ചാണകത്തിനും പൊന്നുംവിലയാകുമോ? സിഎന്‍ജിയിലും ബയോഗ്യാസിലും ഓടുന്ന സ്‌കൂട്ടര്‍ വരുന്നു
ഇന്ത്യയില്‍ ഇരുചക്ര വാഹന നിര്‍മാതാക്കളും പെട്രോള്‍, ഇലക്ട്രിക് വാഹനങ്ങള്‍ അല്ലാതെ മറ്റ് ബദല്‍ ഇന്ധനങ്ങളുടെ സാധ്യതയും പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതുകൊണ്ടാണ് ടൂവീലര്‍ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ കംപ്രസ്ഡ് നാചുറല്‍ ഗ്യാസില്‍ (സിഎന്‍ജി) പ്രവര്‍ത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ എന്നീ കമ്പനികള്‍ ഇതില്‍ മുന്നിട്ട് നില്‍ക്കുന്നു. ടിവിഎസ് അവരുടെ ആദ്യ സിഎന്‍ജി സ്‌കൂട്ടറായ ജുപ്പിറ്റര്‍ 125 സിഎന്‍ജി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ലോകത്തിലെ ആദ്യത്തെ സിഎന്‍ജി സ്‌കൂട്ടര്‍ ആയിരിക്കും ഇത്. 2026-ഓടെ ഇത് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ ഐസിഇ വിഭാഗത്തില്‍ എന്ന പോലെ തന്നെ സിഎന്‍ജി വിഭാഗത്തിലും ജുപ്പിറ്ററിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സുസുക്കി ആക്‌സസ് രംഗത്തിറങ്ങുകയാണ്. ടിവിഎസ് ജുപ്പിറ്റര്‍ 125 സിഎന്‍ജിക്ക് എതിരാളിയായി സുസുക്കി ആക്‌സസ് സിഎന്‍ജി ഇന്ത്യയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ജപ്പാന്‍ മൊബിലിറ്റി ഷോ 2025-ല്‍ സുസുക്കി അവരുടെ ആക്‌സസ് സിഎന്‍ജി പതിപ്പ് പ്രദര്‍ശിപ്പിച്ചു.

ഇത് ഇന്ത്യയില്‍ ഈ മോഡലിന്റെ അരങ്ങേറ്റത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഈ ആക്‌സസ് മോഡല്‍ സിഎന്‍ജിയില്‍ മാത്രമല്ല കംപ്രസ്ഡ് ബയോമീഥെയ്ന്‍ ഗ്യാസിലും (സിബിജി) പ്രവര്‍ത്തിക്കും. ഡിസൈനിന്റെ കാര്യത്തില്‍ ആക്‌സസ് സിഎന്‍ജി/സിബിജി പെട്രോള്‍ പതിപ്പില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ ഇല്ല. ഹരിത ഇന്ധനങ്ങളെ സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ വര്‍ക്കുകള്‍ നല്‍കിയിരിക്കുന്നതാണ് വ്യത്യാസം.
സുസുക്കി ആക്‌സസ് സിഎന്‍ജി/സിബിജി സ്‌കൂട്ടറില്‍ 6 ലിറ്റര്‍ ഇന്ധന ടാങ്ക് ഉണ്ടാകുമെന്നാണ് ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ടിവിഎസ് ജൂപിറ്റര്‍ 125 സിഎന്‍ജിയുടെ ടാങ്ക് ശേഷി ഏകദേശം 1.4 ലിറ്റര്‍ മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുസുക്കി ആക്‌സസിന്റെ സിഎന്‍ജി ടാങ്ക് സീറ്റിന്റെ അടിയിലായിരിക്കും സ്ഥാപിക്കുക. ഇത് അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സ് നന്നായി കവര്‍ന്നെടുക്കും.
