84 കിലോമീറ്ററിന് ചിലവ് വെറും ഒരു രൂപ;ഓട്ടോ എക്സ്പോയിൽ ഞെട്ടിച്ച് ലോകത്തെ ആദ്യ സിഎൻജി സ്കൂട്ടറുമായി ടിവിഎസ്
ഇരുചക്ര വാഹന മേഖലയിലെ കൊമ്പൻമാരാണ് ടിവിഎസ്. രാജ്യത്ത് ഇന്ന് ആരംഭിച്ച ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിൽ ടിവിഎസ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.വിൽപ്പനയിൽ തങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന സ്കൂട്ടറാണ് ജുപ്പീറ്റർ. ടിവിഎസ് ജൂപ്പിറ്ററിൻ്റെ സിഎൻജി മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ്. ഒരു കൺസെപ്റ്റ് എന്ന നിലയിലാണ് ഇപ്പോൾ ഈ സ്കൂട്ടർ പ്രദർശിപ്പിച്ചിരിക്കുന്നതെങ്കിലും, ലോകത്തിലെ ആദ്യത്തെ സിഎൻജി സ്കൂട്ടറാണിതെന്നതാണ് ഇതിൻ്റെ പ്രത്യേകത. 1.4 കിലോഗ്രാം ആണ് സ്കൂട്ടറിൻ്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.
ടിവിഎസ് ടാങ്ക് ഒരു പ്ലാസ്റ്റിക് പാനൽ കൊണ്ട് കവർ ചെയ്തിരിക്കുന്നത് കാണാം. പ്രഷർ ഗേജ് കാണിക്കുന്നതിന് വേണ്ടി ഒരു ഐലെറ്റും അതിനു ചുറ്റും ഒരു ഫില്ലർ നോസലും ഉണ്ട്. ഒരു കിലോ സിഎൻജിയിൽ ജൂപ്പിറ്റർ സിഎൻജിക്ക് 84 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. ഇതിനോടൊപ്പം തന്നെ സ്കൂട്ടറിൽ ഫ്ലോർബോർഡ് ഘടിപ്പിച്ച, 2 ലിറ്റർ പെട്രോൾ ടാങ്കും ലഭിക്കുന്നുണ്ട്.

ജൂപ്പിറ്റർ 125 ICE സ്കൂട്ടറിൽ ഉള്ളതിന് സമാനമായി, മുൻവശത്തെ ആപ്രോൺ ഏരിയയിലാണ് ഫില്ലർ നോസൽ സ്ഥിതി ചെയ്യുന്നത്. 226 കിലോമീറ്റർ മൊത്തം റേഞ്ച് (CNG+പെട്രോൾ) ടിവിഎസ് അവകാശപ്പെടുന്നു. 6,000 rpm-ൽ 7.1 bhp ഉം 5,500 rpm-ൽ 9.4 Nm ഉം ഉത്പാദിപ്പിക്കുന്ന 124.8 സിസി, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ജൂപ്പിറ്റർ സിഎൻജിക്ക് കരുത്ത് പകരുന്നത്. സ്കൂട്ടറിന് 80 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ടിവിഎസിൻ്റെ അവകാശവാദം.
സ്കൂട്ടറിന്റെ ബാക്കി ഭാഗങ്ങൾ പെട്രോൾ പവർ ഉള്ള ജൂപ്പിറ്റർ 125 ന് സമാനമാണ് എന്നത് കൊണ്ട് തന്നെ വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും വന്നിട്ടില്ല. സിഎൻജിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറിന്റെ ഏകദേശം 1,000 യൂണിറ്റ് വിൽപ്പനയാണ് പ്രതിമാസം കമ്പനി ലക്ഷ്യമിടുന്നത്. ഫാമിലി സ്‌കൂട്ടറിന്റെ ഗെറ്റപ്പിനൊപ്പം നല്ല മൈലേജും, അതിനൊത്ത പെർഫോമൻസും പ്രായോഗികതയും ഫീച്ചറുകളും എല്ലാം നിറഞ്ഞതാണ് ഈ മോഡൽ.
ഭാവിയിൽ ജുപ്പിറ്ററിനെ ഇവിയാക്കാനുള്ള തന്ത്രം മനസിൽ വെച്ചുകൊണ്ടാണ് പുതിയ ജൂപ്പിറ്റർ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആയതിനാൽ ഫ്യുവൽ ടാങ്ക് ഫ്ലോർബോർഡിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ബാറ്ററികൾക്കായി അതേ സ്ഥാനം ഉപയോഗിക്കാൻ കമ്പനിയെ അനുവദിക്കും. നിലവിലുള്ള 110 സിസി, 125 സിസി എഞ്ചിനുകൾ ഘടിപ്പിച്ചിരിക്കുന്നിടത്ത് ഇലക്ട്രിക് എഞ്ചിനായിരിക്കും പകരം പ്രവർത്തിക്കുക.
ഒരു ദശാബ്ദക്കാലം മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയതിന് ശേഷം ടിവിഎസ് ജുപ്പിറ്റർ ഇപ്പോൾ 71 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. സിഎൻജിയിലേക്കും ഇലക്ട്രിക്കിലേക്കും സ്‍കൂട്ടർ മാറുന്നതോടെ കമ്പനിയുടേയും മോഡലിന്റെയും ഇമേജ് തന്നെ മാറും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്കൂട്ടർ നിർമാതാക്കൾ എന്ന നിലയിൽ നിന്നും ഹോണ്ടയെ വെട്ടിച്ച് ഒന്നാമതെത്താൻ പരിശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.
2024 -ൽ 110 സിസി എഞ്ചിൻ ജുപ്പീറ്റർ പുതിയ മോഡൽ അവതരിപ്പിച്ചിരുന്നു. 2024 ജൂപ്പിറ്റർ 110 -ൻ്റെ രൂപകൽപ്പന ജൂപ്പിറ്റർ 125 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് നിസംശയം പറയാം. ഇത് ഇപ്പോൾ മുന്നിലും പിന്നിലും വലിയ LED DRL -കൾ, ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകൾ, ഷാർപ്പ് ബോഡി പാനലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ പുത്തൻ ഘടകങ്ങൾ 110 സിസി വിഭാഗത്തിലെ ഏറ്റവും സ്റ്റൈലിഷ് സ്കൂട്ടറുകളിൽ ഒന്നായി ഇതിനെ മാറ്റുന്നു.
ജൂപ്പിറ്റർ 110 -ലെ പുതിയ 113 സിസി എഞ്ചിൻ ജൂപ്പിറ്റർ 125 -ൻ്റെ മോട്ടോറിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് എന്നതാണ് വാസ്തവം. ഈ എഞ്ചിൻ 8.0 bhp മാക്സ് പവറും, 9.8 Nm പീക്ക് ടോർക്കും നൽകുന്നു. മുൻ തലമുറ മോഡലിനേക്കാൾ നേരിയ വർധനവാണിത്. 'iGO അസിസ്റ്റ്' മൈക്രോ -ഹൈബ്രിഡ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയതാണ് പെർഫോമെൻസ് ബൂസ്റ്റിനു പിന്നിലെ ഭാഗികമായി കാരണം, ആവശ്യമുള്ളപ്പോൾ എക്സ്ട്ര പവർ നൽകുന്ന ഒരു സെഗ്‌മെൻ്റ്-ഫസ്റ്റ് സവിശേഷതയാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








