71.33KM വരെ മൈലേജ്, വില 74,044 രൂപ മുതല്‍! ഇന്ത്യയിലെ മികച്ച ഹൈബ്രിഡ് സ്‌കൂട്ടറുകള്‍
ഇന്നത്തെ കാലത്ത് ലിംഗ വ്യത്യാസമില്ലാതെ കുടുംബത്തിലെ എല്ലാവരും ഉപയോഗിക്കുന്ന വാഹനമാണ് സ്‌കൂട്ടര്‍. ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ സ്‌കൂട്ടറുകള്‍ ഇത്രകണ്ട് ജനകീയമാകാനുള്ള കാരണങ്ങളില്‍ ചിലത് ഓടിക്കാനുള്ള എളുപ്പവും പ്രായോഗികതയുമെല്ലാമാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളില്‍ ചിലത് സ്‌കൂട്ടറുകളാണ്. ഇന്ന് ഒരാള്‍ സ്‌കൂട്ടര്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ പല തരത്തിലുള്ള സ്‌കൂട്ടറുകള്‍ മുന്നിലേക്ക് എത്തും. സ്‌കൂട്ടര്‍ വാങ്ങുന്ന അധികമാളുകളും ഇന്ധനക്ഷമത, ഓടിക്കാനുള്ള സുഖം എന്നിവയ്ക്ക് മുന്‍ഗണന കൊടുക്കുന്നതായി കാണാം. പുതിയ ഇരുചക്രവാഹനം വാങ്ങാന്‍ പോകുന്ന വ്യക്തിയും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ടെങ്കിൽ സ്‌കൂട്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് ആണോയെന്ന് ഉറപ്പായും ശ്രദ്ധിക്കണം.
കാറുകളിലെന്ന പോലെ തന്നെ സ്‌കൂട്ടറുകളിലെ മൈല്‍ഡ് ഹൈബ്രിഡ് ടെക്കും വളരെ ജനപ്രിയമാണ്. മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ചില ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മോഡലുകളും ഉടൻ വിപണിയിലെത്താൻ പോകുന്ന ചില മോഡലുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ആ മോഡലുകൾ ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ വായിക്കാം.

യമഹ റേZR 125 ഹൈബ്രിഡ്
ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ ജനകീയമാക്കിയ കമ്പനികളില്‍ ഒന്നാണ് യമഹ. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വിപണിയിലെത്തിക്കുന്ന റേZR 125, മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തിന്റെ അധിക ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് പവര്‍ അസിസ്റ്റ് ഫീച്ചറും ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷനും ഇതില്‍ ഉള്‍പ്പെടുന്നു. യമഹ റേZR 125 Fi ഹൈബ്രിഡിന്റെ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 71.33 കിലോമീറ്ററാണ്.
റൈഡിംഗ് സാഹചര്യങ്ങളെ ആശ്രയിച്ച് യഥാര്‍ത്ഥ മൈലേജ് വ്യത്യാസപ്പെടാം. സിറ്റി റൈഡിംഗ് ശരാശരി ലിറ്ററിന് 58 കിലോമീറ്ററും ഹൈവേ റൈഡിംഗ് ശരാശരി ലിറ്ററിന് 70 കിലോമീറ്ററും വരെ ഇന്ധനക്ഷമത ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 85,974 രൂപ മുതലാണ് യമഹ റേZR 125 ഹൈബ്രിഡ് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്.

യമഹ ഫാസിനോ 125 ഹൈബ്രിഡ്
ഇന്ത്യയില്‍ ഹൈബ്രിഡ് സ്‌കൂട്ടറുകളുടെ മുന്നേറ്റത്തിന് ചൂട്ടുപിടിച്ച് മുന്നില്‍ നില്‍ക്കുന്ന മോഡലുകളില്‍ ഒന്നാണ് യമഹ ഫാസിനോ 125 ഹൈബ്രിഡ്. കുടുംബത്തില്‍ നിന്ന് തന്നെയുള്ള റേZR 125-നെ പോലെ തന്നെ ശക്തമായ 125 സിസി എഞ്ചിനില്‍ ഹൈബ്രിഡ് പവര്‍ അസിസ്റ്റും ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റവും ഇതില്‍ വരുന്നു. ഇത് മികച്ച മൈലേജിനൊപ്പം തല്‍ക്ഷണ പിക്കപ്പും നല്‍കുന്നു.
ലിറ്ററിന് 68.75 കിലോമീറ്റര്‍ ആണ് യമഹ ഫാസിനോ 125 ഹൈബ്രിഡിന്റെ ക്ലെയിംഡ് മൈലേജ്. ARAI സാക്ഷ്യപ്പെടുത്തിയ കണക്കുകള്‍ ആണ് ഇതെങ്കിലും ഉപയോക്തൃ, വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ ഹൈബ്രിഡ് സ്‌കൂട്ടറിന് യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ലിറ്ററിന് 48-50 കിലോമീറ്ററിനടുത്ത് മൈലേജ് ലഭിക്കുമെന്നാണ്. ഈ മോഡലിന്റെ വില 74,044 രൂപ മുതലാണ് തുടങ്ങുന്നത്.