സാധാരണ പെട്രോള്‍ സ്‌കൂട്ടറുകളെ അപേക്ഷിച്ച് മികച്ച മൈലേജാണ് സിഎന്‍ജി സ്‌കൂട്ടറുകളുടെ പ്രധാന സവിശേഷത. സാധാരണ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് ലിറ്ററിന് 45 മുതല്‍ 50 കിലോമീറ്റര്‍ വരെയാണ് മൈലേജ് ലഭിക്കാറുള്ളത്. ടിവിഎസ് ജൂപിറ്റര്‍ 125 സിഎന്‍ജിക്ക് കിലോമീറ്ററിന് 84 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസുക്കി ആക്‌സസ് സിഎന്‍ജിക്കും സമാനമായ മൈലേജ് ലഭിക്കുമെങ്കിലും ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പെട്രോള്‍, സിഎന്‍ജി/സിബിജി ടാങ്ക് ഫുള്ളാക്കിയാല്‍ ഈ മോഡല്‍ ഏകദേശം 170 കിലോമീറ്റര്‍ ഓടുമെന്ന് റഷ്‌ലെയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ടിവിഎസ് ജൂപിറ്റര്‍ 125 സിഎന്‍ജിയെപ്പോലെ പെട്രോളിലും സിഎന്‍ജിയിലും ഓടുന്ന തരത്തില്‍ ബൈ-ഫ്യുവല്‍ ഓപ്ഷനിലായിരിക്കും സുസുക്കി ആക്‌സസ് സിഎന്‍ജിയും വരിക. ഇതിനായി 2 ലിറ്റര്‍ പെട്രോള്‍ ടാങ്കും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ടിവിഎസ് ജൂപിറ്റര്‍ 125 സിഎന്‍ജിക്കും 2 ലിറ്റര്‍ പെട്രോള്‍ ടാങ്കാണുള്ളത്. അതിനാല്‍ സിഎന്‍ജി തീര്‍ന്നാലും പെട്രോളില്‍ ഓടാനാകും. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇപ്പോഴും സിഎന്‍ജി ഫില്ലിംഗ് സ്‌റ്റേഷനുകള്‍ കുറവാണ്. പെട്രോള്‍ ഓപ്ഷന്‍ കൂടി ഉള്ളതിനാല്‍ ഗ്യാസ് തീര്‍ന്ന് വഴിയില്‍ കിടക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും.
സുസുക്കി ആക്‌സസ് സിഎന്‍ജി ഇന്ത്യയില്‍ എത്തുകയാണെങ്കില്‍ ടിവിഎസ് ജൂപിറ്റര്‍ 125 സിഎന്‍ജിക്ക് അത് വലിയ വെല്ലുവിളിയാകും. സുസുക്കി ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന് കാത്തിരുന്നു കാണണം. അത് സംഭവിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തേക്കാം. സുസുക്കി ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളിലോ മാസങ്ങള്‍ക്കുള്ളിലോ വിപണിയിലെത്താന്‍ സാധ്യതയുണ്ട്.
ആക്‌സസ് നിലവില്‍ പെട്രോള്‍ പതിപ്പില്‍ വിപണിയിലുണ്ട്, ഇത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളിലൊന്നാണ്. സിഎന്‍ജി അല്ലെങ്കില്‍ സിബിജി പതിപ്പുകൂടി വരുന്നതോടെ പെട്രോള്‍, ഇലക്ട്രിക്, സിഎന്‍ജി/സിബിജി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പതിപ്പുകളില്‍ ലഭ്യമാകുന്ന സ്‌കൂട്ടറായി ഇത് മാറും. ഇത് ഹോണ്ട ആക്ടിവ പോലുള്ള അതിന്റെ പ്രധാന എതിരാളികള്‍ക്കും വെല്ലുവിളിയാകും. സുസുക്കി ഇപ്പോള്‍ ബദല്‍ ഇന്ധനങ്ങളില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഹൈഡ്രജന്‍ പവേര്‍ഡ് ബര്‍ഗ്മാനും കമ്പനി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








