GST 2.0 വന്നിട്ടും വില കൂട്ടാതിരുന്നത് ഇതിനായിരുന്നല്ലേ..! ബുള്ളറ്റ് എതിരാളിയെ വേണ്ടവർക്ക് മുന്നിൽ 4 ദിവസം
2025 സെപ്റ്റംബര്‍ 22-ന് കേന്ദ്ര സര്‍ക്കാര്‍ ചരക്കുസേവന നികുതി (ജിഎസ്ടി) സ്ലാബുകളില്‍ മാറ്റം വരുത്തിയിരുന്നു. 350സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള മോട്ടോര്‍സൈക്കിളുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചു. അതേസമയം അതിന് മുകളിലോട്ടുള്ള ബൈക്കുകളുടെ നികുതി 40 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. നേരത്തെ 28 ശതമാനം നികുതിയും 3 ശതമാനം സെസും ചേര്‍ത്ത് 31 ശതമാനം നികുതിയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ 350സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് 9 ശതമാനം നികുതി വര്‍ധനവുണ്ടായി.
ഉയര്‍ന്ന ശേഷിയുള്ള ബൈക്കുകള്‍ വില്‍ക്കുന്ന ചില കമ്പനികള്‍ സെപ്റ്റംബറില്‍ തന്നെ വില വര്‍ധനവ് നടപ്പാക്കി. അതേസമയം ഉത്സവകാല ഡിമാന്‍ഡിനെ ബാധിക്കാതിരിക്കാന്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിനെ പോലെ ചില ബ്രാന്‍ഡുകള്‍ വില പരിഷ്‌കാരത്തില്‍ നിന്ന് വിട്ടുനിന്നു. ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാനും അധിക നികുതിഭാരം ഒഴിവാക്കാനും സ്പീഡ് 400, സ്പീഡ് T4 എന്നീ മോഡലുകള്‍ക്ക് പ്രത്യേക ഉത്സവകാല വിലയില്‍ കമ്പനി വിറ്റഴിച്ചിരുന്നു.

ഉത്സവ സീസണും ഇയര്‍ എന്‍ഡ് ആവേശവുമെല്ലാം കഴിയുന്ന സാഹചര്യത്തില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് നികുതി ഭാരത്തിന്റെ ഒരുപങ്ക് ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തീരുമാനിച്ചു. പുതുവര്‍ഷത്തില്‍ തങ്ങളുടെ മുഴുവന്‍ മോഡല്‍ നിരയുടെയും വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്. 2026 ജനുവരി 1 മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും. വില എത്രത്തോളം വര്‍ധിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മുഴുവന്‍ മോഡല്‍ ശ്രേണിയിലുടനീളം വില വര്‍ധിപ്പിക്കും. നിലവിലുള്ള വിലകള്‍ 2025 ഡിസംബര്‍ 31 വരെ മാത്രമേ ലഭ്യമാകൂ.
പുതിയ തീരുമാനം ഉപഭോക്താക്കളുമായും ഡീലര്‍മാരുമായും ദീര്‍ഘകാലം വിശ്വസനീയമായ ബന്ധം നിലനിര്‍ത്താനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അറിയിച്ചു. മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തില്‍ 120 വര്‍ഷത്തിന്റെ പാരമ്പര്യമുള്ള കമ്പനി ഗുണമേന്മ, പെര്‍ഫോമന്‍സ്, റൈഡിംഗ് അനുഭവം എന്നിവയ്ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കിയിരുന്നതെന്നും ചെലവുകള്‍ വര്‍ധിച്ചുവരുന്നതിനൊപ്പം മാറുന്ന ബിസിനസ് സാഹചര്യങ്ങളും വില പരിഷ്‌കരിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതായി കമ്പനി കൂട്ടിച്ചേര്‍ത്തു.

'പ്രീമിയം ഉല്‍പ്പന്നങ്ങളും സര്‍വീസുകളും ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കുന്നതില്‍ ട്രയംഫ് പൂര്‍ണമായ പ്രതിജ്ഞാബദ്ധമാണ്. നിലവിലുള്ള വിലയില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ 2025 ഡിസംബര്‍ മാസം അവസാനിക്കുന്നതിന് മുമ്പ് ബുക്കിംഗും പര്‍ച്ചേസ് പൂര്‍ത്തിയാക്കണം. പഴയ വിലയില്‍ പ്രിയപ്പെട്ട ബൈക്ക് സ്വന്തമാക്കാന്‍ ട്രയംഫ് പ്രേമികള്‍ക്ക് ലഭിക്കുന്ന അവസാന അവസരമാണിത്' ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്രോബൈക്കിംഗ് ഡിവിഷന്‍ പ്രസിഡന്റ് മാണിക് നാംഗിയ പറഞ്ഞു.
പുനര്‍വില്‍പ്പന മൂല്യം നിങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ വില വര്‍ധനവില്‍ നിന്ന് രക്ഷപ്പെടാനായി ഇന്ന് തന്നെ രടായംഫ് ഷോറൂമിലേക്ക് വിട്ടോളൂ. എല്ലാ വര്‍ഷവും ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാറുണ്ട്. അതില്‍ കാര്‍, ബൈക്ക്, ലോറി, ബസ് എന്ന വ്യത്യാസമൊന്നുമില്ല. നിലവില്‍ ട്രയംഫിനെ കൂടാതെ അപ്രീലിയ, ഏഥര്‍ തുടങ്ങിയ ടൂവീലര്‍ ബ്രാന്‍ഡുകളും ജനുവരി മുതല്‍ വില വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

2023-ല്‍ ബജാജ് ഓട്ടോയുമായുള്ള പങ്കാളിത്തത്തിലൂടെ 400 സിസി ശ്രേണിയുമായി മിഡ് കപാസിറ്റി വിഭാഗത്തില്‍ ട്രയംഫ് സാന്നിധ്യം ഉറപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളിലൊന്നായ ഇന്ത്യയില്‍ വില്‍പ്പന വര്‍ധിപ്പിക്കാനായി ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കുന്ന തിരക്കിലാണ് ട്രയംഫ്. 400സിസി ശ്രേണിയെ കൂടാതെ സ്പീഡ് ട്രിപ്പിള്‍, സ്ട്രീറ്റ് ട്രിപ്പിള്‍, ട്രൈഡന്റ്, ഡേടോണ, റോക്കറ്റ് 3, ടൈഗര്‍, ടൈഗര്‍ സ്പോര്‍ട്, ബോണവില്ലെ തുടങ്ങിയ വലിയ ബൈക്കുകളും ട്രയംഫ് ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








