‍ എനര്‍ജി നേടിയ വില്‍പ്പനയാണ് ഇത് പറയാന്‍ കാരണം.
2024-2025 സാമ്പത്തിക വര്‍ഷത്തില്‍ സിമ്പിള്‍ എനര്‍ജി തങ്ങളുടെ വണ്‍ ജെന്‍ 1.5, വണ്‍എസ് മോഡലുകളുടെ 1000 യൂണിറ്റ് വിറ്റഴിച്ചതായി ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആകെ 1,800 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റഴിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പനയിലും ഡിമാന്‍ഡിലും കാര്യമായ പുരോഗതിയാണ് കാണാനാകുക.

ഇങ്ങനെ സിമ്പിളായി കാര്യങ്ങള്‍ എടുത്താല്‍ വളര്‍ച്ചയുണ്ടാകില്ലെന്ന തിരിച്ചറിവിലാകാം ഡിമാന്‍ഡ് നിറവേറ്റുന്നതിനായി തങ്ങളുടെ വലിയ ഇവി നിര്‍മാണ് പ്ലാന്റില്‍ ഉത്പാദനം 40 ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ് സിമ്പിള്‍ ഇപ്പോള്‍. 2025 സെപ്റ്റംബറില്‍ ഇന്ത്യയില്‍ ഹെവി റെയര്‍-എര്‍ത്ത് രഹിത മോട്ടോറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഒഇഎമ്മുകളില്‍ ഒന്നായി സിമ്പിള്‍ എനര്‍ജി മാറിയിരുന്നു. ഇറക്കുമതി ചെയ്യുന്ന അപൂര്‍വ ദാതുക്കളെയും മറ്റ് ഘടകങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായിരുന്നു ഇത്.

2025-ന്റെ തുടക്കത്തില്‍ തന്നെ തങ്ങളുടെ ഭാവി പദ്ധതികള്‍ സിമ്പിള്‍ എനര്‍ജി വെളിപ്പെടുത്തിയിരുന്നു. 2026 മാര്‍ച്ചിനുള്ളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 150 ആക്കി ഉയര്‍ത്താനുമായിരുന്നു കമ്പനിയുടെ പദ്ധതികള്‍. ഒരു വര്‍ഷം മുമ്പ് വെറും 10 ഔട്ട്‌ലെറ്റുകളില്‍ നിന്ന് നിലവില്‍ 64 ടച്ച്പോയിന്റുകളുമായി മുന്നേറാന്‍ സിമ്പിളിന് സാധിച്ചിട്ടുണ്ട്.
ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും, വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, സാങ്കേതിക വിദ്യകള്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുകൊണ്ട് 2025-ല്‍ സിമ്പിള്‍ എനര്‍ജി മികച്ച പുരോഗതി കൈവരിച്ചു. റെയര്‍-എര്‍ത്ത് മൂലകങ്ങളുടെ ലഭ്യതയില്‍ ഇവി വിപണി നേരിടുന്ന വെല്ലുവിളികള്‍ക്കിടയിലും ഈ നേട്ടം ശ്രദ്ധേയമാണ്. ഇതോടൊപ്പം പുതിയ ഇലക്ട്രിക് സ്‌കൂട്ടറും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ഇതിന്റെ ഭാഗമായി സമ്പിള്‍ എനര്‍ജി പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈന്‍ ഇന്ത്യയിയില്‍ പേറ്റന്റ് ഫയല്‍ ചെയ്തു.പേറ്റന്റ് ചിത്രങ്ങളില്‍ നിന്ന് സിമ്പിള്‍ പുതുതായി പുറത്തിറക്കാന്‍ പോകുന്നത് ഒരു ഫാമിലി സ്‌കൂട്ടര്‍ ആണെന്ന് വ്യക്തമാണ്. മോഡേണ്‍ ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങുന്ന പുതിയ മോഡലിന് മിനുസമാര്‍ന്ന ബോഡി പാനലുകള്‍, ആകര്‍ഷകമായ എല്‍ഇഡി ഹെഡ്‌ലാമ്പ്, മികച്ച ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍ എന്നിവ ലഭിക്കുന്നു.
ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്‌ലാമ്പ് നസലില്‍ സംയോജിപ്പിച്ചിരിക്കുന്നു.നീളമുള്ളതും എന്നാല്‍ അല്‍പ്പം സ്റ്റെപ്പ് ചെയ്തതുമായ സീറ്റ് ഇതിന് ഉണ്ടായിരിക്കാനാണ് സാധ്യത. ദീര്‍ഘദൂര യാത്രകളില്‍ റൈഡര്‍ക്ക് മികച്ച ഗ്രിപ്പ് നല്‍കാനും ക്ഷീണം കുറയ്ക്കാനും ഇത് സഹായിക്കും. പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കാം നിര്‍മിക്കുക.
വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പായ്ക്ക്, ഇലക്ട്രിക് മോട്ടോര്‍ എന്നിവയടക്കമുള്ള സാങ്കേതിക വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. യുഎസ്ബി ചാര്‍ജിംഗ്, സ്മാര്‍ട്ട്ഫോണ്‍ റിമോട്ട് ആക്സസ്, റിമോട്ട് അലേര്‍ട്ടുകള്‍, ഒടിഎ അപ്‌ഡേറ്റുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ഈ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സിമ്പിളിന്റെ മോഡല്‍ നിരയില്‍ സിമ്പിള്‍ വണിന് താഴെ സ്ഥാനം പിടിക്കാന്‍ പോകുന്ന പുതിയ മോഡല്‍ 2026-ന്റെ പകുതിയോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