ടിവിഎസ് ജുപ്പിറ്റര്‍ iGO അസിസ്റ്റ്
രാജ്യത്ത് ബെസ്റ്റ് സെല്ലര്‍ സ്‌കൂട്ടറുകളില്‍ ഒന്നായ ടിവിഎസ് ജുപ്പിറ്റര്‍ അടുത്തിടെ അപ്ഡേറ്റിന് വിധേയമായപ്പോള്‍ കൂടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിച്ചു. മൈലേജ് 10 ശതമാനം വരെ മെച്ചപ്പെടുത്തുമെന്ന് കമ്പനി അവകാശപ്പെടുന്ന ടിവിഎസ് iGO അസിസ്റ്റ് സ്റ്റോപ്പ്-ആന്‍ഡ്-ഗോ സിസ്റ്റവുമായാണ് പുതിയ ജുപ്പിറ്റര്‍ വരുന്നത്.
ഇന്ധനക്ഷമതയും പിക്കപ്പും മെച്ചപ്പെടുത്തുന്നതിന് iGO അസിസ്റ്റ് സിസ്റ്റം ഒരു ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ഉയര്‍ന്ന ശേഷിയുള്ള ബാറ്ററിയും ഉപയോഗിക്കുന്നു. ഈ സാങ്കേതികവിദ്യ സിറ്റി റൈഡുകളില്‍ ഇന്ധന ഉപഭോഗവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നു. iGO അസിസ്റ്റോട് കൂടിയ ജുപ്പിറ്ററിന്റെ ക്ലെയിംഡ് മൈലേജ് ലിറ്ററിന് 57 കിലോമീറ്ററാണ്. 72,400 രൂപ മുതലാണ് പുതിയ ടിവിഎസ് ജുപ്പിറ്ററിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
ഹോണ്ട ആക്ടിവ 6G ഹൈബ്രിഡ്
ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്‌കൂട്ടര്‍ ആണ് ഹോണ്ട ആക്ടിവ. ഇന്ത്യയിലെ സ്‌കൂട്ടര്‍ വിഭാഗത്തിലെ കിരീടം വെക്കാത്ത രാജാവായ ആക്ടിവയില്‍ വൈകാതെ ഹൈബ്രിഡ് ടെക് ലഭിക്കുമെന്നാണ് വിവരം. ആക്ടിവയുടെ പുതുക്കിയ പതിപ്പുമായി ഹോണ്ട വളര്‍ന്ന് കൊണ്ടിരിക്കുന്ന മൈല്‍ഡ്-ഹൈബ്രിഡ് സ്‌കൂട്ടര്‍ വിപണിയിലേക്ക് പ്രവേശിക്കുമെന്ന് കരുതുന്നു. 2026 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആക്ടിവ 6G ഹൈബ്രിഡ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ഹീറോ മാസ്ട്രോ എഡ്ജ് XTEC i3S
ഈ പട്ടികയിലെ വരാന്‍ പോകുന്ന മറ്റൊരു മൈല്‍ഡ് ഹൈബ്രിഡ് ഓപ്ഷന്‍ ആണ് ഹീറോ മോട്ടോകോര്‍പ്പിന്റെ i3S സാങ്കേതികവിദ്യ ലഭിക്കുന്ന മാസ്ട്രോ എഡ്ജ് XTEC സ്‌കൂട്ടര്‍. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ശേഷി ഇതിനുണ്ടാകും. ഈ ഹീറോ സ്‌കൂട്ടര്‍ നിലവില്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ വില്‍പ്പനയിലുണ്ട്. ഉടന്‍ തന്നെ സ്‌കൂട്ടര്‍ ഹീറോ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








