പെട്രോള്‍ വേണ്ട, ചാര്‍ജ് ചെയ്യേണ്ട കാര്യവുമില്ല! ഹൈഡ്രജനില്‍ ഓടുന്ന സ്‌കൂട്ടറുമായി സുസുക്കി
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വിപണിയില്‍ പ്രിയമേറി വരികയാണ്. ഓരോ മാസവും വിപണിയിലെത്തുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ ഇരുചക്ര വാഹന വിപണിയെ തന്നെ കീഴ്‌മേല്‍ മറിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇരുചക്ര വാഹന ലോകത്ത് ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് സുസുക്കി (Suzuki). ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ബര്‍ഗ്മാന്‍ (Suzuki Burgman) സ്‌കൂട്ടര്‍ വികസിപ്പിക്കുകയാണെന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഇതിനകം പ്രചാരത്തിലുള്ള ബര്‍ഗ്മാന്‍ മാക്‌സി സ്‌റ്റൈല്‍ സ്‌കൂട്ടറിന്റെ പുതിയ പതിപ്പ് പെട്രോളിനോ ബാറ്ററിക്കോ പകരം ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിച്ച് പ്രവര്‍ത്തിക്കും.
അതായത് ഈ ബര്‍ഗ്മാന്‍ സ്‌കൂട്ടറില്‍ പെട്രോള്‍ ഒഴിക്കുകയോ ഇലക്ട്രിക് വാഹനം പോലെ ചാര്‍ജ് ചെയ്യുകയോ ചെയ്യേണ്ട ആവശ്യവുമില്ല എന്നതാണ്. ഹൈഡ്രജന്‍ വാതകത്തില്‍ മാത്രമാണ് സ്‌കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഈ വാഹനത്തിന്റെ വികസനം നിലവില്‍ പുരോഗമിക്കവേ 2025 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സുസുക്കി ഒരു കട്ട്അവേ മോഡല്‍ പ്രദര്‍ശിപ്പിക്കും. അതിനെ കുറിച്ച് വിശദമായി വായിക്കാം.

