പോക്കറ്റ് കീറാത്ത വില; കുടുംബത്തിലെ എല്ലാവര്‍ക്കും പറ്റിയ 5 'ഫണ്‍' സ്‌കൂട്ടറുകള്‍
ഇന്ന് ഒട്ടുമിക്ക കുടുംബങ്ങളിലും ഒരു സ്‌കൂട്ടര്‍ എങ്കിലും നമുക്ക് കാണാന്‍ സാധിക്കും. ഒരു മോട്ടോര്‍സൈക്കിള്‍ വാങ്ങിയാല്‍ ചിലപ്പോള്‍ വീട്ടിലുള്ള സ്ത്രീകള്‍ക്ക് അവ ഓടിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. എന്നാല്‍ ഒരു സ്‌കൂട്ടര്‍ ആണെങ്കില്‍ വീട്ടിലെ എല്ലാവര്‍ക്കും ഓടിക്കാന്‍ സാധിക്കും എന്നതിനാല്‍ അവ കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടതാകുന്നു. എന്നാല്‍ ഒരു ബൈക്ക് ഓടിക്കുന്ന 'ഫണ്‍' സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ കിട്ടില്ലെന്ന് ചിലര്‍ പറയും. എന്നാല്‍ പ്രായോഗികതയ്ക്കൊപ്പം പെര്‍ഫോമന്‍സും സമന്വയിക്കുന്ന ചില സ്‌കൂട്ടറുകള്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകളല്ല മറിച്ച് പെട്രോള്‍ സ്‌കൂട്ടറുകളാണ് നമ്മള്‍ പട്ടികപ്പെടുത്തിയിട്ടുള്ളത്.
ഇതില്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിച്ചതും ഫോറിന്‍ ബ്രാന്‍ഡുകളില്‍ നിന്നുളള സ്‌കൂട്ടറുകളും ഉണ്ട്. നിങ്ങള്‍ ഓടിക്കാന്‍ രസമുള്ള പെര്‍ഫോമന്‍സുള്ള സ്‌കൂട്ടര്‍ പോക്കറ്റ് കീറാത്ത വിലയില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ലേഖനം നിങ്ങള്‍ക്കുള്ളത്. താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ആ 5 ഫണ്‍ സ്‌കൂട്ടറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ടിവിഎസ് എന്‍ടോര്‍ഖ്: 125 സിസി സെഗ്മെന്റിലെ ഏറ്റവും സ്‌പോര്‍ട്ടി സ്‌കൂട്ടറുകളില്‍ ഒന്നായ ടിവിഎസ് എന്‍ടോര്‍ഖിന്റെ വില 86,982 രൂപയില്‍ ആരംഭിക്കുന്നു. ഇതിലെ 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന്‍ 9.3 bhp പവറും 10.6 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 90 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന സ്‌കൂട്ടര്‍ 8.9 സെക്കന്‍ഡിനുള്ളില്‍ 0-60 kmph വേഗത തൊടും.
അപ്രീലിയ SR 160: 1.30 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ വരുന്ന ഇത് പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്ന സ്‌കൂട്ടര്‍ പ്രേമികള്‍ക്ക് പറ്റിയ മോഡല്‍ ആണ്. 11.11 bhp പവറും 13.44 Nm ടോര്‍ക്കും നല്‍കുന്ന 160.03 സിസി എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. മുന്നില്‍ 30 mm ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നു. സ്‌കൂട്ടറിന് 0-60 kmph വേഗത കൈവരിക്കാന്‍ വെറും 7.5 സെക്കന്‍ഡ് മതി.

വെസ്പ: അടുത്തിടെയാണ് പിയാജിയോ 125 സിസി വിഭാഗത്തില്‍ പുതുക്കിയ വെസ്പ പുറത്തിറക്കിയത്. 9.3 bhp പവറും 10.1 Nm ടോര്‍ക്കും നല്‍കുന്ന മോട്ടോറാണ് ഇതിന് ലഭിക്കുന്നത്. ഇതിന് 200 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും 140 mm ഡ്രം ബ്രേക്കും ഉണ്ട്. 770 mm സീറ്റ് ഉയരമുള്ള സ്‌കൂട്ടറിന്റെ ഫ്യുവല്‍ ടാങ്ക് ശേഷി 7.4 ലിറ്റര്‍ ആണ്. 1,32,500 രൂപ മുതല്‍ വില ആരംഭിക്കുന്നു.
ഹീറോ സൂം 160: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയില്‍ നിന്നുള്ള മോഡലിന്റെ വില 1,48,500 രൂപയാണ് (എക്സ്-ഷോറൂം). 14.6 bhp പവറും 14 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 156 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. 14 ഇഞ്ച് വീലുകളില്‍ ഓടുന്ന ഇതിന് 155 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. 787 mm സീറ്റ് ഉയരവുമായി വരുന്ന സ്‌കൂട്ടറിന് 7 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് ലഭിക്കുന്നു.

യമഹ എയ്റോക്സ് 155: മാക്സി സ്‌കൂട്ടര്‍ ശൈലിയിലുള്ള ഈ സ്‌കൂട്ടര്‍ ലുക്ക് കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും ആരെയും ആകര്‍ഷിക്കും. 155 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിൻ 14.7 bhp പവറും 13.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 790 mm സീറ്റ് ഉയരവും 145 mm ഗ്രൗണ്ട് ക്ലിയറന്‍സും 5.5 ലിറ്റര്‍ ഇന്ധന ടാങ്കും ഇതിനുണ്ട്. 1,52,750 രൂപയാണ് യമഹ എയ്റോക്സ് 155 സ്‌കൂട്ടറിന്റെ എക്സ്-ഷോറൂം വില.
തുടക്കത്തില്‍ സൂചിപ്പിച്ച പോലെ വിവിധ വില നിലവാരത്തിലും എഞ്ചിന്‍ ശേഷിയിലുമുള്ള സ്‌കൂട്ടറുകളെ കുറിച്ചാണ് നമ്മള്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ 1 ലക്ഷത്തില്‍ താഴെ വിലയില്‍ കിട്ടുന്നവയും 1.50 ലക്ഷം രൂപയ്ക്കടുത്ത് മുടക്കേണ്ടവയും ഉണ്ട്. ഇതില്‍ നിങ്ങളുടെ ബജറ്റിനും ആവശ്യങ്ങള്‍ക്കും അനുസരിച്ചുള്ള മോഡല്‍ ഏതാണെന്ന് നോക്കിയ ശേഷം ഒരു തീരുമാനം കൈക്കൊള്ളുക. ഉടന്‍ തന്നെ ഒരു സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിടുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