വര്‍ഷങ്ങളായി സുസുക്കി ചില സെഗ്മെന്റുകളില്‍ വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ പരീക്ഷിച്ചുവരികയാണ്. രസകരമായ റൈഡ് പ്രദാനം ചെയ്യുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരവുമായ നിരവധി മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സുസ്ഥിര വാഹന ശ്രേണി കൊണ്ടുവരാനാണ് ജാപ്പനീസ് കമ്പനി ശ്രമിക്കുന്നത്. സാധാരണ എഞ്ചിനുകളുടെ യഥാര്‍ത്ഥ ശബ്ദവും ആവേശവും നല്‍കുന്നതോടൊപ്പം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടാത്ത ഒരു വാഹനം വികസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ഒരു ഹൈഡ്രജന്‍ എഞ്ചിന്‍ പെട്രോള്‍ എഞ്ചിന് സമാനമാണ്. എന്നാല്‍ ഇന്ധനമായി ഹൈഡ്രജന്‍ വാതകം ഉപയോഗിക്കുന്നു എന്നതിലാണ് വ്യത്യാസം. ഈ ഇന്ധനം കത്തുമ്പോള്‍ കാര്‍ബണിന് പകരം ജലബാഷ്പം മാത്രം പുറത്തുവിടുന്നതിനാല്‍ ഇത് ഒരു സീറോ എമിഷന്‍ വാഹനമായി മാറുന്നു. 2025 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഈ സ്‌കൂട്ടറിന്റെ കട്ട്എവേ മോഡല്‍ അവതരിപ്പിക്കുമെന്ന് സുസുക്കി അറിയിച്ചിട്ടുണ്ട്. എഞ്ചിനും സാങ്കേതികവിദ്യയും പ്രദര്‍ശിപ്പിക്കുന്ന മാതൃകയെയാണ് കട്ട്എവേ മോഡല്‍ എന്ന് വിളിക്കുന്നത്.
അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം ഹൈഡ്രജന്‍ സ്‌കൂട്ടര്‍ എങ്ങനെയായിരിക്കുമെന്നും എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ലോകം കാണുമെന്ന് പ്രതീക്ഷിക്കാം. ഹരിത മൊബിലിറ്റിയില്‍ വര്‍ഷങ്ങളായി സുസുക്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അടുത്തിടെ ഇ-ആക്‌സസ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച സുസുക്കി ഇപ്പോള്‍ ഹൈഡ്രജന്‍ സാങ്കേതികവിദ്യയിലേക്ക് നീങ്ങുകയാണ്. ഇ-ആക്‌സസ് ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ലെങ്കിലും ബര്‍ഗ്മാന്‍ ഹൈഡ്രജന്‍ സ്‌കൂട്ടറിലൂടെ (Suzuki Burgman Hydrogen) കമ്പനി വൈദ്യുത വാഹനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല തങ്ങളുടെ ഭാവി കാഴ്ചപ്പാടെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്.
ഈ ഹൈഡ്രജന്‍ സ്‌കൂട്ടറിന് പെട്രോളിന്റെയോ ബാറ്ററിയുടെയോ പ്രശ്‌നങ്ങളില്ലെന്ന് മാത്രമല്ല മികച്ച റേഞ്ചും വേഗത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യവും നല്‍കുന്നു. കൂടാതെ, ഇത് 100% പരിസ്ഥിതി സൗഹൃദവുമാണ്. ഒപ്പം തന്നെ എഞ്ചിന്‍ ശബ്ദവും മികച്ച പ്രകടനവും നിലനിര്‍ത്താനും സാധിക്കുന്നുവെന്നത് ഒരു പ്ലസാണ്. 'സൈലന്റ്' ആയ ഇവികള്‍ക്ക് പകരം ഡ്രൈവിംഗ് ആവേശം ചോരാതെ ഗ്രീന്‍ മൊബിലിറ്റിയെ പുല്‍കാന്‍ ആഗ്രഹിക്കുന്നവരെ സുസുക്കിയുടെ ഈ മോഡല്‍ ആകര്‍ഷിക്കുമെന്നുറപ്പ്.

ഇന്ത്യയില്‍ ഈ സ്‌കൂട്ടര്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് സുസുക്കി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ വികസന ഘട്ടത്തിലുള്ള ഈ മോഡല്‍ പ്രൊഡക്ഷനിലേക്ക് എത്തിയാല്‍ ഇന്ത്യ പോലുള്ള വിപണിയില്‍ ഉറപ്പായും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തെ ഭരണകൂടവും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യുതി, സിഎന്‍ജി, ഫെ്‌ലക്‌സ് ഫ്യുവല്‍, ഹൈബ്രിഡ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ പ്രത്യേകിച്ചും. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന സുസുക്കി ബര്‍ഗ്മാന്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യ പോലുള്ള വലിയ ഇരുചക്ര വാഹന വിപണിയില്‍ ഇതൊരു വലിയ മാറ്റത്തിന് വഴിയൊരുക്കും.
ഹൈഡ്രജന്‍ പവേര്‍ഡ് സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് വരുന്നത് ഏറെ സ്വാഗതാര്‍ഹമായ കാര്യമാണ്. ഹൈഡ്രജന്‍ നേരിട്ട് വാതകമായി സൂക്ഷിക്കുന്നത് അപകടകരമാണ് എന്നതിനാല്‍ പലര്‍ക്കും ഇതിന്റെ സുരക്ഷയെക്കുറിച്ച് സംശയമുണ്ട്. സ്‌കൂട്ടറിന്റെ വികസനം പൂര്‍ണമാകുന്നതോടെ സുസുക്കി ഈ കാര്യങ്ങളെല്ലാം വിശദീകരിച്ച് ജനങ്ങളുടെ ആശങ്കകള്‍ അകറ്റുമെന്ന് പ്രതീക്ഷിക്കാം. ഈ മാസം അവസാനത്തോടെ ടോക്യോയില്‍ നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ടാകും.


Click it and Unblock the Notifications








